Wednesday, 22 January 2025

ഇന്ത്യൻ സംഗീതത്തിനൊത്ത് തകർത്താടി മലയാളി പെൺകൊടികൾ... പാർക്ക്സ്റ്റോൺ ഗ്രാമർ സ്കൂൾ, പൂളിലെ ഡാൻസ് കോമ്പറ്റീഷനിൽ നേടിയത് ചരിത്ര വിജയം

ഡാൻസ് ഫ്ളോറിൽ തൊട്ടു നമസ്കരിച്ച് അവർ ആടിത്തിമർത്തപ്പോൾ കൈപ്പിടിയിലൊതുങ്ങിയത് ചരിത്രനേട്ടം. പൂളിലെ പാർക്ക്സ്റ്റോൺ ഗ്രാമർ സ്കൂളിലാണ് മലയാളി പെൺകുട്ടികൾ വിജയക്കൊടി പാറിച്ചത്. സ്കൂളിലെ ജിം ആൻഡ് ഡാൻസ് കോമ്പറ്റീഷൻ - 2022 ലാണ് മലയാളി സ്റ്റുഡൻ്റുകൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. സ്കൂളിൻ്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ ഡാൻസ് ഗ്രൂപ്പ് ഈ കോമ്പറ്റീഷനിൽ വിജയംനേടുന്നത്.

ചകാ ചക്, ശുഭാരംഭ്, നാഗദാ സാംഗ് ദോൽ എന്നീ ഗാനങ്ങൾക്കാണ് ഇവർ ചുവടു വച്ചത്. സ്കൂളിലെ കുട്ടികളുടെ കൈയടികൾക്കും ആർപ്പുവിളികൾക്കുമിടയിൽ വർണാഭമായ കോസ്റ്റ്യൂമിൽ ജോഷിക പിള്ള, അമിത ഉല്ലാസ്, ഷാരോൺ സെബാസ്റ്റ്യൻ, ആൽവിനാ ജെയ്സ്, ഒലീവിയ ജെയ്സ്, ഇഷാ ജോൺ എന്നിവരുടെ ടീമിൻ്റെ പ്രകടനം ഏവരുടെയും മനം കവർന്നു. വിവിധങ്ങളായ ഇംഗ്ലീഷ് സ്റ്റൈൽ പ്രകടനം കാഴ്ചവച്ച മറ്റു ഡാൻസ് ടീമുകളോട് മത്സരിച്ചാണ് ഈ ചുണക്കുട്ടികൾ കോണ്ടസ്റ്റിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. കഠിനാദ്ധ്വാനവും മനോഹരമായ കോറിയോഗ്രഫിയുമായി സ്റ്റേജിലെത്തി, അഭിമാനാർഹമായ വിജയം നേടിയതിൻ്റെ സന്തോഷത്തിലാണ് പൂളിലെ മിടുക്കികൾ.

പൂളിലും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള 11 നും 18 നുമിടയിൽ പ്രായമുള്ള പെൺകുട്ടികളാണ് പാർക്ക് സ്റ്റോൺ ഗ്രാമർ സ്കൂളിൽ പഠിക്കുന്നത്. പഠനത്തിനു പുറമേ മ്യൂസിക്കൽ, തിയാട്രിക്കൽ, സ്പോർട്ടിംഗ്, സ്പീക്കിംഗ്, ചാരിറ്റബിൾ അവസരങ്ങൾ ഈ സ്കൂൾ വിദ്യാർത്ഥികൾക്ക് നല്കുന്നുണ്ട്. എല്ലാ മേഖലയിലും മലയാളി സ്റ്റുഡൻറുകൾ പ്രശംസനീയമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്.

മലയാളി സ്റ്റുഡൻ്റ്സിൻ്റെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഡാൻസ് ആസ്വദിക്കാൻ ഈ ലിങ്ക് ക്ളിക്ക് ചെയ്യുക.

Other News