Wednesday, 22 January 2025

ബിഷപ്പ് ഫാ.സാജു മുതലാളിയ്ക്ക് യുക്മയുടെ ആദരം; യുക്മ ദേശീയ കലാമേള - 2021 ന് നെടുമുടി വേണു നഗറിൽ ഉജ്ജ്വല പരിസമാപ്തി; വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

അലക്സ് വർഗ്ഗീസ് , (യുക്മ നാഷണൽ ജനറൽ സെക്രട്ടറി)

പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് കൊടിയിറങ്ങി. ബർമിംങ്ഹാമിലെ നെടുമുടി വേണു നഗറിൽ ലഫ്ബറോ ബിഷപ്പ് ഫാ സാജു മുതലാളി മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടത്തിയ ഹൃദ്യമായ പ്രസംഗത്തിൽ ജന്മനാടിനെയും മറ്റും പരാമർശിച്ച് അദ്ദേഹം സദസ്സിനെ കൈയ്യിലെടുത്തു. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ച യുക്മ നേതൃത്വത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി.  വേദിയിൽ ബിഷപ്പ് സാജു മുതലാളി യുക്മയുടെ ആദരം ഏറ്റുവാങ്ങി. പ്രസിഡൻ്റ് മനോജ് കുമാർ പിള്ളയാണ് പൊന്നാടയണിയിച്ച് യുക്മയുടെ ആദരം നൽകിയത്. ചടങ്ങിൽ വച്ച് യുക്മ ദേശീയ കലാമേളയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

വൈസ് പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ യുക്മ ദേശീയ റീജിയണൽ ഭാരവാഹികൾ പങ്കെടുത്തു. യുക്മ ദേശീയ കലാമേളയുടെ സൗന്ദര്യം ഒട്ടും ചോർന്നു പോകാതെ തുടർച്ചയായി പന്ത്രണ്ടാമത് കലാമേളയുടെ ചാമ്പ്യൻപട്ടം യുക്മ ദേശീയ അദ്ധ്യക്ഷൻ മനോജ്കുമാർ പിള്ള, ഉപാദ്ധ്യക്ഷൻ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ പ്രതിനിധാനം ചെയ്യുന്നതും യുക്മയുടെ ഏറ്റവും വലിയ റീജിയനുമായ സൗത്ത് ഈസ്റ്റ് റീജിയൻ കരസ്ഥമാക്കി. യുക്മ ഉപാദ്ധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റ്യൻ തൻ്റെ പിതാവിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ  കെ.ജെ.സെബാസ്റ്റ്യൻ  കണ്ണംകുളം മെമ്മോറിയൽ എവർറോളിംഗ് ട്രോഫി മുൻ വർഷത്തെ ചാമ്പ്യൻമാരായ മിഡ്ലാൻഡ്സ് റീജിയണിൽ നിന്നും തിരിച്ചുപിടിച്ചു.80 പോയിൻ്റുമായി സൗത്ത് ഈസ്റ്റ് റീജിയൻ  73 പോയിൻ്റ് നേടി സൗത്ത് വെസ്റ്റ് റീജിയനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ചാമ്പ്യൻപട്ടം കരസ്ഥമാക്കിയത്. യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് ആൻറണി എബ്രഹാം, സ്ഥാപക പ്രസിഡൻറ് വർഗീസ് ജോൺ, മുൻ ട്രഷറർ ഷാജി തോമസ്, സാസ്കാരിക വേദി രക്ഷാധികാരി സി.എ.ജോസഫ്, റീജിയൻ ജോയിൻ്റ് ട്രഷറർ വരുൺ ജോൺ തുടങ്ങിയവർ വിജയത്തിന് ചുക്കാൻ പിടിച്ചു. യുക്മ സ്ഥാപക പ്രസിഡൻ്റ് വർഗീസ് ജോൺ അദ്ദേഹത്തിൻ്റെ പിതാവിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ജോൺ കലവാണി മെമ്മോറിയൽ  എവർറോളിംഗ് ട്രോഫിയാണ് സൗത്ത് വെസ്റ്റ് റീജിയൻ കരസ്ഥമാക്കിയത്. 70 പോയിൻ്റ് നേടിയ ഈസ്റ്റ് ആംഗ്ലിയ റീജിയണനാണ് മൂന്നാം സ്ഥാനം.

