റഷ്യയുടെ 450 സൈനികർ കൊല്ലപ്പെട്ടതായി ബ്രിട്ടൺ. അധിനിവേശത്തിനെതിരെ യുക്രെയിൻ ശക്തമായി പ്രതിരോധിക്കുന്നു. ജനങ്ങൾക്ക് ആയുധം നല്കി യുക്രെയിൻ ഗവൺമെൻ്റ്. തന്നെ ഇനി ജീവനോടെ കണ്ടെന്ന് വരില്ലെന്ന് യുക്രെയിൻ പ്രസിഡൻ്റ് യൂറോപ്യൻ നേതാക്കളോട്.
യുക്രെയിൻ തലസ്ഥാനമായ കീവ് പിടിക്കാൻ റഷ്യൻ സൈന്യം പോരാട്ടം തുടരുന്നതിനിടെ റഷ്യയുടെ 450 സൈനികർ കൊല്ലപ്പെട്ടതായി ബ്രിട്ടൺ വെളിപ്പെടുത്തി. ബ്രിട്ടൻ്റെ ഡിഫൻസ് സെക്രട്ടറി ബെൻ വാലസ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്. അധിനിവേശത്തിൻ്റെ ആദ്യ 24 മണിക്കൂറിൽ റഷ്യയ്ക്ക് അവരുടെ പ്രധാന ലക്ഷ്യങ്ങളൊന്നും നേടാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയിനിയൻ സൈന്യം റഷ്യൻ മിലിട്ടറിയ്ക്കെതിരെ കനത്ത പ്രതിരോധം ഒരുക്കുന്നതായാണ് റിപ്പോർട്ടുകൾ. പോരാടാനായി 18,000 ത്തോളം ഗണ്ണുകൾ ജനങ്ങൾക്ക് യുക്രെയിൻ ഗവൺമെൻ്റ് വിതരണം ചെയ്തതായി സൂചനയുണ്ട്. തന്നെ ഇനി ജീവനോടെ കണ്ടെന്ന് വരില്ലെന്ന് യുക്രെയിൻ പ്രസിഡൻ്റ് യൂറോപ്യൻ നേതാക്കളോട് ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ സഹായിക്കണമെന്ന് യുക്രെയിൻ പ്രസിഡൻ്റ് യൂറോപ്യൻ യൂണിയനോട് വീണ്ടും അഭ്യർത്ഥിച്ചു. റഷ്യയുടെ ആക്രമണം തടയാനാവശ്യമായ കരുത്ത് യൂറോപ്യൻ യൂണിയനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കീവിൽ റോക്കറ്റാക്രമണങ്ങൾ തുടരുകയാണ്. ഗൺ ഫയറിൻ്റെയും സ്ഫോടനങ്ങളുടെയും ശബ്ദമാണ് തലസ്ഥാനത്ത് മുഴങ്ങിക്കേൾക്കുന്നത്. പോർട്ട് സിറ്റിയായ മാരിപോളും ആക്രമണം നേരിടുകയാണ്.
ബ്രിട്ടൻ്റെ ഫ്ളൈറ്റുകൾക്ക് തങ്ങളുടെ എയർ സ്പേസിൽ റഷ്യ നിരോധനം ഏർപ്പെടുത്തി. റഷ്യൻ ഫ്ളാഗ് കാരിയർ ആയ എയ്റോ ഫ്ളോട്ടിന് ബ്രിട്ടൺ നിരോധനം ഏർപ്പെടുത്തിയതിൻ്റെ തിരിച്ചടിയാണ് റഷ്യയുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്.