Monday, 23 December 2024

Life in UK awareness campaign – 2 'യുക്കെ നാഷണൽ ഇൻഷുറൻസ്'. എന്താണ് നാഷണൽ ഇൻഷുറൻസ്?

ഒരുതരത്തിൽ പറഞ്ഞാല്‍ നിങ്ങളുടെ ശമ്പളത്തില്‍ നിന്ന് ഗവണ്മെന്റ് പിടിക്കുന്ന ടാക്സ് എന്ന് തന്നെ പറയാം. 1911-ൽ കൊണ്ടുവന്ന സാമൂഹിക സുരക്ഷാ നികുതിയുടെആധുനിക രൂപമാണ് നാഷണൽ ഇൻഷുറൻസ്.   കുറഞ്ഞ വരുമാനമുള്ള അല്ലെങ്കില്‍ ജീവിത ബുദ്ധിമുട്ടുള്ള സമയങ്ങളിൽ തൊഴിലാളികൾക്ക് സർക്കാർ സുരക്ഷ ഒരുക്കുക എന്നതായിരുന്നു അന്നത്തെ ആശയം. വേറൊരു തരത്തില്‍ പറഞ്ഞാല്‍ സാധാരണ പൌരനായി ജീവിക്കാനുള്ള അവകാശങ്ങള്‍ ഇല്ലാത്തവരെ സംരക്ഷിക്കുവാനുള്ള സര്‍ക്കാര്‍ പദ്ധതിയായിരുന്നു ഇത് . ജീവനക്കാർ അവരുടെ വേതനത്തിൽ നിന്നാണ് ഈ പദ്ധതിയിലേക്ക് പണം നൽകിയത്. ഒപ്പം അവരുടെ റിട്ടയര്‍മെന്റ് കാലത്തുള്ള സുരക്ഷാവല ഒരുക്കുക എന്നതും ഉണ്ടായിരുന്നു. പിന്നീട് പല കാതലായ മാറ്റങ്ങളും ഇതില്‍ കൊണ്ടുവരുകയുണ്ടായി.

യുകെയിൽ ജോലി ചെയ്യുന്നവരുടെ പേസ്ലിപ്പിലെ നാഷണൽ ഇൻഷുറൻസ് deductions ഭൂരിഭാഗം ജനങ്ങളും വിചാരിച്ചിരിക്കുന്നത് NHS ലേക്ക് മാത്രമാണ് പോകുന്നതെന്നാണ്. എന്നാല്‍ അങ്ങനെയല്ല . NHSലേക്കും അതോടൊപ്പം തന്നെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ദശലക്ഷക്കണക്കിന് ആളുകളെ പിന്തുണയ്ക്കുന്ന യുക്കെയിലെ ആനുകൂല്യ സംവിധാനത്തിന് (benefitssystem) ഫണ്ട് ചെയ്യാനും ഈ പണം ഉപയോഗിക്കുന്നു. യുക്കെയിലെ Tax Authority -യാണ്, HMRC (Her Majesty's Revenue and Customs) ഇതെല്ലാം കൈകാര്യം ചെയ്യുന്നത്.

എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്?

അക്കങ്ങളും അക്ഷരങ്ങളും ഉൾപ്പെട്ടതാണ് നാഷണൽ ഇൻഷുറൻസ് നമ്പർ. പേ-സ്ളിപ്പ്,P60 എന്നിവയിൽ ഈ നമ്പർ പ്രിൻറ് ചെയ്തിരിക്കും. എംപ്ളോയർ, HM റവന്യൂ ആൻഡ് കസ്റ്റംസ്, വർക്ക് ആൻഡ് പെൻഷൻ ഡിപ്പാർട്ട്മെൻറ്, ലോക്കൽ കൗൺസിൽ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ, സ്റ്റുഡൻറ് ലോൺ കമ്പനി, പെൻഷൻ പ്രൊവൈഡർ, ഇൻഡിവിഡ്വൽ സേവിംഗ്സ് അക്കൗണ്ട് പ്രൊവൈഡർ, ഫൈനാൻഷ്യൽ സർവീസ് പ്രൊവൈഡർമാർ എന്നിവർ നാഷണൽ ഇൻഷുറൻസ് നമ്പർ ഉപയോഗിച്ചാണ് ഓരോവ്യക്തികളുമായി ബന്ധപ്പെട്ട സാമ്പത്തിക വിശകലനം നടത്തുന്നത്.

