യൂറോപ്പിൽ മുഴങ്ങുന്നത് യുക്രെയിനിൻ്റെ വിലാപം... ഞങ്ങളെ ഏവരും കൈവിട്ടു ... ഒരു ജനത കേഴുന്നു.. പരിതപിക്കാനും അപലപിക്കാനും രാജ്യങ്ങളേറെ. ഒപ്പം നിൽക്കാൻ ആരുമില്ല. അരയും തലയും മുറുക്കി നിന്നവർ ഗ്യാലറിയിൽ.
രാജ്യത്തിൻ്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയിലൂടെ യുക്രെയിൻ എന്ന ഈസ്റ്റേൺ യൂറോപ്യൻ രാജ്യം കടന്നു പോവുകയാണ്. ഒരു യുദ്ധം ആ രാജ്യത്തിന് താങ്ങാവുന്നതല്ല. നിരപരാധികളാണ് ആ മണ്ണിൽ മരിച്ചു വീഴുന്നത്. റോക്കറ്റാക്രമണ ഭീതിയിൽ വീടിനു പുറത്തിറങ്ങാതെയും മെട്രോ സ്റ്റേഷനുകളിലും ബങ്കറുകളിലും ബേസ്മെൻ്റുകളിലുമായി ഒരു ജനത കഴിയുന്നു. ഏതു നിമിഷവും ഒരു സ്ഫോടനം തങ്ങളുടെ ജീവനെടുത്തേക്കാമെന്ന ഭയത്തോടെ കഴിയുന്ന ജനങ്ങൾ ലോകത്തിൻ്റെ വേദനയായി മാറുന്നു. മുഴങ്ങുന്ന ഓരോ സൈറണും ജീവഭയമാണ് യുക്രെയിനിയൻ ജനതയിലുണർത്തുന്നത്.
റഷ്യ കഴിഞ്ഞാൽ വിസ്തൃതിയിൽ യൂറോപ്പിലെ രണ്ടാമത്തെ വലിയ രാജ്യമാണ് യുക്രെയിൻ. 1994 ആഗസ്റ്റ് 24 ന് സോവ്യറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. റഷ്യയുമായി ഈസ്റ്റിലും നോർത്ത് ഈസ്റ്റിലും അതിർത്തി പങ്കിടുന്ന യുക്രെയിനിൻ്റെ 43.6 മില്യൺ വരുന്ന ജനസംഖ്യയിൽ 77 ശതമാനം യുക്രെയിനിയൻ വംശജരും 17 ശതമാനം റഷ്യക്കാരുമാണ്. പോളണ്ട്, സ്ളൊവാക്യ, ബെലാറൂസ്, ഹംഗറി, റൊമേനിയ, മോൾഡോവ എന്നിവയും യുക്രെയിൻ്റെ അതിർത്തി രാജ്യങ്ങളാണ്. യുകെയിനിയൻ ജനതയുടെ 87 ശതമാനവും ഓർത്തഡോക്സ് ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവരും 11 ശതമാനത്തോളം മതവിശ്വാസത്തിന് പ്രാധാന്യം നൽകാത്തവരുമാണ്.
നാറ്റോ സഖ്യത്തിൽ ചേരാനുള്ള യുക്രെയിൻ്റെ നീക്കവും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളോട് കൂടുതൽ അടുത്തതും റഷ്യയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായതാണ് ഇന്നത്തെ അവസ്ഥയുടെ പ്രധാന കാരണം. തങ്ങളുടെ അതിർത്തിയിലുള്ള രാജ്യം ഈ സഖ്യത്തിൻ്റെ ഭാഗമാക്കുന്നതിൽ റഷ്യയ്ക്ക് കടുത്ത എതിർപ്പാണുള്ളത്. ഇങ്ങനെ പോയാൽ ക്രമേണ നാറ്റോയുടെ സൈന്യം തങ്ങളുടെ അതിർത്തിയിൽ വന്ന് എത്തി നോക്കുമെന്ന സാഹചര്യം ഏതുവിധേനയും കാലേക്കൂട്ടി നുള്ളണമെന്ന റഷ്യൻ തീരുമാനം ഇപ്പോൾ നടപ്പാക്കപ്പെടുകയാണ്. യുക്രെയിനിൻ്റെ രണ്ടു പ്രവിശ്യകളെ സ്വതന്ത്ര സ്റ്റേറ്റുകളായി പ്രഖ്യാപിച്ചുകൊണ്ടാണ് റഷ്യ പ്രതിരോധ നീക്കത്തിന് തുടക്കമിട്ടത്. വർഷങ്ങൾക്ക് മുൻപ് ക്രിമിയയുടെ നിയന്ത്രണവും റഷ്യ ഏറ്റെടുത്തിരുന്നു.
