Monday, 23 December 2024

സൈബർ അറ്റാക്കിന് സാധ്യത വർദ്ധിച്ചതിനാൽ നാഷണൽ ഗ്രിഡിൻ്റെ സുരക്ഷ വർദ്ധിപ്പിക്കും. ബാങ്കുകൾ, എനർജി കമ്പനികൾ, എയർലൈനുകൾ എന്നിവയ്ക്കും മുന്നറിയിപ്പ്.

യുക്രെയിൻ - റഷ്യ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ യുകെയിൽ ഉണ്ടാകാനുള്ള സൈബർ ആക്രമണ സാധ്യത കണക്കിലെടുത്ത് വിവിധ മേഖലകളിൽ സുരക്ഷാ സംവിധാനം ശക്തമാക്കാൻ നിർദ്ദേശം നല്കി. ബിസിനസ് സെക്രട്ടറി ക്വാസി ക്വാറ്റെംഗ് നാഷണൽ ഗ്രിഡിൻ്റെ ചെയറായ പോളാ റോസ്പുട്ട് റെയ്നോൾഡുമായി ഇതു സംബന്ധിച്ച് ഈയാഴ്ച കൂടിക്കാഴ്ച നടത്തും. യുകെയിലെ ഇലക്ട്രിസിറ്റി ട്രാൻസ്മിഷനും ഗ്യാസ് ഡിസ്ട്രിബ്യൂഷനും നാഷണൽ ഗ്രിഡാണ് നടത്തുന്നത്. ബ്രിട്ടൻ്റെ ക്രിട്ടിക്കൽ എനർജി ഇൻഫ്രാസ്ട്രക്ചർ സംരക്ഷിക്കാനുള്ള നടപടികൾ ഇതേത്തുടർന്ന് കൂടുതൽ ശക്തിപ്പെടുത്തും.

ബ്രിട്ടണിലെ വിവിധ ബാങ്കുകൾ, എനർജി കമ്പനികൾ, എയർലൈനുകൾ എന്നിവയ്ക്കും സൈബർ സുരക്ഷ ശക്തമാക്കാൻ നിർദ്ദേശം നല്കിയിട്ടുണ്ട്. റഷ്യ - യുക്രെയിൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ യുകെയിലെ പ്രധാന കോർപ്പറേറ്റ് ബോർഡ് റൂമുകളെല്ലാം ഹൈ അലർട്ടിലാണ്.

ഫൈനാൻഷ്യൽ, എനർജി റെഗുലേറ്റർമാർ വിവിധ സ്ഥാപനങ്ങളുമായി സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് നിരന്തര സമ്പർക്കത്തിലാണ്. സൈബർ സുരക്ഷയുടെ കാര്യത്തിൽ ഗവൺമെൻ്റിനോടും മറ്റ് ഇൻഡസ്ട്രിയൽ പാർട്ട്ണർമാർക്കുമൊപ്പം പ്രവർത്തിച്ചു വരികയാണെന്ന് നാഷണൽ ഗ്രിഡ് അറിയിച്ചു.
 

Other News