ലൈഫ് ഇൻ ദി യുകെ ക്യാമ്പയിൻ - 3... ക്രെഡിറ്റ് കാർഡ്/ ക്രെഡിറ്റ് സ്കോർ... അറിവുകൾ പങ്കുവെച്ച് അജിത്ത് പാലിയത്ത്

ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് സ്കോർ '

ഏറെ പ്രചാരം നേടിയ പ്ലാസ്റ്റിക് ഇലക്ട്രോണിക് കാർഡ് ഇന്ന് സമൂഹത്തിന്‍റെ അനുദിന കൊടുക്കല്‍ വാങ്ങല്‍ പണമിടപാടുകളിലെ പ്രധാന മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള പ്ലാസ്റ്റിക് ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവർ ഇന്ന് ചുരുക്കമാണ്. സാമ്പത്തിക സ്ഥാപനങ്ങൾ, സ്റോറുകള്‍ എന്നിവ നല്‍കുന്ന ഈ പ്ലാസ്റ്റിക് കാർഡ്,

Visa, Mastercard, American Express എന്നിങ്ങനെ വിവിധ തരത്തിലാണ് ഉള്ളത്. പണം കൈവശം വയ്ക്കാതെ ഉപഭോക്താക്കൾക്കു സുരക്ഷിതമായ്‌ പണമിടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നുള്ളത് തന്നെയാണ് ഈ കാര്‍ഡുകളുടെ പ്രധാന സൗകര്യവും. സാധാരണയായി ദൈനംദിന ചെലവുകൾക്കായി 'ഡെബിറ്റ് കാർഡും' വലിയ വാങ്ങലുകൾക്ക് 'ക്രെഡിറ്റ് കാർഡും' ഉപയോഗിക്കുന്നു.

'ഡെബിറ്റ് കാർഡ്' ഉപയോഗം എന്നത് ബാങ്കില്‍ കിടക്കുന്ന നിങ്ങളുടെ പണം ഉപയോഗിക്കുക എന്നര്‍ത്ഥം. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോള്‍ നിങ്ങൾ കടം വാങ്ങിയ പണമാണ് ഉപയോഗിക്കുന്നത്. നിങ്ങള്‍ക്ക് ക്രെഡിറ്റ് സ്കോർ* വഴി അനുവദിച്ച പ്രീ-സെറ്റ് ക്രെഡിറ്റ് പരിധിയില്‍ നിന്നുകൊണ്ട് നിങ്ങൾക്ക് ആവശ്യമുള്ളത്ര ട്രാൻസാക്ഷനുകളും പർച്ചേസുകളും നടത്താം. ഇത് പിന്നീട് പലിശയില്ലതെയോ പലിശയോടുകൂടിയോ തിരിച്ചടയ്ക്കുന്നു. ഒരു ലോണ്‍ പോലെതന്നെയാണ് ക്രെഡിറ്റ് കാർഡ്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, ക്രെഡിറ്റ് ഹിസ്റ്ററി, നിങ്ങളുടെ വരുമാനം എന്നിവയെ അടിസ്ഥാനമാക്കിയാണ് കാർഡ് ഇഷ്യൂവർ ക്രെഡിറ്റ് പരിധി നിശ്ചയിക്കുന്നത്.

'ഡെബിറ്റ് കാർഡ്' ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് ചെറിയ തലത്തിലുള്ള പർച്ചേസ് പരിരക്ഷ ലഭിക്കും, എന്നാൽ 'ക്രെഡിറ്റ് കാർഡ്' ഉപയോഗിച്ച് നിങ്ങൾക്ക് ലഭിക്കുന്നത്രയും ലഭിക്കില്ല.

ഇതിനെക്കുറിച്ച്‌ വിവരിക്കുന്ന ‘’ക്രെഡിറ്റ് കാര്‍ഡിന്റെ Section 75 പരിരക്ഷകള്‍’’ എന്ന മറ്റൊരു പോസ്റ്റ്‌ പിന്നീട് പങ്കുവേക്കുന്നതായിരിക്കും.

ക്രെഡിറ്റ് സ്കോർ എന്താണ്?

