Monday, 23 December 2024

കൗൺസിൽ ടാക്സ് റിബേറ്റായ 150 പൗണ്ട് ഏപ്രിലിൽ ലഭിക്കും. A മുതൽ D വരെയുള്ള പ്രോപ്പർട്ടി ബാൻഡുകൾക്ക് ബാധകം

കൗൺസിൽ ടാക്സ് റിബേറ്റായ 150 പൗണ്ട് ഏപ്രിൽ മാസം നൽകും. A മുതൽ D വരെയുള്ള കൗൺസിൽ ടാക്സ് ബാൻഡിലുള്ള പ്രോപ്പർട്ടികൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. എനർജി സപ്പോർട്ട് പേയ്മെൻറായാണ് ഇത് നല്കുന്നത്. എനർജി റെഗുലേറ്ററായ ഓഫ്ജെം നിരക്ക് വർദ്ധന പ്രഖ്യാപിച്ചതിനെ തുടർന്നാണ് ബ്രിട്ടീഷ് ചാൻസലർ റിഷി സുനാക്ക് ഈ ആശ്വാസ പദ്ധതി മുന്നോട്ട് വച്ചത്. ജീവിതച്ചിലവ് വർദ്ധിക്കുന്ന സാഹചര്യം പരിഗണിച്ചാണ് കൗൺസിൽ ടാക്സ് റിബേറ്റ് നല്കാൻ ഗവൺമെൻ്റ് തീരുമാനിച്ചത്.

ഗ്യാസ്, ഇലക്ട്രിസിറ്റി  നിരക്കുകളിൽ വർദ്ധന വരുത്താൻ ഓഫ് ജെം അനുമതി നല്കിയതോടെ ഏപ്രിൽ 1 മുതൽ എനർജി നിരക്കുകൾ 54 ശതമാനം ഉയരും. തുടർന്ന് ഒക്ടോബറിൽ 12 ശതമാനം വർദ്ധനയും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ യൂറോപ്പ് സംഘർഷ കലുഷിതമായി മാറുന്നതും വിപണിയിൽ കൂടുതൽ ചലനങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

കൗൺസിൽ ടാക്സ് റിബേറ്റിനായി അപേക്ഷ നല്കേണ്ടതില്ല. കൗൺസിൽ ടാക്സ് ഡയറക്ട് ഡെബിറ്റ് വഴി പേ ചെയ്യുന്നവരുടെ അക്കൗണ്ടിലേയ്ക്ക് റിബേറ്റ് ഗവൺമെൻ്റ് നേരിട്ട് നല്കും. അല്ലാത്തവരെ ലോക്കൽ ഗവൺമെൻ്റ് നേരിട്ട് ബന്ധപ്പെട്ട് പേയ്മെൻറ് നല്കും. 20 മില്യണോളം പ്രോപ്പർട്ടികൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. ഇതിൽ 95 ശതമാനത്തോളം റെൻ്റൽ പ്രോപ്പർട്ടികളും ഉൾപ്പെടും.
 

Other News