Sunday, 06 October 2024

പെർമനൻ്റ് റെസിഡൻസിയ്ക്കുള്ള അപേക്ഷാ ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മലയാളി നഴ്സ് തുടങ്ങിയ ഇ - പെറ്റീഷൻ 20,000 ഒപ്പുകൾ കടന്നു. 100,000 ഒപ്പുകൾ ലഭിച്ചാൽ പാർലമെൻ്റിൽ ഡിബേറ്റിനിടും. ഈ ക്യാമ്പയിന് പിന്തുണ നല്കൂ.

പെർമനൻ്റ് റെസിഡൻസിയ്ക്കുള്ള അപേക്ഷാ ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മലയാളി നഴ്സ് തുടങ്ങിയ ഇ - പെറ്റീഷൻ ഒപ്പുകൾ 20,000 കടന്നു. 10,000 ഒപ്പുകൾ എന്ന ടാർജറ്റ് കഴിഞ്ഞപ്പോൾ ഹോം ഓഫീസ് ഇതിൽ പ്രതികരിച്ചിരുന്നു. 100,000 ഒപ്പുകൾ ലഭിച്ചാൽ പാർലമെൻ്റിൽ ഇക്കാര്യം ഡിബേറ്റിനിടും. ലൂട്ടണിൽ താമസിക്കുന്ന മലയാളി നഴ്സായ മിക്ടിൻ ജനാർദ്ദനൻ പൊൻമലയാണ് ബ്രിട്ടണിലെ ഏറ്റവും ജനാധിപത്യപരമായ പബ്ളിക് റെസ്പോൺസ് സിസ്റ്റമായ ഇ -പെറ്റീഷനിലൂടെ എൻഎച്ച്എസിലെ ഹെൽത്ത് കെയർ വർക്കേഴ്സിനായി രംഗത്ത് എത്തിയിരിക്കുന്നത്.

പൊതുജന താത്പര്യമുള്ള വിഷയങ്ങളാണ് ഇ - പെറ്റീഷനിലൂടെ ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിയുന്നത്. വിഷയത്തിൻ്റെ ഹ്രസ്വമായ വിവരണം ഇ - പെറ്റീഷൻ കമ്മിറ്റിയ്ക്ക് സമർപ്പിക്കുകയാണ് ആദ്യമായി ചെയ്യുന്നത്. ബ്രിട്ടണിൽ താമസക്കാരായ ആർക്കും ഇ - പെറ്റീഷൻ തുടങ്ങാം. ഇ - പെറ്റീഷൻ കമ്മിറ്റി അപ്രൂവ് ചെയ്ത് കഴിഞ്ഞാൽ സോഷ്യൽ മീഡിയയിലൂടെ ക്യാമ്പയിൻ നടത്താം. ഇത് തികച്ചും നിയമപരമായ കാര്യമാണ്. ഇതിൽ ഒപ്പുവയ്ക്കുന്നത് ഒരിക്കലും ഗവൺമെൻ്റിനെതിരായ നടപടിയല്ല.

പൊതുജനാവശ്യങ്ങൾ ഗവൺമെൻ്റിൻ്റെ സത്വര ശ്രദ്ധയിൽ കൊണ്ടുവരാൻ ഗവൺമെൻ്റ് തന്നെ നല്കിയിരിക്കുന്ന മാർഗമാണ് ഇ - പെറ്റീഷനുകൾ. ഇതിൽ ഒപ്പുവയ്ക്കുന്നത് ജോലിയ്ക്കോ ഭാവിയിലെ വിസാ ആപ്ളിക്കേഷനുകൾക്കോ ഒരു തടസവും ഉണ്ടാക്കുകയില്ല. ഒപ്പുകൾ 10,000 കഴിഞ്ഞാൽ വിഷയവുമായി ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറ് പ്രതികരണം നല്കും. 100,000 ഒപ്പുകൾ ലഭിച്ചാൽ ഇക്കാര്യം പാർലമെൻ്റിൽ എം.പിമാർ ചർച്ച ചെയ്യും.

