Monday, 23 December 2024

"യുക്‌മ കേരളപൂരം വള്ളംകളി 2022" യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡില്‍ ഓഗസ്റ്റ് 27ന്..

അലക്സ് വർഗ്ഗീസ് 

(യുക്മ നാഷണൽ ജനറൽ സെക്രട്ടറി)

ഷെഫീൽഡ്:- യുക്‌മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത് മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള "കേരളാ പൂരം 2022" ഇത്തവണ ഓഗസ്റ്റ് 27ന്‌ നടത്തപ്പെടുന്നത്‌ സൗത്ത് യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡിലായിരിക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ മനോജ് കുമാർ പിള്ള അറിയിച്ചു. 

ശ്രീ. മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായ കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തിൽ  യൂറോപ്പിലാദ്യമായി സംഘടിപ്പിക്കപ്പെട്ട മത്സര വള്ളംകളിയ്ക്കും കാര്‍ണിവലിനും വന്‍ജനപങ്കാളിത്തമാണ്‌ ആദ്യ രണ്ട് വര്‍ഷങ്ങളിലും ലഭിച്ചത്‌. 22 ടീമുകള്‍ മത്സരിക്കാനും ഏകദേശം മൂവായിരത്തില്പരം ആളുകള്‍ വീക്ഷിക്കാനെത്തുകയും ചെയ്ത 2017 ജൂലൈ 29ന്  റഗ്‌ബിയില്‍ വച്ച്‌ നടന്ന ആദ്യവള്ളംകളി മത്സരം വളരെയധികം ആവേശമാണ്‌ യു.കെ മലയാളികളില്‍ ഉയര്‍ത്തിയത്‌. 2018 ജൂണ്‍ 30ന് നടന്ന രണ്ടാമത് വള്ളംകളി സംഘടിപ്പിക്കപ്പെട്ട ഓക്സ്ഫോർഡിലാവട്ടെ 32 ടീമുകളും അയ്യായിരത്തിലധികം കാണികളും ഉണ്ടാവുകയും ചെയ്തു.  

ശ്രീ. മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മറ്റിയുടെ ആദ്യത്തെ വർഷം മൂന്നാമത് വള്ളംകളി ഷെഫീൽഡിനടുത്ത് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിലായിരുന്നു സംഘടിപ്പിച്ചത്. മൂന്നാമത് വള്ളംകളി മത്സരത്തിൽ പങ്കെടുത്ത ടീമുകള്‍ക്ക് തുഴയുന്നതിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാൻ വേണ്ടി  ടീമുകളുടെ എണ്ണം 24 ആയി പരിമിതപ്പെടുത്തുകയാണുണ്ടായത്.

കൂടാതെ മത്സരങ്ങള്‍ക്കിടയില്‍ കൂടുതല്‍ സമയം മറ്റ് വിനോദ പരിപാടികള്‍ക്ക് നീക്കി വയ്ക്കുന്നതിനും സാധ്യമാവും വിധമായിരുന്നു അവസാന വർഷത്തെ വള്ളംകളി സംഘടിപ്പിച്ചത്. ഏകദേശം അഞ്ഞൂറോളം  മലയാളി വനിതകൾ പങ്കെടുത്ത "മെഗാ തിരുവാതിര" കഴിഞ്ഞ പ്രാവശ്യത്തെ ഷെഫീൽഡ് വള്ളംകളിയുടെ പ്രത്യേക ആകർഷണമായിരുന്നു.

