Monday, 23 December 2024

യുക്രെയിനിലെ യുദ്ധഭൂമിയിൽ നിന്ന് അഭയം തേടി 11 വയസുകാരൻ യാത്ര ചെയ്തത് 750 മൈൽ ദൂരം. എത്തിയത് സ്ളോവാക്യയിൽ.

ബോംബുകളുടെയും മിസൈലുകളുടെയും പ്രഹരം ഇടവിടാതെ ഏറ്റുവാങ്ങുന്ന യുക്രെയിനിൽ നിന്നും പാലായനം തുടരുന്നു. ഏകദേശം രണ്ടു മില്യണോളം ആളുകളാണ് അഭയാർത്ഥികളായിരിക്കുന്നത്. ഇതിൽ 1.2 മില്യൺ ആളുകൾ പോളണ്ടിലേയ്ക്കാണ് അഭയം തേടി പോയിരിക്കുന്നത്. 140,000 ഓളം പേർ സ്ളോവാക്യയിലെത്തി.

യുക്രെയിനിലെ യുദ്ധഭൂമിയിൽ നിന്ന് അഭയം തേടിയ 750 മൈൽ ദൂരം  പതിനൊന്നു വയസുകാരൻ യാത്ര ചെയ്തത് സംഭവം ഇപ്പോൾ യുക്രെയിൻ ജനതയുടെ യാതന വെളിപ്പെടുത്തുന്നതാണ്. ഈസ്റ്റേൺ യുക്രെയിനിൽ നിന്നാണ് ഹാസൻ എന്ന ബാലൻ  സ്ളോവാക്യയിൽ എത്തിയത്. സപ്പോരിഷിയ എന്ന സ്ഥലത്തിനടുത്തുള്ള യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ന്യൂക്ളിയർ പവർ സ്റ്റേഷനുനേരെ റഷ്യൻ മിലിട്ടറി ആക്രമണം നടത്തിയതോടെയാണ് ഹാസനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ അവൻ്റെ അമ്മ തീരുമാനിച്ചത്.

തുടർന്ന് ഹാസനെ ഒരു ട്രെയിനിൽ കയറ്റി സ്ളോവാക്യയിലേയ്ക്ക് അമ്മ പറഞ്ഞയയ്ക്കുകയായിരുന്നു. പ്രായമായ അമ്മയെ തനിയെ ഇട്ട് പോകാൻ കഴിയില്ലാതിരുന്നതിനാൽ ഹാസൻ്റെ അമ്മ ജൂലിയ പിസെക്കയ്ക്ക് മകനെ തനിയെ അയയ്ക്കുക മാത്രമേ മാർഗമുണ്ടായിരുന്നുള്ളൂ. കൈയിൽ രണ്ടു ബാഗുകളും പാസ്പോർട്ടും ഒരു ഫോൺ നമ്പരും മാത്രം. ട്രെയിനിൽ തനിച്ച് യാത്ര ചെയ്ത് സ്ലോവാക്യൻ ബോർഡറിലെത്തിയ ഹാസനെ കസ്റ്റംസ് ഓഫീഷ്യലുകൾ സഹായിച്ചു. ഭക്ഷണവും വെള്ളവും നല്കി.

ഹാസൻ്റെ ധൈര്യത്തെ സ്ളോവാക്യൻ ഒഫീഷ്യലുകൾ പുകഴ്ത്തി. ധീരനായ ബാലനെന്നാണ് അവർ ഹാസനെ വിശേഷിപ്പിച്ചത്. ഹാസൻ്റെ കൈയിൽ എഴുതിയിരുന്ന ഫോണിൽ നമ്പരിൽ സ്ളോവാക്യയിലുള്ള ബന്ധുക്കളെ വിളിച്ച് അവനെ കസ്റ്റംസ് ഓഫീഷ്യലുകൾ അവർക്ക് കൈമാറി. തൻ്റെ മകനെ സുരക്ഷിതമായി ബന്ധുക്കളുടെ അടുത്തെത്തിക്കാൻ സഹായിച്ച എല്ലാവരോടും ഒരു വീഡിയോയിലൂടെ അമ്മ നന്ദി പറഞ്ഞു. സ്ളോവാക് പോലീസ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Other News