കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു. എൻഎച്ച്എസ് സമ്മർദ്ദത്തിലെന്ന് ചീഫ് മെഡിക്കൽ ഓഫീസർ. പുതിയ കേസുകളിൽ കൂടുതലും ഒമിക്രോൺ വേരിയൻ്റ് BA.2.
ഇംഗ്ലണ്ടിൽ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു. ഇംഗ്ലണ്ടിൻ്റെ എല്ലാ ഭാഗങ്ങളിലും ഇത് അനുഭവപ്പെടുന്നുണ്ട്. രോഗം മൂലമുള്ള ഹോസ്പിറ്റലൈസേഷൻ്റെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്. ഇത് ഏപ്രിൽ വരെ തുടരാനാണ് സാധ്യതയെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി പറഞ്ഞു ഇത് മൂലം എൻഎച്ച്എസ് സമ്മർദ്ദം നേരിടുകയാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. പുതിയ കേസുകളിൽ കൂടുതലും ഒമിക്രോൺ വേരിയൻ്റ് BA.2 കാരണമാണ് ഉണ്ടായിട്ടുള്ളത്.
കൊറോണ വൈറസ് പൂർണമായും നിർമ്മാർജനം ചെയ്യപ്പെട്ടിട്ടില്ലെന്നതിൻ്റെ തെളിവാണ് കോവിഡ് കേസുകളിൽ പെട്ടെന്നുണ്ടായ വർദ്ധന സൂചിപ്പിക്കുന്നതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. ലോക്കൽ ഗവൺമെൻ്റ് അസോസിയേഷനുകളുടെയും അസോസിയേഷൻ ഓഫ് ഡയറക്ടേഴ്സ് ഓഫ് പബ്ളിക് ഹെൽത്തിൻ്റെയും ആനുവൽ കോൺഫ്രൻസിലാണ് ക്രിസ് വിറ്റി ഇത് വെളിപ്പെടുത്തിയത്. കോവിഡ് കേസുകൾ പൂർണമായും അവസാനിക്കുക എന്നത് അസാധ്യമായ കാര്യമായാണ് പരിഗണിക്കേണ്ടതെന്ന സൂചനയാണ് അദ്ദേഹം നല്കിയത്. ഇത് പതിറ്റാണ്ടുകളോളം ഒരു ഭീഷണിയായി തുടരാമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. എന്നാൽ കേസുകളിൽ വർദ്ധനയുണ്ടെങ്കിലും മരണ നിരക്കിൽ വർദ്ധനയില്ലെന്ന് ക്രിസ് വിറ്റി വെളിപ്പെടുത്തി.