Wednesday, 22 January 2025

ഇൻറർനാഷണൽ സ്റ്റുഡൻറ്സിന്റെ ഇംഗ്ലീഷ് ടെസ്റ്റ് അയോഗ്യമാക്കിയ സംഭവത്തിൽ പാർലമെന്റ് അന്വേഷണം.

Premier News Desk

ഇന്ത്യയിൽ നിന്നുള്ളവരടക്കം ആയിരക്കണക്കിന് ഇൻറർനാഷണൽ സ്റ്റുഡൻറ്സിന്റെ ഭാവി ഇരുട്ടിലാക്കിക്കൊണ്ട് അവരുടെ ഇംഗ്ലീഷ് ടെസ്റ്റ് യോഗ്യത അസാധുവാക്കിയ സംഭവത്തിൽ ബ്രിട്ടീഷ് പാർലമെന്റ് അന്വേഷണം പ്രഖ്യാപിച്ചു. നടപടി മൂലം ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് യുകെയിൽ ചെയ്തു കൊണ്ടിരുന്ന കോഴ്സുകൾ ഇടയ്ക്ക് വച്ച് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഹൗസ് ഓഫ് കോമൺസിന്റെ അക്കൗണ്ട്സ് കമ്മിറ്റിയാണ് അന്വേഷണം നടത്തുക.

നൂറു കണക്കിന് വിദ്യാർത്ഥികൾ ഗവൺമെന്റിന്റെ അടിയന്തിര ഇടപെടലാവശ്യപ്പെട്ട് ഹോം സെക്രട്ടറി സാജിദ് ജാവേദിന് കത്ത് നല്കിയിരുന്നു. തെറ്റിദ്ധാരണയുടെ പുറത്താണ് തങ്ങളുടെ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിന്റെ വിശ്വസനീയതയെ കുറിച്ച് അധികാരികൾ ചോദ്യങ്ങൾ ഉയർത്തിയതെന്ന് ചൂണ്ടിക്കാണിച്ച വിദ്യാർത്ഥികൾ, ഉടനെയുണ്ടാകാൻ പോകുന്ന ഗവൺമെന്റിന്റെ അഴിച്ചു പണിക്കു മുമ്പായി നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇംഗ്ലീഷ് ടെസ്റ്റിൽ വിശ്വസനീയമല്ലാത്ത രീതിയിൽ തെറ്റായ മാർഗങ്ങൾ ഉപയോഗിച്ച് പാസായി എന്നാരോപിച്ച് 2500 വിദ്യാർത്ഥികളെ യുകെയിൽ നിന്ന് നിർബന്ധിതമായി നീക്കം ചെയ്തിരുന്നു. രാജ്യം വിട്ടില്ലെങ്കിൽ ഡിറ്റൻഷൻ സെന്ററുകളിൽ അടയ്ക്കുമെന്ന ഭീഷണി മൂലം 7200 വിദ്യാർത്ഥികൾ സ്വമേധയാ തിരിച്ചുപോയി.

12500 അപ്പീലുകൾ ടെസ്റ്റ് അയോഗ്യതയുമായി ബന്ധപ്പെട്ട് കോടതിയുടെ മുമ്പാകെ എത്തിയിരുന്നു. 3600 വിദ്യാർത്ഥികളുടെ അപ്പീലുകൾ കോടതി അനുവദിച്ചു നല്കി. ഇംഗ്ലീഷ് ടെസ്റ്റ് അയോഗ്യതയുടെ കാര്യത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് നീതി ലഭിച്ചില്ലെന്ന് നാഷണൽ ഓഡിറ്റ് ഇൻവെസ്റ്റിഗേഷന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികളെ എളുപ്പ വഴിയിലൂടെ പാസാക്കിയെടുക്കുന്നതിന് ടെസ്റ്റ് സെന്ററുകൾ സംഘടിതമായി വഴിവിട്ട സഹായങ്ങൾ നല്കുന്നുവെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഹോം ഓഫീസ് നടപടിയെടുത്തത്. തങ്ങൾക്ക് വൈകിയെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.

Other News