യുക്കെയില്‍ ഒരു ക്രെഡിറ്റിന് അപേക്ഷിക്കുമ്പോള്‍ ആ കമ്പനി അപേക്ഷകന്റെ സാമ്പത്തിക ചരിത്രം പരിശോധിക്കാന്‍ ക്രെഡിറ്റ് ചെക്ക് ചെയ്യും. നിങ്ങളുടെ ശമ്പളം, ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍, കടം നൽകുന്നതിന് എന്തെങ്കിലും അപകടസാധ്യത ഉണ്ടോ, കടം വാങ്ങുന്നതിലും പണം തിരിച്ചടക്കുന്നതിലും നിങ്ങൾ എത്രത്തോളം വിശ്വസ്തരാണെന്ന് എന്നൊക്കെ മനസ്സിലാക്കാനാണ് ഇത്. ഇതിലൂടെ ലഭിക്കുന്ന 'സ്കോര്‍' അനുസരിച്ചാണ് നിങ്ങള്‍ക്ക് ക്രെഡിറ്റ് നൽകാനാകുമോ എന്ന് കമ്പനി നിർണ്ണയിക്കുക. മൂന്ന് അക്കങ്ങളുടെ സ്കോറിങ് ആണ്. 300 മുതല്‍ 850 വരെ അഞ്ച് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന യുക്കെ ക്രെഡിറ്റ് സ്കോര്‍ പോയിന്റ് ഏതാണ്ട് ഇപ്രകാരമാണ്. 300-579: Poor, 580-669: Fair, 670-739: Good, 740-799: Very good, 800-850: Excellent

ക്രെഡിറ്റ് പരിശോധന രണ്ടുതരത്തിലുണ്ട്. Hard അല്ലെങ്കില്‍ soft ക്രെഡിറ്റ് പരിശോധന.

എന്താണ് 'സോഫ്റ്റ് ക്രെഡിറ്റ്' പരിശോധന?

നിങ്ങളുടെ സ്വന്തം ക്രെഡിറ്റ് റിപ്പോർട്ട് നിങ്ങള്‍ തന്നെ പരിശോധിക്കുന്നത് സോഫ്റ്റ് ക്രെഡിറ്റ്. ചില കമ്പനികളും ഈ പരിശോധന നടത്താറുണ്ട്‌. എന്നാല്‍ സോഫ്റ്റ് ക്രെഡിറ്റ് ചെക്ക് നിങ്ങളുടെ ക്രെഡിറ്റ് ഫയലിൽ ദൃശ്യമായ അടയാളങ്ങള്‍ അവശേഷിപ്പിക്കുന്നില്ല. (soft credit check doesn’t leave a visible footprint on your credit file) പക്ഷേ അത് റെക്കോർഡ് ചെയ്തിരിക്കും. നിങ്ങള്‍ അല്ലാതെ മറ്റുള്ളവര്‍ക്ക് ഇത് കാണാനാകില്ല. അതായത് നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ എന്ന് നിങ്ങൾക്ക് കാണാനാകും. ഈ സോഫ്റ്റ് ക്രെഡിറ്റ് പരിശോധന നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകയുമില്ല.

എന്താണ് ഹാർഡ് ക്രെഡിറ്റ് പരിശോധന?

നിങ്ങൾ Credit Card, Personal Loan, Mortgage അല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള വായ്പയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ കടം കൊടുക്കുന്നയാൾ 'ഹാർഡ് ക്രെഡിറ്റ്' പരിശോധന നടത്തും. നിങ്ങൾ മുമ്പ് കടം വാങ്ങിയ പണം തിരിച്ചടച്ചതിന്റെ ട്രാക്ക് റെക്കോർഡ് കടം കൊടുക്കുന്നയാൾക്ക് കാണാനാകും. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിലെ ഏതെങ്കിലും നെഗറ്റീവ് മാർക്കുകളായ overdue payments, debt collection, എന്നിവ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ വർഷങ്ങളോളം നിലനില്‍ക്കും.

