Wednesday, 22 January 2025

"കോവിഡിനൊപ്പം ജീവിതം ചിട്ടപ്പെടുത്തുക..." കോവിഡ് പോസിറ്റീവായവർ സെൽഫ് ഐസൊലേറ്റ് ചെയ്യണമെന്ന നിയമം  ഇംഗ്ലണ്ടിൽ അടുത്തയാഴ്ച അവസാനിക്കും.

കോവിഡ് പോസിറ്റീവായവർ സെൽഫ് ഐസൊലേറ്റ് ചെയ്യണമെന്ന നിയമം  ഇംഗ്ലണ്ടിൽ അടുത്തയാഴ്ച അവസാനിപ്പിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച ഇക്കാര്യം പാർലമെൻ്റിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. കോവിഡിനൊപ്പം ജീവിതം ചിട്ടപ്പെടുത്തുക എന്ന നയമാണ് ഗവൺമെൻ്റ് മുന്നോട്ട് വയ്ക്കുന്നത്. കോവിഡ് ടെസ്റ്റിംഗ്, വാക്സിനേഷൻ, പുതിയ ട്രീറ്റുമെൻ്റുകൾ എന്നിവ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് ആവശ്യമായ രീതിയിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് ബോറിസ് എം.പിമാരെ അറിയിക്കും.

ലാറ്ററൽ ഫ്ളോ ടെസ്റ്റുകൾ സൗജന്യമായി ചെയ്യുന്നതും ഇംഗ്ലണ്ടിൽ നിർത്തലാക്കിയേക്കും. ഇക്കാര്യം ഗവൺമെൻറ് റിവ്യൂ ചെയ്തു വരികയാണ്. ക്രമേണ കോവിഡ് ടെസ്റ്റിംഗും ട്രേസിംഗ് സിസ്റ്റവും അവസാനിപ്പിക്കും. സൗജന്യമായി നൽകുന്ന പി സി ആർ ടെസ്റ്റുകളുടെ എണ്ണത്തിലും വൻ കുറവ് വരുത്തും. പ്രായാധിക്യമുള്ളവർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കുമായി ഇത് പരിമിതപ്പെടുത്തും. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് വ്യക്തമാക്കി. യുകെയിൽ കോവിഡ് ട്രിപ്പിൾ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 37.7 മില്യണിലെത്തി. നിലവിലെ കൊറോണാ നിയന്ത്രണങ്ങൾ ഫെബ്രുവരി 24 ന് അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊറോണ പോസിറ്റീവായവർ ജോലിക്ക് പോകുന്നത് പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

Other News