പതിനാറു വയസിൽ കൂടുതൽ പ്രായമുള്ള ഒരു വ്യക്തി, ഒരു ആഴ്ചയിൽ £184 പൗണ്ടിൽ കൂടുതൽ സമ്പാദിക്കുകയോ അതല്ലങ്കിൽ വർഷത്തിൽ £6515 പൗണ്ടിൽ കൂടുതൽ ലാഭമുണ്ടാക്കുന്ന Self Employed ബിസിനസ് നടത്തുകയോ ചെയ്യുകയാണെങ്കിൽ നാഷണൽ ഇൻഷുറൻസ് അടയ്ക്കണം. ഒരാളുടെ എംപ്ളോയിമെന്റ് സ്റ്റാറ്റസ്, എത്രമാത്രം വരുമാനമുണ്ട്, നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷനിൽ വന്നിട്ടുള്ള ബ്രെക്ക് പീരിയഡ് എന്നിവയനുസരിച്ചാണ് അടയ്ക്കേണ്ട തുക നിശ്ചയിക്കപ്പെടുന്നത്. സ്റ്റേറ്റ് പെൻഷനും മറ്റു ബെനഫിറ്റുകൾക്കും യോഗ്യത നേടാൻ നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷൻ ആവശ്യമാണ്. നിങ്ങൾ സംസ്ഥാന പെൻഷൻ പ്രായത്തിൽ എത്തിക്കഴിഞ്ഞാൽ നാഷണൽ ഇൻഷുറൻസ് അടയ്‌ക്കേണ്ടതില്ല. സംസ്ഥാന പെൻഷൻ പ്രായം നിലവിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും 66 വയസ്സാണ്, എന്നാൽ 2026 മെയ് മുതൽ വീണ്ടും വർദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു.

നാഷണൽ ഇൻഷുറൻസ് തരം തിരിച്ചിരിക്കുന്ന വിഭാഗങ്ങള്‍ ഏതൊക്കെയാണ്?

Class 1 ആഴ്ചയിൽ £184 പൗണ്ടിൽ കൂടുതൽ സമ്പാദിക്കുന്ന സ്റ്റേറ്റ് പെൻഷൻ പ്രായത്തിന് താഴെയുള്ളവർ ഈ വിഭാഗത്തില്‍ വരുന്നു.

Class 1A or 1B -യിൽ ഉള്ളവരുടെ കോൺട്രിബ്യൂഷൻ തൊഴിലുടമകൾ അടയ്ക്കുന്നു.

Class 2 - വർഷം £6515 പൗണ്ടിലേറെ വരുമാനമുള്ള Self Employed ആയ ആളുകളാണ് Class 2 -ൽ വരുന്നത്. ഇതില്‍ കുറവാണ് വരുമാനം എങ്കിൽ 'Gap' ഒഴിവാക്കുന്നതിനായി വോളൻററി കോൺട്രിബ്യൂഷൻ ചെയ്യാവുന്നതാണ്.

എന്താണ് National Insurance Gap?