അസോസിയേഷനുകളുടെ ചാമ്പ്യൻപട്ടം വിൽഷെയർ മലയാളി അസോസിയേഷൻ കരസ്ഥമാക്കി. മൈക്കൾ കുര്യൻ തൻ്റെ ഭാര്യാപിതാവിൻ്റെ പേരിൽ ഏർപ്പെടുത്തിയ വർക്കി പാമ്പക്കൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയാണ് 41 പോയിൻ്റുമായി വിൽഷെയർ മലയാളി അസോസിയേഷൻ കരസ്ഥമാക്കിയത്.  മുൻ യുക്മ പ്രസിഡൻ്റ് വിജി. കെ.പി. തൻ്റെ പിതാവിൻ്റെ ഓർമക്കായി ഏർപ്പെടുത്തിയ കെ.എം പൈലി മെമ്മോറിയൽ എവർറോളിംഗ് ട്രോഫി 32 പോയിൻ്റുമായി രണ്ടാം സ്ഥാനത്തെത്തിയ ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷൻ (ലൂക്ക) നാണ്. 21 പോയിൻ്റ് നേടിയ ഈസ്റ്റ് യോർക് ഷെയർ കൾച്ചറൽ അസാേസിയേഷൻ മൂന്നാം സ്ഥാനം നേടി.

നിവേദ്യ സുനിൽകുമാർ കലാതിലകം; വൈഭവ് ബിബിൻ കലാപ്രതിഭ:-

കോയിഡ് നിയന്ത്രണങ്ങൾ മൂലം തുടർച്ചയായ രണ്ടാം വർഷവും നടന്ന  യുക്മ ദേശീയ വെർച്വൽ കലാമേളയിൽ കെ.സി ഡബ്ളിയു. ക്രോയ്ഡോണിലെ നിവേദ്യ സുനിൽ കുമാർ കലാതിലകവും, ഡോർസെറ്റ് മലയാളി അസോസിയേഷനിലെ വൈഭവ് ബിബിൻ കലാപ്രതിഭ പട്ടവും കരസ്ഥമാക്കി. സിനിമാറ്റിക് ഡാൻസ്, ഇംഗ്ലീഷ് പ്രസംഗം, സോളോ സോംഗ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും സബ് ജൂനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പും നിവേദ്യ നേടി. മലയാളം പ്രസംഗം ഒന്നാം സമ്മാനവും, സിനിമാറ്റിക് ഡാൻസ് രണ്ടാംസ്ഥാനവും നേടിയാണ് വൈഭവ് കലാപ്രതിഭയായത്.

നാട്യ മയൂരം - ഭാഷാ കേസരി

മൺമറഞ്ഞ യുക്മയുടെ സ്ഥാപക നേതാക്കൻമാരിലൊരാളായ എബ്രഹാം വരമണ്ണിൽ ജോർജ് (അപ്പിച്ചായൻ) ൻ്റെ പേരിൽ അദ്ദേഹത്തിൻ്റെ മകൻ സുജിത്ത് എബ്രഹാം ഏർപ്പെടുത്തിയ ഭാഷാ കേസരി പുരസ്കാരം സാലിസ്ബറി മലയാളി അസോസിയേഷനിലെ അനു ടോം കരസ്ഥമാക്കി.

യുക്മയുടെ  ഈസ്റ്റ് ആംഗ്ലിയ റീജിയൻ മുൻ പ്രസിഡൻ്റും സമാരാധ്യനും പ്രിയങ്കരനുമായിരുന്ന വേർപിരിഞ്ഞു പോയ  രഞ്ജിത്ത് കുമാറിൻ്റെ (രഞ്ജിത്ത് ചേട്ടൻ) പേരിൽ അദ്ദേഹത്തിൻ്റെ കുടുബം ഏർപ്പെടുത്തിയ പുരസ്കാരം നാട്യമയൂരം  പുരസ്കാരം  വോക്കിംഗ് മലയാളി അസോസിയേഷനിലെ അഖില അജിത്താണ് നേടിയത്.

വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയവർ:-

കിഡ്‌സ് വിഭാഗത്തിൽ മൂന്ന് കുട്ടികളാണ് ചാമ്പ്യൻഷിപ്പ്  പങ്കിട്ടെടുത്തത്.  ജാൻവി.ജെ. നായർ (വിൽഷെയർ മലയാളി അസോസിയേഷൻ), നേത്ര നവീൻ (സി.കെ.സി കവൻട്രി), ടിയാ പ്രിൻസ് (നോർവിച്ച് മലയാളി അസോസിയേഷൻ) എന്നിവരാണ് കിഡ്‌സ് വിഭാഗം ചാമ്പ്യൻമാർ. സബ് ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ് കലാതിലകം കൂടിയ നിവേദ്യ സുനിൽകുമാറും, ജൂനിയർ വിഭാഗത്തിൽ ലൂട്ടൺ കേരളൈറ്റ്സ് അസോസിയേഷനിലെ ഈവ് ഐലിൻ ജോസഫും, സീനിയർ വിഭാഗത്തിൽ നാട്യമയൂരം അഖില അജിത്തും ചാമ്പ്യൻമാരായി.

പന്ത്രണ്ടാമത് യുക്മ കലാമേളക്ക് കൊടിയിറങ്ങിയപ്പോൾ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ കലാമേളയുടെ ചുമതല വഹിച്ചിരുന്നത് വൈസ് പ്രസിഡൻ്റ് ലിറ്റി ജിജോയും, ജോയിൻറ് സെക്രട്ടറി സാജൻ സത്യനുമാണ്. യുക്മ കലാമേളയുടെ ബാക്ക് ഓഫീസ് ചുമതല വഹിച്ചിരുന്നത് ദേശീയ സമിതിയംഗം കുര്യൻ ജോർജ്, യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബൈജു തോമസ് എന്നിവരാണ്. യുക്മ കലാമേളയുടെ രജിസ്ട്രേഷൻ മുതൽ അവസാന ഫലപ്രഖ്യാപനം വരെയുള്ള കാര്യങ്ങൾ ഏറ്റവും എളുപ്പവും സുതാര്യവുമാക്കിയിരിക്കുന്നത് പ്രത്യേകം സോഫ്റ്റ് വെയർ ഉയോഗിച്ചാണ്. യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ മുൻ സെക്രട്ടറി കൂടിയായ ജോസ്.പി.എം ൻ്റെ ഉടമസ്ഥതതയിലുള്ള JMP സോഫ്റ്റ് വെയർ എന്ന സ്ഥാപനമാണ് ഇക്കാര്യങ്ങൾ എളുപ്പമാക്കിയിരിക്കുന്നത്. JMP സോഫ്റ്റ് വെയറിനും നന്ദി അറിയിക്കുന്നു.

യുക്മ ദേശീയ കലാമേളയുടെ കുറ്റമറ്റതായ വിധി നിർണയം നടത്തി യുക്മയെ സഹായിച്ച വിധികർത്താക്കൾക്കും നന്ദി അറിയിക്കുന്നു. യുക്മ കലാമേളയിലെ സമ്മാനങ്ങൾ നേരിട്ട് വാങ്ങാൻ സാധിക്കാത്തവർക്ക് പിന്നീട് എത്തിച്ച് നൽകുന്നതാണ്.

യുക്മ കലാമേള സ്പോൺസർ ചെയ്ത അലൈഡ് ഫിനാൻഷ്യൽ സർവീസ്, പോൾ ജോൺ & കമ്പനി സോളിസിറ്റേഴ്സ്, മുത്തൂറ്റ് ഗ്രൂപ്പ്, എൻവിർട്സ് കൺസൽട്ടൻസി ലിമിറ്റഡ്, എന്നീ സ്ഥാപനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു. 

