Thursday, 21 November 2024

എനർജി ബില്ലുകൾ ഏറ്റവും കുറയ്ക്കുവാൻ... ഏപ്രിൽ 1 ന് എനർജി പ്രൈസ് ക്യാപ്പ് ഉയരുന്നതിന് മുൻപ് ചെയ്യേണ്ട പത്തു കാര്യങ്ങൾ

ഏപ്രിൽ 1 മുതൽ യുകെയിൽ എനർജി നിരക്കുകൾ കുത്തനെ ഉയരും. താരിഫ് 54 ശതമാനം വർദ്ധിപ്പിക്കാൻ എനർജി റെഗുലേറ്ററായ ഓഫ് ജെം അനുമതി നല്കിക്കഴിഞ്ഞു. നിരക്ക് ഉയരുന്നതിനനുസരിച്ച് കൂടിയ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകൾ ഉപഭോക്താക്കൾ അയയ്ക്കേണ്ടതായി വരും. എന്നാൽ ഗ്യാസ്, ഇലക്ട്രിസിറ്റി എന്നിവയുടെ ഉപയോഗം മെച്ചപ്പെട്ട രീതിയിൽ ക്രമീകരിച്ചാൽ മീറ്റർ റീഡിംഗിൽ കുറവു വരുത്താനും നിരക്ക് കുറഞ്ഞ സമയത്ത് ഉപയോഗിക്കുന്നതിലൂടെ പണം ലാഭിക്കാനും കഴിയും. നിരക്ക് വർദ്ധനയ്ക്ക് മുൻപ് ചെയ്യേണ്ട പത്ത് കാര്യങ്ങൾ

1. സ്മാർട്ട് മീറ്റർ ഉപയോഗിക്കുക. ഇതിൽ ഓരോ ദിവസത്തെ ഉപയോഗിച്ച ഗ്യാസ്, ഇലക്ട്രിസിറ്റി സംബന്ധമായ വിവരങ്ങൾ ലഭ്യമാണ്. ഇത് മോണിട്ടർ ചെയ്ത് ഹോം അപ്ളൈയൻസ്, ഹീറ്റിംഗ് അടക്കമുള്ളവയുടെ ഉപയോഗം ക്രമീകരിക്കാം.

2. സ്മാർട്ട് മീറ്റർ ഇല്ലാത്തവർ മാർച്ച് 31 ന് ഗ്യാസ്, ഇലക്ട്രിക് റീഡിംഗുകൾ എനർജി കമ്പനിയ്ക്ക് നല്കുക. നിരക്കുയരുന്ന ഏപ്രിൽ 1 മുതൽ ലഭിക്കുന്ന ബില്ലുകൾ കൃത്യമാണോയെന്ന് പരിശോധിക്കാൻ ഇത് ഉപകരിക്കും

3. എനർജി ഉപയോഗം കുറയ്ക്കുന്ന ശീലം വളർത്തിയെടുക്കുക. വാഷിംഗ് മെഷീൻ ഉപയോഗിക്കുന്ന ടെമ്പറേച്ചർ 30 ഡിഗ്രിയിലേയ്ക്ക് താഴ്ത്തുക. വീടുകളിലെ ഹീറ്റിംഗിൻ്റെ സെറ്റ് പോയിൻ്റ് ഒരു ഡിഗ്രി കുറച്ചു വയ്ക്കാം. ആവശ്യമില്ലാത്ത സമയത്ത് ലൈറ്റുകളും അപ്ളയൻസസുകളും ഓഫാക്കുക.

4. എനർജി അക്കൗണ്ടിൽ ക്രെഡിറ്റ് ബാലൻസ് ഉണ്ടെന്ന് ഉറപ്പു വരുത്തുക. അധിക ബിൽ വരുമ്പോൾ അതിനായി ഈ തുക പ്രയോജനപ്പെടുത്താം.