ജോലി ചെയ്‌തെങ്കിലും വരുമാനം കുറവായിരിക്കുക, തൊഴിൽരഹിതരും ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാത്തവരും, സ്വയം തൊഴിൽ ചെയ്തെങ്കിലും ചെറിയ ലാഭം കാരണം സംഭാവനകൾ നല്‍കാന്‍ പറ്റാതിരിക്കുക, യുക്കെയ്ക്ക് പുറത്ത് താമസിക്കുന്നവരോ ജോലി ചെയ്യുന്നവരോ. ഇങ്ങനെയുള്ളവര്‍ക്ക് Gap മൂലം ആനുകൂല്യങ്ങൾ ലഭിക്കുന്ന 'യോഗ്യതയുള്ള വർഷങ്ങൾ' (qualifying years) നഷ്ടമാകുന്നു. ഇതിനെ മറികടക്കുന്നതിനാണ് Voluntary Contributions. 10 വർഷമാണ് 'യോഗ്യതയുള്ള വർഷങ്ങൾ' ആയി കണക്കാക്കുന്നത്. സംസ്ഥാന പെൻഷൻ ലഭിക്കുന്നതിന് സാധാരണയായി നാഷണൽ ഇൻഷുറൻസ് റെക്കോർഡിൽ കുറഞ്ഞത് 10 യോഗ്യതാ വർഷമെങ്കിലും വേണ്ടിവരും. ഈ 10 വർഷങ്ങൾ തുടർച്ചയായിരിക്കണമെന്നില്ല.

Class 3 - ഗ്യാപ് ഒഴിവാക്കുന്നതിനായി Voluntary Contributions നടത്തുന്നവർ ഇതിൽ വരുന്നു.

Class 4 - വർഷം £9569 വരുമാനമുള്ള Self Employed ആയ ആളുകളാണ് ഈ ക്ലാസിൽ വരുന്നത്.

2021- 22 ലെ നിരക്കനുസരിച്ച് വാർഷിക വരുമാനം £9569 പൗണ്ടിൽ താഴെയാണെങ്കിൽ നാഷണൽ ഇൻഷുറൻസ് അടയ്ക്കേണ്ടതില്ല.

£9568 - £50,270 നും ഇടയ്ക്കാണ് വാർഷിക വരുമാനമെങ്കിൽ 12% നാഷണൽ ഇൻഷുറൻസ് നല്കണം.

50,270 പൗണ്ടിനു മുകളിലാണ് വരുമാനമെങ്കില്‍ 12% ഒപ്പം വരുമാനത്തിൻ്റെ 2% കൂടി നൽകണം.

അറിയേണ്ടവ ....

ക്ലാസ് 1,2,3 കോൺട്രിബ്യൂഷൻ വഴി Basic State Pension, Additional State Pension, New State Pension, Contribution-based Jobseeker’s Allowance, Contribution-based Employment and Support Allowance, Maternity Allowance, Bereavement Support Payment എന്നിങ്ങനെയുള്ള പല ബെനഫിറ്റുകൾക്കും യോഗ്യത നേടാവുന്നതാണ്.

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം 2022 ഏപ്രിൽ 6 മുതൽ 2023 ഏപ്രിൽ 5 വരെയുള്ള ദേശീയ ഇൻഷുറൻസ് സംഭാവനകൾ 1.25% വർദ്ധിക്കും.

നിങ്ങളുടെ ജീവിത സാഹചര്യത്തിൽ മാറ്റം വരികയാണെങ്കില്‍ HMRC യിൽ അറിയിക്കേണ്ടതാണ്. ഉദാഹരണത്തിന് നിങ്ങളുടെ വ്യക്തിഗത വിശദാംശങ്ങൾ മാറ്റുക, ഉദാഹരണത്തിന് നിങ്ങളുടെ പേര്, വിലാസം അല്ലെങ്കിൽ വൈവാഹിക നില എന്നിവ.

നാഷണൽ ഇൻഷുറൻസ് നമ്പർ ഇല്ലാതെ ജോലി ചെയ്യുന്നതിന് തടസ്സമില്ല എന്നാല്‍ നാഷണൽ ഇൻഷുറൻസ് വിഹിതം കൊടുക്കാതെ ജോലിചെയ്യുന്നത് നിയമവിരുദ്ധമാണ്.

ഇതിലെ പ്രസക്ത ഭാഗങ്ങള്‍ പങ്കുവെച്ചിരിക്കുന്നത് ബിനോയ്‌ ജോസഫാണ്..

Other News