യുക്മ കലണ്ടർ 2022 പ്രകാശനം ചെയ്തു:-

യുക്മ കലണ്ടർ 2022 പ്രകാശനം യുക്മ ദേശീയ ഭാരവാഹികളുടെ മഹനീയ സാന്നിധ്യത്തിൽ ബിഷപ്പ് ഫാ. സാജു മുതലാളി നിർവ്വഹിച്ചു. വളരെ മനോഹരമായി മൾട്ടികളറിൽ അച്ചടിച്ച 2022-ലെ കലണ്ടർ നാട്ടിൽ അച്ചടിച്ച് ഇവിടെ എത്തിക്കുകയായിരുന്നു. കലണ്ടറിൽ ഓരോ മാസത്തിലും കെടുത്തിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് അലൈഡ് ഫിനാൻസ് സ്പോൺസർ ചെയ്തിരിക്കുന്ന യുക്മ യു - ഫോർച്യൂൺ സമ്മാനം കരസ്ഥമാക്കാവുന്നതാണ്.  കോവിഡ് മൂലം കണ്ടെയ്നറുകൾ എത്തിച്ചേരാൻ താമസിച്ചതിനാലാണ് കലണ്ടറുകൾ കുറച്ച് വൈകിയത്. 25000 യുക്മ കലണ്ടറുകളാണ്  അച്ചടിച്ച് വിതരണത്തിനെത്തിച്ചിരിക്കുന്നത്. കലണ്ടറുകൾ യുകെയിലെമ്പാടുമുള്ള പ്രദേശിക അംഗ അസോസിയേഷനുകളിലും, അംഗ അസോസിയേഷൻ ഇല്ലാത്ത മറ്റിടങ്ങളിലും എത്തിച്ചിട്ടുണ്ട്. ഇനിയും കലണ്ടറുകൾ ആവശ്യമുള്ളവർ കലണ്ടറിൻ്റെ അച്ചടിയുടെയും വിതരണത്തിൻ്റെയും ചുമതല വഹിക്കുന്ന എബി സെബാസ്റ്റ്യൻ (07702862186), ടിറ്റോ തോമസ് (07723956930) എന്നിവരെ ബന്ധപ്പെടണ്ടേതാണ്. കലണ്ടർ അച്ചടിക്കുന്നതിന് സ്പോൺസർ ചെയ്തിതിരിക്കുന്നത് അലൈഡ് മോർട്ഗേജ് സർവ്വീസസ്, മുത്തൂറ്റ് ഗ്രൂപ്പ്, പോൾ ജോൺ & കമ്പനി സോളിസിറ്റേഴ്സ്, എൻവെർടിസ് കൺസൽട്ടൻസി ലിമിറ്റഡ്, ടൂർ ഡിസൈനേഴ്സ് (യുകെ) ലിമിറ്റഡ്, ട്യൂട്ടർ വേവ്സ്, സീകോം സർവ്വീസ് (അക്കൗണ്ടൻസി) ലിമിറ്റഡ്, വിശ്വാസ് ഫുഡ്സ് എന്നീ സ്ഥാപനങ്ങളാണ്. പ്രസ്തുത സ്ഥാപനങ്ങളോടുമുള്ള നന്ദി അറിയിക്കുന്നു.

അനശ്വര കലാകാരൻ നെടുമുടി വേണു നഗറിൽ നടന്ന യുക്മ ദേശീയ വെർച്വൽ കലാമേള - 2021 വൻ വിജയമാക്കിത്തീർത്ത എല്ലാവരോടും യുക്മ ദേശീയ സമിതിക്കു വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് നന്ദി രേഖപ്പെടുത്തി.

യുക്മ ദേശീയ കലാമേള - 2021 സമ്മാനദാനചടങ്ങുകളിൽ ബെറ്റർ ഫ്രെയിസിനു വേണ്ടി രാജേഷ് നടേപ്പള്ളി എടുത്ത ഫോട്ടോകൾ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

UUKMA National PRO & Media Coordinator

To get 24X7 news updates please use `Add to Home screen` option on your mobile

 

 

Other News