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയര്‍ത്തുന്നതിന് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിച്ച് തെറ്റുകൾ തിരുത്തുക

2. വോട്ട് ചെയ്യുന്നതിന് രജിസ്റ്റർ ചെയ്യുക ( Electoral Register)

3. വാടകകള്‍ , Repayment എന്നിവ ഒരിക്കലും മിസ്സ്‌ ആവാതെ കൃത്യമായി കൊടുക്കുക.

4. കൗൺസിൽ ടാക്സ്‌ , Netflix സബ്‌സ്‌ക്രിപ്‌ഷനുകള്‍ എന്നിവ റിപ്പോർട്ട് ചെയ്യാൻ Experian Boost ഉപയോഗിക്കുക.. https://www.experian.co.uk/consumer/experian-boost.html

5. പുതിയ ക്രെഡിറ്റിനായ് 'സോഫ്റ്റ് സെർച്ചുകൾ' ഉപയോഗിക്കുക.

6. ക്രെഡിറ്റിനായ് ഒന്നിലധികം ആപ്ലിക്കേഷനുകൾ

തുടര്‍ച്ചയായ് കൊടുക്കുന്നത് ഒഴിവാക്കുക. അതായത് ഒരു അപ്ളിക്കേഷന്‍ തിരസ്കരിച്ചാല്‍ കുറഞ്ഞത്‌ മൂന്ന് മാസം കഴിഞ്ഞേ വീണ്ടും അപേക്ഷിക്കാന്‍ ശ്രമിക്കാവൂ. ആറ് മാസത്തേക്ക് അപേക്ഷിക്കതിരുന്നാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ 50 പോയിന്റ് വർദ്ധിപ്പിക്കുമെന്ന് Experian* പറയുന്നു. (*Experian, Equifax, TransUnion എന്നിവ യുക്കെയിലെ ക്രെഡിറ്റ് സ്കോറിംഗ് ഏജന്‍സികളാണ്.

7. ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം പിന്‍വലിക്കുന്നത് ഒഴിവാക്കുക. ഒന്നാമത് ഉയർന്ന ഫീസും പലിശയും കൊടുക്കേണ്ടിവരും. പ്രത്യേകിച്ചും വിദേശത്ത് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം എടുക്കുകയാണെങ്കിൽ. അത് മാത്രമല്ല കടം നല്‍കുന്നവര്‍ക്ക് നിങ്ങള്‍ സാമ്പത്തികം കൈകാര്യം ചെയ്യുന്നതിൽ പ്രശ്‌നമുള്ള വ്യക്തിയാണെന്ന് റിപ്പോര്‍ട്ട് ലഭിക്കും.

8. County Court Judgement, Bankruptcy എന്നിവ വരാതിരിക്കാന്‍ ശ്രദ്ധിക്കുക.

9. ക്രെഡിറ്റ് കാർഡിലെ തിരിച്ചടവിന് minimum payment -ന് പകരം കൂടുതൽ പണം അടക്കാന്‍ ശ്രമിക്കുക.

10. ക്രെഡിറ്റ് സ്കോർ ഉയര്‍ത്തുന്നതിന് Credit Builder Credit Card ഉപയോഗിക്കുക.

11. വീടിന്‍റെ മോര്‍ട്ട്ഗേജ് പങ്കിടുകയാണെങ്കില്‍ (Joint Mortgage) ഒന്നോ അതിലധികമോ യൂട്ടിലിറ്റി ബില്ലുകളിൽ നിങ്ങളുടെ പേര് ഉണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ പേരിലുള്ള യൂട്ടിലിറ്റി ബില്ലുകൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കാൻ സഹായിക്കും.

12. ഉപയോഗിക്കാത്ത ക്രെഡിറ്റ് കാർഡുകളോ സ്റ്റോർ കാർഡുകളോ റദ്ദാക്കുക. നിങ്ങൾ അടച്ചിട്ടില്ലാത്ത ബാങ്ക് അക്കൗണ്ടുകൾക്കും തുറന്നിരിക്കുന്ന പഴയ മൊബൈൽ ഫോൺ കോണ്ട്രാക്റ്റുകള്‍ക്കും ഇത് ബാധകമാണ്.

