ഡ്രൈവിംഗിനിടെ മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കുകയോ ഗെയിം കളിക്കുകയോ ചെയ്താൽ 1000 പൗണ്ട് ഫൈനും 6 പെനാൽറ്റി പോയിൻ്റും.
ബ്രിട്ടണിൽ ഡ്രൈവിംഗിനിടെ മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കുകയോ ഗെയിം കളിക്കുകയോ ചെയ്താൽ 1000 പൗണ്ട് ഫൈനും 6 പെനാൽറ്റി പോയിൻ്റും ലഭിക്കും. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനമാണ് ഗവൺമെൻറിനുള്ളതെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻ്റ് ഷാപ്സ് പറഞ്ഞു. ഹാൻഡ്സ് ഫ്രീയായ ഡിവൈസുകൾ ഉപയോഗിക്കുന്നതിന് നിയമതടസമില്ല. എന്നാൽ ഇവ സുരക്ഷിതമായി ക്രേഡിലിൽ മൗണ്ട് ചെയ്തിരിക്കണം. 17 മരണങ്ങൾക്കും 147 മാരകമായ പരിക്കുകൾക്കും കാരണമായ വാഹനാപകടങ്ങളുടെ മുഖ്യ കാരണം മൊബൈൽ ഉപയോഗമായിരുന്നുവെന്ന് ഡിപ്പാർട്ട് മെൻ്റ് ഓഫ് ട്രാൻസ്പോർട്ട് ചൂണ്ടിക്കാട്ടി.
മൊബൈൽ ഫോണോ സാറ്റലൈറ്റ് നാവിഗേറ്ററോ ഡ്രൈവിംഗിനിടെ ഉപയോഗിക്കുന്നത് നിയമ ലംഘനമായി കണക്കാക്കും. ഡ്രൈവിംഗ് ആരംഭിക്കുന്നതിനു മുൻപ് ഹാൻഡ്സ് ഫ്രീ ഡിവൈസുകൾ സെറ്റ് ചെയ്തിരിക്കണം. ഡ്രൈവറുടെ ശ്രദ്ധ തിരിയുന്ന സാഹചര്യമുണ്ടെന്ന് ബോധ്യപ്പെട്ടാൽ കാർ നിറുത്താൻ പോലീസിന് ആവശ്യപ്പെടാം. ട്രാഫിക് ക്യൂവിലും ട്രാഫിക് ലൈറ്റിലും ഈ നിയമം ബാധകമാണ്. ഫൈനും പെനാൽട്ടി പോയിൻറുമോ അല്ലെങ്കിൽ ഡ്രൈവിംഗ് നിരോധനമോ നിയമ ലംഘകർക്ക് നേരിടേണ്ടി വരാം.