സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ വർക്കേഴ്സ് കോവിഡ് വാക്സിൻ എടുക്കണമെന്ന നിബന്ധന മാർച്ച് 15 മുതൽ ഒഴിവാക്കും.
സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ വർക്കേഴ്സ് കോവിഡ് വാക്സിൻ എടുക്കണമെന്ന നിബന്ധന മാർച്ച് 15 മുതൽ ഒഴിവാക്കും. ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദാണ് ഇക്കാര്യം അറിയച്ചത്. ഇംഗ്ലണ്ടിലാണ് ഇത് നടപ്പിൽ വരുത്തുന്നത്. കഴിഞ്ഞ വർഷം നവംബർ മുതൽ നിർബന്ധിത വാക്സിൻ റൂൾ കെയർ ഹോം സ്റ്റാഫുകൾക്ക് ബാധകമാക്കിയിരുന്നു. ഏപ്രിൽ ഒന്നു മുതൽ എൻഎച്ച്എസിലെ ഫ്രണ്ട് ലൈൻ ആൻഡ് സോഷ്യൽ കെയർ സ്റ്റാഫുകൾക്ക് വാക്സിൻ എടുക്കണമെന്ന നിർദ്ദേശം ഇതോടെ ഉപേക്ഷിക്കുകയാണെന്ന് സാജിദ് ജാവേദ് പറഞ്ഞു.
നിർബന്ധിത വാക്സിൻ റൂളിനെതിരെ കനത്ത പ്രതിഷേധമാണ് യൂണിയനുകൾ ഉയർത്തിയത്. സ്റ്റാഫിംഗ് ക്രൈസിസിലൂടെ കടന്നുപോകുന്ന എൻഎച്ച്എസിലെ കൊഴിഞ്ഞുപോക്ക് കൂടാൻ മാത്രമേ ഇത് സഹായിക്കൂവെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടിയിരുന്നു. പല എം പിമാരും ഈ നിർദ്ദേശത്തിനെതിരെ രംഗത്ത് വന്നിരുന്നു. വാക്സിൻ എടുക്കാത്തതിൻ്റെ പേരിൽ ജോലി ഉപേക്ഷിക്കേണ്ടി വന്നവർക്ക് തിരിച്ചു ജോലിയിൽ പ്രവേശിക്കാമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഹെൽത്ത് സെക്രട്ടറിയുടെ തീരുമാനം താമസിച്ചു പോയെന്നും സ്റ്റാഫുകൾക്ക് ഇത് കാര്യമായ പ്രതിസന്ധി ഉണ്ടാക്കിക്കഴിഞ്ഞതായും ചീഫ് എക്സിക്യൂട്ടീവ് ഓഫ് കെയർ ഇംഗ്ലണ്ട് ആയ മാർട്ടിൻ ഗ്രീൻ പറഞ്ഞു.