13. നിങ്ങള്‍ക്ക് തിരിച്ചടക്കാന്‍ പറ്റുന്ന കടം മാത്രം എടുക്കുക.

14. നിങ്ങൾ മുമ്പ് പണം കടം വാങ്ങിയിട്ടില്ലെങ്കിൽ, നിങ്ങൾക്ക് ഒരു നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടാകും എന്ന വസ്തുത എപ്പോഴും ശരിയാകാൻ സാധ്യതയില്ല. കാരണം, നിങ്ങളുടെ അപേക്ഷ വിലയിരുത്തുമ്പോൾ, കടം കൊടുക്കുന്നവർ നിങ്ങൾ കടം വാങ്ങുന്നത് തിരിച്ചടയ്ക്കാൻ കഴിയുമെന്നതിന്റെ തെളിവുകൾക്കായി തിരയുന്നു, അതിനാൽ തിരിച്ചടവുകളുടെ രേഖകൾ ഇല്ലാതിരിക്കുന്നത് നിങ്ങൾക്ക് എതിരായി വന്നേക്കാം.

ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ എന്തൊക്കെയാണ്?

18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം. ചില ക്രെഡിറ്റ് കാർഡുകൾക്ക് കുറഞ്ഞത് 21 വയസ്സ് വേണം. യുകെയിൽ ജീവിക്കാൻ പൂർണ്ണ അവകാശമുള്ള UK Resident (rights to live) ആയിരിക്കണം. മൂന്ന് വർഷത്തെയെങ്കിലും UK address ചരിത്രമുണ്ടായിരിക്കണം. സ്ഥിരമായ വാർഷിക വരുമാനം ഉണ്ടായിരിക്കണം. പാപ്പരായി (bankrupted) പ്രഖ്യാപിച്ച ആളായിരിക്കരുത്. ഒപ്പം County Court Judgements , Individual Voluntary Arrangements എന്നീ പണസംബന്ധമായ ഗുലുമാലുകളിൽ പെട്ട വ്യക്തിയാവരുത്.

നിങ്ങൾ തൊഴിൽരഹിതനാണെങ്കിൽ, ഒരു തരത്തിലുള്ള വരുമാനവും നിങ്ങള്‍ക്ക് ഇല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നത് ബുദ്ധിമുട്ടാക്കും. കാരണം, മിക്ക ക്രെഡിറ്റ് കമ്പനികളും ക്രെഡിറ്റ് പരിഗണിക്കപ്പെടുന്നതിന് അപേക്ഷകന് കുറഞ്ഞ വരുമാനം എങ്കിലും ഉണ്ടായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നു.

എങ്ങനെയാണ് ക്രെഡിറ്റ് പരിധി നിശ്ചയിക്കുന്നത് ?

ക്രെഡിറ്റ് കാർഡ് പരിധി പല പ്രധാന കാര്യങ്ങളെ ആശ്രയിച്ചിരിക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറും ചരിത്രവും. നിങ്ങളുടെ ശമ്പളവും മറ്റ് വരുമാനവും. കുടിശ്ശികയുള്ള ഏതെങ്കിലും വായ്പകൾ അല്ലെങ്കിൽ കടങ്ങൾ. നിങ്ങളുടെ വരവ് ചെലവ് എന്നിവ അടിസ്ഥാനമാക്കി വിലയിരുത്തുന്നു.

ചില പ്രധാന കാര്യങ്ങള്‍ കൂടി....

ലേറ്റ് പെനാൽറ്റി ചാർജുകൾ ഒഴിവാക്കുന്നതിന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾ കടം വാങ്ങിയതോ ഉപയോഗിച്ചതോ ആയ തുക നിശ്ചിത സമയപരിധിക്കുള്ളിൽ തിരിച്ചടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണം പിന്‍വലിക്കുകയാണെങ്കില്‍ അതിന് നിങ്ങള്‍ പലിശ കൊടുക്കേണ്ടിവരും. അതിനാല്‍ വളരെ അത്യാവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മാത്രം ഈ ഇടപാട് നടത്തുക.