5. ഓരോ മാസത്തെയും ഉപയോഗത്തിന് ആനുപാതികമായ തുകയാണ് ഡയറക്ട് ഡെബിറ്റിൽ എടുക്കുന്നതെന്ന് ഉറപ്പു വരുത്തുക. ഇതിൽ വ്യത്യാസമുണ്ടെങ്കിൽ എനർജി പ്രൊവൈഡറിനെ അറിയിക്കുക. ഡയറക്ട് ഡെബിറ്റ് തുക ബില്ലിനേക്കാൾ വളരെ കൂടുതലോ വളരെ കുറവോ അല്ലെന്ന് ഉറപ്പാക്കണം.

6. എനർജി ബില്ലുകൾ അടയ്ക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ അത് മറികടക്കാനുള്ള ഗ്രാൻ്റ് സൗകര്യം ഗവൺമെൻ്റും എനർജി കമ്പനികളും നല്കുന്നുണ്ട്. ദി വാം ഹോം ഡിസ്കൗണ്ട് സ്കീം ഈ വർഷത്തിൻ്റെ അവസാനം നിലവിൽ വരും. ചില എനർജി കമ്പനികൾ ഹോം ഇൻസുലേഷനും എനർജി എഫിഷ്യൻസി വർദ്ധിപ്പിക്കാനുള്ള സഹായങ്ങളും നല്കാറുണ്ട്.

7. എനർജി മാർക്കറ്റിൽ പുതിയ ഡീലുകൾ ലഭ്യമാണോയെന്ന് നിരീക്ഷിക്കുക. എനർജി കമ്പനികൾ തങ്ങളുടെ കസ്റ്റമേഴ്സിന് ഫിക്സഡ് ഡീലുകൾ ഓഫർ ചെയ്യാറുണ്ട്. ഈ ഡീലുകൾ എടുക്കുന്നത് ഗുണകരമാണ്. മെച്ചപ്പെട്ട ഡീലുകൾ ലഭ്യമായാൽ എനർജി കമ്പനി സ്വിച്ച് ചെയ്യാനും മടി കാണിക്കരുത്.

8. പുതിയ ഡീലുകൾ മാർക്കറ്റിൽ ഉണ്ടെങ്കിൽ അതിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ ശ്രമിക്കണം. നിലവിലെ കമ്പനി നൽകുന്ന നിരക്കനുസരിച്ച് എത്രമാത്രം ബിൽ വരുന്നുണ്ടെന്ന് കണക്കാക്കണം. ഇതിലും കുറഞ്ഞ നിരക്കാണ് പുതിയ ഡീലിൽ വരുന്നതെങ്കിൽ മാത്രം സ്വിച്ച് ചെയ്യുക. അതായത് നമ്മുടെ ബഡ്ജറ്റിൽ നിൽക്കുന്ന ബില്ലുകൾക്കും മെച്ചപ്പെട്ട ഡീലുകൾക്കും മാത്രമേ സൈൻ അപ്പ് ചെയ്യാവൂ.

9. വീട്ടിലെ മറ്റു ബില്ലുകളും പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്. ബ്രോഡ്ബാൻഡ്, ടിവി പാക്കേജുകൾ, ലാൻഡ് ലൈൻ ഫോൺ, മൊബൈൽ ഫോൺ ഡീലുകൾ എല്ലാം റിവ്യൂ ചെയ്യുക. മെച്ചപ്പെട്ട ഡീലുകൾ ലഭ്യമായാൽ അതിലേയ്ക്ക് മാറുക.

10. ഗവൺമെൻ്റ് ഓഫർ ചെയ്തിരിക്കുന്ന എനർജി റിബേറ്റായ 150 പൗണ്ട് ഏപ്രിലിൽ ലഭ്യമാകും. കൗൺസിൽ ടാക്സ് ബിൽ ഡയറക്ട് ഡെബിറ്റായി നൽകുന്നവർക്ക് ഈ തുക അക്കൗണ്ടിൽ നേരിട്ടെത്തും. പ്രോപ്പർട്ടി ബാൻഡ് A മുതൽ D വരെയുള്ളവയ്ക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. 

Other News