Tuesday, 24 December 2024

അഞ്ചിനും പതിന്നൊന്നിനും വയസിനിടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ റോൾ ഔട്ട് അടുത്ത മാസം. വിമുഖത പ്രകടിപ്പിച്ച് ഭൂരിപക്ഷം മാതാപിതാക്കളും.

അഞ്ചിനും പതിന്നൊന്നിനും വയസിനിടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ റോൾ ഔട്ട് അടുത്ത മാസം ആരംഭിക്കും. എന്നാൽ തങ്ങളുടെ കുട്ടികൾക്ക് വാക്സിൻ നല്കുന്ന കാര്യത്തിൽ വിമുഖത പ്രകടിപ്പിക്കുകയാണ് ഭൂരിപക്ഷം മാതാപിതാക്കളും.  നാലിലൊന്ന് മാതാപിതാക്കൾ മാത്രമേ കുട്ടികൾക്ക് വാക്സിൻ നല്കുമെന്ന് ഉറപ്പ് നല്കുന്നുള്ളൂ. 33 ശതമാനം ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തില്ല. 30 ശതമാനം മാതാപിതാക്കൾ വാക്സിൻ കുട്ടികൾക്ക് നൽകേണ്ടതില്ല എന്ന തീരുമാനത്തിലാണെന്ന് സർവേ വെളിപ്പെടുത്തി.

ഇതേ കാറ്റഗറിയിലുള്ള ക്ളിനിക്കൽ കണ്ടീഷനുകൾ ഉള്ള കുട്ടികൾക്ക്‌ ജനുവരിയിൽ മുതൽ കോവിഡ് വാക്സിൻ നല്കിത്തുടങ്ങിയിരുന്നു. അര മില്യൺ കുട്ടികൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. ഏപ്രിൽ മുതൽ ആറ് മില്യൺ കുട്ടികൾക്ക് വാക്സിൻ നല്കാനാണ് പദ്ധതിയിടുന്നത്. കുട്ടികൾക്ക് വാക്സിൻ നല്കുന്നതാണ് നല്ലതെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

കുട്ടികളിൽ നിസാര രോഗ ലക്ഷണങ്ങളേ കോവിഡ് സൃഷ്ടിക്കുന്നുള്ളൂവെങ്കിലും ലോംഗ് കോവിഡ് ഉണ്ടാകാനുള്ള സാധ്യത പരിഗണിക്കേണ്ടിയിരിക്കുന്നുവെന്ന് ജി.പിയായ ഡോ. ഫിലിപ്പാ കേയ് പറഞ്ഞു. കോവിഡ് വന്ന ചില കുട്ടികളിൽ പീഡിയാട്രിക് ഇൻഫ്ളമേറ്ററി മൾട്ടി സിസ്റ്റം സിൻഡ്രോം കാണപ്പെട്ടിരുന്നു. ശരീരത്തിൽ നീർവീക്കം ഉണ്ടാകുന്ന അവസ്ഥയാണിത്. പ്രൈമറി സ്കൂളുകളാണ് കോവിഡ് വ്യാപനത്തിന് ഏറ്റവും സാധ്യത കൂടുതലുള്ളയിടമായി വിദഗ്ദർ കരുതുന്നത്.

Other News