ഈസ്റ്റർ ഹോളിഡേ സമയമാകുമ്പോഴേയ്ക്കും പാസഞ്ചർ ലൊക്കേറ്റർ ഫോം അടക്കമുള്ള കോവിഡ് യാത്രാ നിയന്ത്രണങ്ങൾ എടുത്തു കളയാൻ സാധ്യത
ഈസ്റ്റർ ഹോളിഡേ സമയമാകുമ്പോഴേയ്ക്കും ഇപ്പോൾ നിലവിലുളള മറ്റു കോവിഡ് യാത്രാ നിയന്ത്രണങ്ങൾ കൂടി എടുത്തു കളയാനുള്ള സാധ്യത ഗവൺമെൻ്റ് പരിഗണിക്കുന്നതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തു. പാസഞ്ചർ ലൊക്കേറ്റർ ഫോം അടക്കമുള്ളവ ഇതിൽ ഉൾപ്പെടുത്തിയേക്കും. അടുത്തയാഴ്ച നടക്കുന്ന കോവിഡ് ഓപ്പറേഷൻസ് കമ്മിറ്റി മീറ്റിംഗിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. വാക്സിൻ എടുക്കാത്ത പാസഞ്ചേഴ്സിൻ്റെ ടെസ്റ്റ് ഒഴിവാക്കുന്ന കാര്യവും കമ്മിറ്റി പരിഗണിക്കുന്നുണ്ട്. നിലവിൽ വാക്സിനേറ്റഡ് ആയിട്ടുള്ളവർക്ക് മാത്രമേ കോവിഡ് ടെസ്റ്റ് ഇല്ലാതെ യുകെയിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ.
പാസഞ്ചർ ലൊക്കേറ്റർ ഫോം യാത്രയ്ക്ക് 72 മണിക്കൂറിനുളളിൽ നല്കണമെന്നാണ് ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. അഡ്രസ്, മൊബൈൽ നമ്പർ, പാസ്പോർട്ട്, ഫ്ളൈറ്റ് വിവരങ്ങൾ എന്നിവ ഇതിൽ നല്കണം. എന്നാൽ യൂറോപ്യൻ രാജ്യങ്ങളായ ഗ്രീസും ബെൽജിയവുമടക്കമുള്ളവർ ഈ നിയന്ത്രണം നേരത്തെ ഒഴിവാക്കിയിരുന്നു. വാക്സിനേറ്റഡ് അല്ലാത്തവർ ഐസൊലേറ്റ് ചെയ്യണമെന്ന നിയമം കഴിഞ്ഞ മാസം ഗവൺമെൻ്റ് ഒഴിവാക്കിയിരുന്നു.