Thursday, 19 September 2024

ഇംഗ്ലണ്ടിലെ പ്രായ പൂർത്തിയായവരിൽ 99 ശതമാനം പേരിലും കോവിഡ് ആൻറിബോഡി രൂപപ്പെട്ടിട്ടുണ്ടെന്ന് സർവേ.

ഇംഗ്ലണ്ടിലെ പ്രായ പൂർത്തിയായവരിൽ 99 ശതമാനം പേരിലും കോവിഡ് ആൻറിബോഡി രൂപപ്പെട്ടിട്ടുണ്ടെന്ന് സർവേ വെളിപ്പെടുത്തി. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പന്ത്രണ്ടിനും പതിനഞ്ചിനുമിടയിൽ പ്രായമുള്ള കുട്ടികളിൽ 96 ശതമാനം പേർക്കും എട്ടിനും പതിനൊന്നിനുമിടയിൽ പ്രായമുള്ളവരിൽ 81 ശതമാനത്തിനും കോവിഡ് ആൻ്റിബോഡിയുണ്ട്. ഫെബ്രുവരി 28 വരെയുള്ള കണക്കാണ് ഒ എൻ എസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവിഡ്  ഇൻഫെക്ഷൻ മൂലമോ വാക്സിനേഷൻ കാരണമോ ആൻറിബോഡി ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടാം.

75,000 പേരിൽ നിന്ന് ബ്ളഡ് സാമ്പിളുകൾ ശേഖരിച്ചാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് അനാലിസിസ് നടത്തിയത്. യുകെയിൽ ആദ്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിൻ്റെ രണ്ടാം വാർഷികത്തിലാണ് ഇക്കാര്യം പുറത്തു വന്നിരിക്കുന്നത്. 2020 മാർച്ച് 23 നാണ് ബ്രിട്ടണിൽ ലോക്ക് ഡൗൺ പ്രഖ്യാപനമുണ്ടായത്. ബ്രിട്ടണിലെ 85 ശതമാനമാളുകൾക്കും ഡബിൾ വാക്സിൻ ലഭിച്ചു കഴിഞ്ഞു. 67 ശതമാനത്തിന് ട്രിപ്പിൾ വാക്സിനും നല്കിയിട്ടുണ്ട്. കണക്കുകളനുസരിച്ച് ബ്രിട്ടണിലെ ജനസംഖ്യയിൽ പകുതിപ്പേർക്കും കോവിഡ് ബാധിച്ചു.  വൈറസിനെതിരെ ആൻ്റിബോഡി പൂർണമായ സംരക്ഷണം നല്കില്ലെങ്കിലും ശക്തമായി പ്രതിരോധിക്കാൻ ഉപകരിക്കുമെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറഞ്ഞു.

Other News