ബ്രിട്ടണിലെ വീടുകൾ വാങ്ങാനാവശ്യക്കാരേറെ. വില വർദ്ധന തുടരുന്നു. വീടിൻ്റെ ശരാശരി വില 255,556 പൗണ്ട്.
ബ്രിട്ടണിൽ 2021 നു ശേഷം വീടുകളുടെ വില 11.2 ശതമാനത്തോളം വർദ്ധിച്ചതായി നേഷൻ വൈഡ് വെളിപ്പെടുത്തി. യുകെയിൽ ഹൗസിംഗ് മാർക്കറ്റിൽ വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. വീടിൻ്റെ ശരാശരി വില 255,556 പൗണ്ടാണ്. വീടുകൾ വാങ്ങാൻ ഇപ്പോഴും ആവശ്യക്കാരേറെയാണ്. കോവിഡ് പ്രതിസന്ധിയിൽ നിന്ന് പ്രോപ്പർട്ടി മാർക്കറ്റിനെ സംരക്ഷിക്കാനായി ഗവൺമെൻറ് പ്രഖ്യാപിച്ച സ്റ്റാമ്പ് ഡ്യൂട്ടി ഇളവിൻ്റെ ആനുകൂല്യങ്ങൾ അവസാനിച്ചെങ്കിലും വീടുവില്പന ഇപ്പോഴും തകൃതിയായി തുടരുകയാണ്.
പ്രോപ്പർട്ടി കൺസ്ട്രക്ഷൻ കമ്പനികൾ എല്ലാം തികച്ചും ശുഭപ്രതീക്ഷയിലാണ്. ഈയാഴ്ചകളിൽ തങ്ങളുടെ വാർഷിക കണക്കുകൾ പുറത്തു വിടാനൊരുങ്ങുന്ന മിക്ക കമ്പനികളും വൻ ലാഭമാണ് പ്രതീക്ഷിക്കുന്നത്. കമ്പനികൾക്ക് വേണ്ട ഫൈനാൻസിംഗിനാവശ്യമായ തുക കുറഞ്ഞ പലിശ നിരക്കിൽ ലഭിച്ചതും നേട്ടമായി. ഈ കമ്പനികളുടെ ഷെയറുകൾ മാർക്കറ്റിൽ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
എന്നാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന മോർട്ട്ഗേജ് പലിശ നിരക്കിലെ വർദ്ധന പുതിയ വീടുകൾ വാങ്ങിക്കുന്നവരെ ദോഷകരമായി ബാധിക്കാം. കൂടാതെ എനർജി ബില്ലിലെ വർദ്ധനയും ഫുഡ് മാർക്കറ്റിലെ വില വർദ്ധനവും കൂടുതൽ സാമ്പത്തിക ഭാരം വരുത്തി വയ്ക്കും. യുകെയിലെ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് 5.5 ശതമാനത്തിലെത്തി നിൽക്കുകയാണ്. ഏപ്രിലിൽ ഇത് 7.25 ശതമാനത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്