കുട്ടികളെ തല്ലിയാൽ ഇനി അറസ്റ്റും പ്രോസിക്യൂഷനും. പുതിയ നിയമം ഇന്നു മുതൽ വെയിൽസിൽ നടപ്പിൽ വന്നു.
കുട്ടികളെ തല്ലിയാൽ ഇനി മുതൽ നിയമ നടപടി നേരിടേണ്ടി വരും. ഇതു സംബന്ധിച്ച പുതിയ നിയമം ഇന്നു മുതൽ വെയിൽസിൽ നടപ്പിൽ വന്നു. നിയമ ലംഘനം നടത്തുന്നവരെ അറസ്റ്റു ചെയ്യാനും പ്രോസിക്യൂഷന് വിധേയമാക്കാനും നിയമം അധികാരം നല്കുന്നുണ്ട്. ഇത് ചരിത്ര പ്രാധാന്യമുള്ള ദിനമെന്നാണ് വെയിൽസിലെ ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫീൽഡ് വിശേഷിപ്പിച്ചത്. ശാരീരിക ശിക്ഷാരീതികൾ നിയമം മൂലം നിരോധിക്കുന്ന യുകെയിലെ രണ്ടാമത്തെ രാജ്യമായി വെയിൽസ് മാറി. നേരത്തെ സ്കോട്ട്ലൻഡിലും ഇതേ നിയമം നടപ്പിലാക്കിയിരുന്നു.
ഇംഗ്ലണ്ടിൽ ഇപ്പോഴും കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതിൽ നിയമപരമായ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. NSPCC ഇംഗ്ലണ്ടിലെ 3000 പേരിൽ നടത്തിയ സർവേയിൽ കുട്ടികളെ തല്ലുന്നത് നിരോധിക്കണമെന്ന് 64% പേരും ആവശ്യപ്പെട്ടു. ലോകത്താദ്യമായി കുട്ടികളെ തല്ലുന്നത് വിലക്കിയ രാജ്യം സ്വീഡനാണ്. 1979 ൽ ഈ നിയമം രാജ്യത്ത് നിലവിൽ വന്നു. തുടർന്ന് 62 രാജ്യങ്ങൾ കൂടി സ്വീഡിഷ് മാതൃക സ്വീകരിച്ചു.