Monday, 23 December 2024

ഗാർഹിക വരുമാനം 1,000 പൗണ്ടോളം കുറയും. ബ്രിട്ടണിലെ ഓരോ കുടുംബങ്ങളും സാമ്പത്തിക ഞെരുക്കം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്.

റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ ബ്രിട്ടണിലെ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റുകൾ അപ്രതീക്ഷിതമായ സാമ്പത്തിക ഞെരുക്കം നേരിടേണ്ടി വരുമെന്ന് ദി റെസല്യൂഷൻ ഫൗണ്ടേഷൻ മുന്നറിയിപ്പ് നല്കി. ഏപ്രിൽ മുതൽ ആരംഭിക്കുന്ന സാമ്പത്തിക വർഷത്തിൽ ഗാർഹിക വരുമാനം 1,000 പൗണ്ടോളം കുറയുമെന്നാണ് കണക്കാക്കുന്നത്.  ബ്രിട്ടണിലെ ഓരോ കുടുംബങ്ങൾക്കും അധികച്ചിലവുണ്ടാകുന്ന രീതിയിൽ വിലക്കയറ്റം വിവിധ മേഖലകളിൽ ദൃശ്യമാണ്. ഓയിലിൻ്റെയും ഗ്യാസിൻ്റെയും വില വർദ്ധനയും പെട്രോൾ, ഡീസൽ വില വർദ്ധനയും ജനങ്ങൾക്ക് അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.

അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന മാറ്റങ്ങൾ ബ്രിട്ടണിലും പ്രതിഫലിക്കും. ഗ്യാസ്, ഇലക്ട്രിസിറ്റി  നിരക്കുകളിൽ വർദ്ധന വരുത്താൻ ഓഫ് ജെം അനുമതി നല്കിയതോടെ ഏപ്രിൽ 1 മുതൽ എനർജി നിരക്കുകൾ 54 ശതമാനം ഉയരും. തുടർന്ന് ഒക്ടോബറിൽ 12 ശതമാനം വർദ്ധനയും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ യൂറോപ്പ് സംഘർഷ കലുഷിതമായി മാറുന്നത് വിപണിയിൽ വൻ ചലനങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

നാണയപ്പെരുപ്പം ബ്രിട്ടണിൽ റെക്കോർഡ് നിരക്കിൽ എത്തിയിട്ടുണ്ട്. കൺസ്യൂമർ പ്രൈസ് ഇൻഡക്സ് 8 ശതമാനത്തിലേയ്ക്ക് എത്തുമെന്നാണ് സൂചന. ഏപ്രിൽ മുതൽ നാഷണൽ ഇൻഷുറൻസ് വർദ്ധനയും ഗവൺമെൻ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

Other News