Thursday, 07 November 2024

എൻഎച്ച്എസിൽ ഇനി സാധാരണ ഡെലിവറി പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് പുതിയ നയം. സിസേറിയനുള്ള നിരക്കിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയില്ല.

എൻഎച്ച്എസിൽ സാധാരണ ഡെലിവറിയ്ക്ക് സിസേറിയനേക്കാൾ മുൻഗണന നല്കേണ്ടതില്ലെന്ന പുതിയ നയം നടപ്പിലാക്കും. സിസേറിയൻ ഡെലിവറികൾ ഇത്ര എണ്ണമേ ആകാവൂ എന്നുള്ള നിയന്ത്രണം ഇനിയുണ്ടാവില്ല. അമ്മയുടെയും കുഞ്ഞിൻ്റെയും കൂടുതൽ മെച്ചപ്പെട്ട കെയറിന് സിസേറിയൻ ഡെലിവറികൾ സഹായിക്കുമെന്ന നിഗമനത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കൂടുതൽ സുരക്ഷിതമായിരുന്നിട്ടും, സിസേറിയൻ നിരക്ക് താഴ്ത്തി നിറുത്താൻ വേണ്ടിയുള്ള ശ്രമങ്ങളെത്തുടർന്ന് പല സ്ത്രീകളും സാധാരണ ഡെലിവറി തിരഞ്ഞെടുക്കാൻ നിർബന്ധിതരായി എന്നാണ് പുതിയ കണ്ടെത്തൽ.

സിസേറിയൻ നിരക്ക് 20 ശതമാനത്തിൽ നിലനിർത്തണമെന്നായിരുന്നു 2012 ൽ റോയൽ കോളജ് ഓഫ് ഒബ്സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുകളും എൻഎച്ച് എസിന് ശുപാർശ നല്കിയിരുന്നത്. മറ്റേണിറ്റി യൂണിറ്റുകളുടെ പെർഫോർമൻസ് മാനേജ്മെൻ്റിൻ്റെ അടിസ്ഥാന ഘടകമായി സിസേറിയൻ സെക്ഷനുകളുടെ നിരക്ക് എടുക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കണമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ ചീഫ് മിഡ് വൈഫായ ജാക്വിലിൻ ഡങ്ക്ലി-ബെൻ്റ് നിർദ്ദേശം നല്കിയിട്ടുണ്ട്.

സാധാരണ ഡെലിവറികൾ കൂടുതലായി നടന്ന ചില എൻഎച്ച്എസ് ട്രസ്റ്റുകളിൽ നവജാത ശിശുക്കളുടെ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഷ്രൂസ് ബറി ആൻഡ് ടെൽ ഫോർഡ് എൻഎച്ച്എസ് ഹോസ്പിറ്റൽ എൻഎച്ച് എസ് ചരിത്രത്തിലേ തന്നെ ഏറ്റവും വലിയ മറ്റേണിറ്റി സ്കാൻഡലിൻ്റെ ഭാഗമായിരുന്നു. 2010 -2018 കാലയളവിൽ ഈ ട്രസ്റ്റിൻ്റെ മറ്റേണിറ്റി യൂണിറ്റുകളിൽ കെയർ സംബന്ധമായ 1862 പരാതികളാണ് ഉണ്ടായത്. ഡസൻ കണക്കിന് ശിശുമരണങ്ങളും സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് അടുത്ത മാസം പ്രസിദ്ധീകരിക്കും.

സിസേറിയനും സാധാരണ ഡെലിവറിയ്ക്കും അതിൻ്റേതായ മേന്മകളും ദോഷങ്ങളുമുണ്ടെന്ന് റോയൽ കോളജ് ഓഫ് ഗൈനക്കോളജിസ്റ്റിൻ്റെ വൈസ് പ്രസിഡൻ്റായ ഡോ. ജോ മൗണ്ട്ഫീൽഡ് പറഞ്ഞു. ഇക്കാര്യം ഗർഭിണികളുമായി പങ്കുവെച്ചതിനു ശേഷം, ഡെലിവറി ഏതു രീതിയിലായിരിക്കണമെന്ന് തീരുമാനിക്കാൻ ഉള്ള അവസരം നൽകണമെന്ന് അവർ നിർദ്ദേശിച്ചു.

To get 24 X 7 `Malayalam Times` news updates please use, add to Home screen option on your mobile

Other News