Tuesday, 03 December 2024

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വീണ്ടും ഉയർത്തി. മോർട്ട്ഗേജ് പേയ്മെൻ്റുകളിൽ അധിക സാമ്പത്തിക ബാധ്യതയ്ക്ക് സാധ്യത

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വീണ്ടും ഉയർത്തി. 0.5 ശതമാനത്തിൽ നിന്ന് 0.75 ശതമാനമായാണ് വർദ്ധനവ്. ഇന്ന് നടന്ന മോണിറ്ററി പോളിസി കമ്മിറ്റിയാണ് തീരുമാനമെടുത്തത്.  കമ്മിറ്റിയിലെ 8 അംഗങ്ങൾ നിരക്കുയർത്തുന്നതിനെ അനുകൂലിച്ചപ്പോൾ ഡെപ്യൂട്ടി ബാങ്ക് ഗവർണർ ജോൺ കൺലിഫ് നിരക്ക് നിലവിലെ റേറ്റിൽ തുടരണമെന്ന് അഭിപ്രായപ്പെട്ടു. പലിശ നിരക്ക് ഉയർത്തിയത് ഭാവിയിൽ മോർട്ട്ഗേജ് ഡീലുകൾ, ലോൺ പേയ്മെൻ്റുകൾ എന്നിവയിൽ അധിക സാമ്പത്തിക ബാധ്യത വരുത്തും. നാലു മാസത്തിനിടെ മൂന്നാമത്തെ തവണയാണ് പലിശ നിരക്ക് ഉയർത്തുന്നത്.

യുകെയിലെ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരുന്നതിനെ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തിയത്. ജനുവരിയിൽ 5.5 ശതമാനമായിരുന്നു കൺസ്യൂമർ പ്രൈസ് ഇൻഡക്സ്. പണപ്പെരുപ്പം 2 ശതമാനത്തിൽ നിലനിർത്തണമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗൈഡ് ലൈൻ. എന്നാലിത് വരും മാസങ്ങളിൽ 8 ശതമാനം കടക്കുമെന്നാണ് കണക്കാക്കുന്നത്. എനർജി നിരക്കിലുള്ള വർദ്ധനയും റഷ്യ - യുക്രെയിൻ സംഘർഷം മൂലമുള്ള പെട്രോൾ, ഡീസൽ വിലക്കയറ്റവും പലിശ നിരക്കുയർത്താൻ കാരണമായി.

ശരാശരി 26 പൗണ്ട് അധിക പേയ്മെൻ്റ് ട്രാക്കർ മോർട്ട്ഗേജിനും 16 പൗണ്ട് അധിക പേയ്മെൻ്റ് സ്റ്റാൻഡാർഡ് വേരിയബിൾ മോർട്ട്ഗേജിനും പലിശ വർദ്ധന മൂലം ഉണ്ടാവും. 2 മില്യനോളം മോർട്ട്ഗേജുകൾക്ക് പലിശ വർദ്ധന മൂലം അധിക ബാധ്യത ഉണ്ടാകും.

Other News