ധാരാളം ക്രെഡിറ്റ് കാർഡുകൾ ഉള്ളവർ ക്രെഡിറ്റ് ചരിത്രമില്ലാത്തവർ, എന്നിവരുടെ ക്രെഡിറ്റ് റേറ്റിങ് നല്ലതായിരിക്കുകയില്ല. ക്രെഡിറ്റ് നന്നായി കൈകാര്യം ചെയ്യാനും നല്ല തിരിച്ചടവ് ചരിത്രവുമുള്ള ആളുകൾക്ക് നല്ല ക്രെഡിറ്റ് സ്കോറിങ് ലഭിക്കുന്നു. ലോണുകൾക്കും, മോർട്ടഗേജ് എടുക്കുമ്പോഴും അങ്ങനെ പല ക്രെഡിറ്റ് ഇടപാടുകൾക്കും മികച്ച ക്രെഡിറ്റ് സ്കോറിങ് ഗുണം ചെയ്യുന്നു.

ഓരോ കാര്‍ഡിലേയും പരമാവധി തുക പൂര്‍ണ്ണമായും ഉപയോഗിക്കുന്നതും നല്ലതല്ല. 10,000 ഉള്ള കാര്‍ഡില്‍ നിന്ന് 7000 വരെ എടുക്കുന്നത് മികച്ച വിനിമയമായി കണക്കാക്കും.

വിദ്യാർത്ഥി വായ്പകളില്‍ തിരിച്ചടവിന്റെ അഭാവത്തിൽ നിങ്ങൾക്കെതിരെ ഒരു കൗണ്ടി കോടതി വിധി ഉണ്ടായിട്ടില്ലെങ്കിൽ, സ്റ്റുഡന്റ് ലോൺ കമ്പനി ക്രെഡിറ്റ് റഫറൻസ് ഏജൻസികൾക്ക് വിവരങ്ങള്‍ കൈമാറില്ല.

Defaults അല്ലെങ്കില്‍ missed payments സാധാരണയായി നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ ആറ് വർഷത്തേക്ക് നിലനിൽക്കും. നിങ്ങൾ ഒരു അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ, missed payments അടച്ചതിന് ശേഷവും ആറ് വർഷത്തേക്ക് അക്കൗണ്ടിൽ നിലനിൽക്കും, അതിനാൽ അത് മനസ്സിൽ വയ്ക്കുക. Bankruptcy പ്രഖ്യാപിക്കപ്പെട്ട തീയതി മുതൽ ആറ് വർഷത്തേക്ക് അതിന്റെ രേഖ റിപ്പോര്‍ട്ടില്‍ ഉണ്ടാകും. അതിന് ശേഷം കേസ് അത് ഡിസ്ചാർജ് ചെയ്യപ്പെടുകയാണെങ്കിൽ bankruptcy റിപ്പോര്‍ട്ട്‌ തുടച്ചുനീക്കപ്പെടും.

ഏതെങ്കിലും പ്രധാന ആപ്ലിക്കേഷന് മുമ്പായി നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുകActive ആയി നില്‍ക്കുന്ന ഒരു പഴയ മൊബൈൽ ഫോൺ കരാറോ ക്രെഡിറ്റ് കാർഡോ ഉണ്ടെങ്കിൽ അതിലെ വിലാസങ്ങൾ പരിശോധിക്കുക. തെറ്റായ വിലാസം ക്രെഡിറ്റ് റഫറൻസ് ഫയലുകളിൽ സജീവമായി ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഐഡി പരിശോധനകൾ കാരണം ആപ്ലിക്കേഷനുകളെ തടസ്സപ്പെടുത്തും. ഇക്കാരണത്താൽ മോർട്ട്ഗേജുകൾ നിരസിക്കപ്പെടാറുണ്ട്.

പ്രതിമാസ തവണകളായ് ഇൻഷുറൻസ് പണമടയ്ക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, അവര്‍ 'ഹാർഡ് സെർച്ച്' നടത്തും, ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. നിങ്ങൾക്ക് കഴിയുമെങ്കിൽ എല്ലായ്പ്പോഴും മുൻകൂറായി പണമടയ്ക്കുന്നത് നല്ലതാണ്.

Other News