ഇൻഡെഫിനിറ്റ് ലീവ് ടു റിമെയ്ന് അപേക്ഷിക്കുമ്പോൾ ഒരാൾക്ക് 2396 പൗണ്ടാണ് ഹോം ഓഫീസ് ഈടാക്കുന്നത്. നാല് പേരടങ്ങുന്ന ഒരു കുടുംബം അപേക്ഷിക്കുമ്പോൾ ആകെ തുക 10,000 പൗണ്ട് കടക്കും. വിസാ ഫീസിന് പുറമേ വിസാ അപ്പോയിൻ്റ്മെൻറ് ഫീസ്, ആപ്ളിക്കേഷൻ ഫാസ്റ്റ് ട്രാക്കിംഗ് ഫീസ് തുടങ്ങിയവ വേറെയും. യുകെയിൽ പുതുതായി എത്തുന്ന ഒരു നഴ്സിന് ഏകദേശം 25,000 പൗണ്ടോളമേ ശമ്പളം കിട്ടുന്നുള്ളൂ. ഇവിടെ അഞ്ച് വർഷം പൂർത്തിയാക്കിക്കഴിയുമ്പോൾ ശമ്പളം അല്പം കൂടി കൂടിയേക്കാം. എന്നാൽ ടാക്സും നാഷണൽ ഇൻഷുറൻസും റെൻ്റും മറ്റു ജീവിതച്ചിലവുകളും കഴിയുമ്പോൾ മിച്ചം വയ്ക്കാൻ കാര്യമായൊന്നും ഉണ്ടാവില്ല. അതിനൊപ്പം ഭീമമായ വിസാ ഫീസ് ഈടാക്കുന്നത് കുറയ്ക്കണമെന്നാണ് മിക്ടിൻ ഇ - പെറ്റീഷനിൽ ആവശ്യപ്പെടുന്നത്. പെർമനൻ്റ് റെസിഡൻസി ആപ്ളിക്കേഷൻ പ്രോസസ് ചെയ്യുന്നതിന് 243 പൗണ്ട് മാത്രമേ ഹോം ഓഫീസിന് ചിലവുള്ളൂ.

ബ്രിട്ടീഷ് ആംഡ് ഫോഴ്സസിൽ ജോലി ചെയ്യുന്ന ഓവർസീസ് സിറ്റിസൺസിൻ്റെ വിസാ ആപ്ളിക്കേഷൻ ഫീയിൽ ഹോം ഓഫീസ് ഇളവ് നല്കിയിരുന്നു. വളരെ നാളുകൾ നീണ്ടു നിന്ന ആ ക്യാമ്പയിനിൻ്റെ വിജയം എൻഎച്ച്എസിലെ ഹെൽത്ത് കെയർ വർക്കേഴ്സിനായുള്ള ഈ നീക്കത്തിനും ഊർജം പകരുന്നതാണെന്ന് മിക്ടിൻ മലയാളം ടൈംസിനോട് പറഞ്ഞു. എൻഎച്ച്എസിലെ ഹെൽത്ത് കെയർ വർക്കേഴ്സും അവരുടെ കുടുംബാംഗങ്ങളും യുകെയിൽ നിലവിൽ പെർമനൻ്റ് റസിഡൻസി ലഭിച്ചിട്ടുള്ളവരും സിറ്റിസൺഷിപ്പ് നേടിയവരും വിവിധ മലയാളി സംഘടനകളും കൂട്ടായി പരിശ്രമിച്ചാൽ മലയാളി നഴ്സ് തുടങ്ങിയ ഈ പെറ്റീഷൻ ബ്രിട്ടീഷ് പാർലമെൻറിൽ  ചർച്ചയ്ക്കെടുക്കും.

ഈ ക്യാമ്പയിന് പിന്തുണ നല്കുന്നതിനും ഇ - പെറ്റീഷൻ ഒപ്പുവയ്ക്കുന്നതിനും ഈ ലിങ്കിൽ ക്ളിക്ക് ചെയ്യുക

 

 

Other News