യുക്രെയിനെ നാറ്റോ സഖ്യത്തിൽ ചേർക്കാൻ പ്രേരണ ചെലുത്തിയ വൻശക്തികളൊക്കെ ഇപ്പോൾ ഗ്യാലറിയിലിരുന്നത് റഷ്യയുടെ കടന്നു കയറ്റത്തെ അപലപിക്കുകയും പരിതപിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ റഷ്യയോട് പൊരുതി നിൽക്കാൻ വേണ്ട ആയുധങ്ങളും നേരത്തെ തന്നെ വിറ്റഴിച്ചു. നേരിട്ടു പോരിനിറങ്ങാൻ തൻ്റേടമില്ലാത്തതിനാൽ ഒരു ചെറിയ രാജ്യത്തെ ബലിയാടാക്കിക്കൊണ്ടുള്ള ആധുനിക യുദ്ധതന്ത്രത്തിൻ്റെ ബാക്കിപത്രമാണ് ലോകമിപ്പോൾ കാണുന്നത്.
മരിച്ചു വീഴുന്ന നിരപരാധികൾ... മരവിക്കുന്ന തണുപ്പിൽ ജീവൻ കൈയിലെടുത്ത് ഓരോ നിമിഷവും തള്ളി നീക്കുന്നവർ... ഭക്ഷണമോ വെള്ളമോ വൈദ്യസഹായമോ ലഭിക്കാതെ ബുദ്ധിമുട്ടുന്നവർ... പാലായനത്തിനിടയിൽ വഴിയിൽ കുടുങ്ങിയവർ... ഇനി നേരിടാൻ പോകുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ യുക്രെയിൻ എന്ന രാജ്യത്തെ പതിറ്റാണ്ടുകൾ പിന്നോട്ട് നയിക്കാം. തച്ചുതകർക്കപ്പെട്ട സ്വപ്നങ്ങളുമായി പുതുതലമുറ വളർന്നു വരും. ഫലഭൂയിഷ്ഠമായ ഒരു ദേശത്തിൻ്റെ വിലാപം യൂറോപ്പിൽ മുഴങ്ങുകയാണ്.
"ഞങ്ങൾ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളോടും സഹായമഭ്യർത്ഥിച്ചു. ആരും പിന്തുണയ്ക്കാനെത്തിയില്ല. " യുക്രെയിൻ പ്രസിഡൻ്റ് വോളാഡിമർ സെലൻസ്കിയുടെ വാക്കുകൾ ഒരു ജനതയുടെ നിസഹായത ഹൃദയവേദനയോടെ വെളിപ്പെടുത്തുന്നതായിരുന്നു. യുക്രെയിനിൻ്റെ തലസ്ഥാനമായ കീവിലേയ്ക്ക് റഷ്യൻ സൈന്യം അടുത്തു കൊണ്ടിരിക്കുന്നു... ഒരു ജനത ഉറക്കമില്ലാതെ ഉണർന്നിരിക്കുന്നു... തങ്ങളുടെ രാജ്യത്തിൻ്റെ പരമാധികാരം സംരക്ഷിക്കപ്പെടണമേയെന്ന യാചനയുമായി... യുദ്ധം വഴി ആരുമൊന്നും നേടിയിട്ടില്ല ഇന്നുവരെയും... നഷ്ടവും ദുരിതങ്ങളും മാത്രം മിച്ചം... ഇവിടെയും ആത്യന്തിക നഷ്ടം യുക്രെയിനിലെ ജനതയ്ക്ക് തന്നെ...