യുകെയിൽ സന്യാസിമാർ ഉണ്ടാക്കുന്ന ബിയർ ലോകപ്രശസ്തം.
Premier News Desk
യുകെയിലെ ലെസ്റ്റർഷയറിൽ ആശ്രമവാസികളായ സന്യാസികൾ ഉത്പാദിപ്പിക്കുന്ന ബിയറിന് വൻ ഡിമാൻഡ്. കോൾവില്ലിലുള്ള സെൻറ് ബെർനാഡറ്റ് ആബേയിലാണ് ട്രാപ്പിസ്റ്റ് എന്ന ബ്രാൻഡിൽ അറിയപ്പെടുന്ന റ്റിൻറ് മെഡോ എന്നു പേരിട്ടിരിക്കുന്ന ബിയർ നിർമ്മിക്കുന്നത്. ഒരു വർഷം മുമ്പ് ഉത്പാദനം ആരംഭിച്ചതിനുശേഷം 30,000 ബോട്ടിൽ ബിയർ വിറ്റഴിച്ചു. ലോകമെമ്പാടും നിന്ന് ലഭിക്കുന്ന ഓർഡറിനനുസരിച്ച് സപ്ളൈ ചെയ്യാൻ ആശ്രമത്തിന് സാധിക്കാത്ത സ്ഥിതിയാണ്.
ട്രാപ്പിസ്റ്റ് ബ്രാൻഡിലുള്ള ബിയർ നിർമ്മിക്കാൻ അനുമതിയുള്ള ലോകത്തെ 14 ബ്രൂവറികളിൽ ഒന്നാണിത്. വില്പനയിൽ നിന്നുള്ള ലാഭം ആശ്രമത്തിന്റെ നടത്തിപ്പിനാണ് ഉപയോഗിക്കുന്നത്. ആബേയിലെ ഷോപ്പിലും ലോക്കൽ മാർക്കറ്റിലും ബിയർ വിൽക്കുന്നുണ്ട്. ആശ്രമത്തിലെ സന്യാസിമാരുടെ മേൽനോട്ടത്തിൽ മാത്രമേ ബിയർ നിർമ്മിക്കാൻ അനുമതിയുള്ളൂ. ആശ്രമത്തിലെ സന്യാസികൾ ഈ ബിയർ ഞായറാഴ്ചകളിൽ പാനീയമായി ഉപയോഗിക്കാറുണ്ട്. ബിയർ നിർമ്മാണത്തിന് സന്യാസത്തേക്കാൾ പ്രാധാന്യം നല്കാൻ പാടില്ലെന്നും ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള ഉത്പാദനമായിരിക്കരുതെന്നും ബിയർ പ്രൊഡക്ഷൻ നിയന്ത്രിക്കുന്ന ഇന്റർനാഷണൽ ട്രാപ്പിസ്റ്റ് അസോസിയേഷൻ നിർദ്ദേശിക്കുന്നു.