കാണികളായി എത്തുന്ന ആളുകളുടെ എണ്ണത്തിലും മുന്‍വര്‍ഷങ്ങളില്‍ നിന്നും വലിയ വര്‍ദ്ധനവാണ്‌ ഉണ്ടായത്.  കഴിഞ്ഞ വര്‍ഷത്തെ വള്ളംകളി മത്സരം പ്രകൃതി രമണീയവും കൂടുതൽ സൗകര്യപ്രദവുമായ ഷെഫീൽഡിൽ സംഘടിപ്പിച്ചപ്പോൾ   ഏകദേശം  7,000  ആളുകള്‍ കാണികളായി എത്തിച്ചേർന്നിരുന്നു.  വള്ളംകളി കാണുന്നതിനും, കാർണിവലിൽ പങ്കെടുത്ത് ദിവസം മുഴുവനും ആഹ്ളാദിച്ചുല്ലസിക്കുവാനും വേണ്ടി നിരവധി അസോസിയേഷനുകൾ ഏകദിന വിനോദയാത്ര സംഘടിപ്പിച്ച് കോച്ചുകളിലാണ് കുടുംബ സമേതം ഷെഫീൽഡിൽ എത്തിച്ചേർന്നത്.  

കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ കഴിഞ്ഞ വർഷങ്ങളിൽ വള്ളംകളി സംഘടിപ്പിക്കുവാൻ സാധിച്ചിരുന്നില്ല. കോവിഡ്  നിയന്ത്രണങ്ങൾ പൂർണമായും നീക്കിയ സാഹചര്യത്തിൽ പൂർവ്വാധികം ഭംഗിയോടെ വള്ളംകളി സംഘടിപ്പിക്കുവാനാണ് യുക്മ നേതൃത്വം ആലോചിക്കുന്നതെന്ന്  കേരള പൂരം - 2022 വള്ളംകളിയുടെ ജനറൽ കൺവീനർ  യുക്മ ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ അറിയിച്ചു.

യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡിന് സമീപത്തുള്ള മാന്‍വേഴ്സ് തടാകത്തിലാവും  "കേരളാ പൂരം 2022" വള്ളംകളി മത്സരങ്ങള്‍ നടത്തപ്പെടുന്നത്‌. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മറ്റ്‌ ചില കേന്ദ്രങ്ങള്‍ കൂടി സംഘാടകസമിതി പരിഗണിച്ചുവെങ്കിലും ഏറ്റവും മനോഹരമായ കാഴ്‌ച്ചകളും പാര്‍ക്കിംഗ്‌ സൗകര്യങ്ങളും ഏത്‌ ഭാഗത്ത്‌ നിന്നാലും മത്സരങ്ങള്‍ കാണുന്നതിനുള്ള സാഹചര്യവും ഈ വേദി തന്നെ നിലനിർത്തുവാനുള്ള  തീരുമാനത്തിലേയ്ക്ക്‌ സംഘാടകരെ എത്തിക്കുകയായിരുന്നു.   

മാന്‍വേഴ്സ് തടാകവും അനുബന്ധ പാര്‍ക്കുമെല്ലാമായി പതിനായിരത്തോളും ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്‌. വള്ളംകളി മത്സരം നടത്തപ്പെടുന്ന തടാകത്തിന്റെ ഏത്‌ ഭാഗത്ത്‌ നിന്നാലും തടസ്സമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്‌. പ്രധാന സ്റ്റേജ്‌, ഭക്ഷണ ശാലകള്‍, മറ്റ്‌ പ്രദര്‍ശന സ്റ്റാളുകള്‍  എന്നിവ ചുറ്റുമുള്ള പുല്‍തകിടിയിലാവും ഒരുക്കുന്നത്‌. ഒരേ സ്ഥലത്ത്‌  നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ്‌ പ്രോഗ്രാമുകളും കാണുന്നതിനുള്ള അവസരമുണ്ടായിരിക്കും. കൂടാതെ മൂവായിരത്തിലധികം കാറുകൾക്കും, കോച്ചുകൾക്ക് പ്രത്യേകവും പാര്‍ക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്‌. എല്ലാ തരത്തിലും അവധിക്കാലത്ത് ഒരു ദിവസം മുഴുവനായി ആഹ്ളാദിക്കുവാനും ആസ്വദിക്കുവാനുമുള്ള അവസരമാണ് യുക്മ കേരളപൂരം വള്ളംകളി ദിവസം ഒരുക്കുന്നത്. 

"യുക്മ കേരളപൂരം വള്ളംകളി - 2022" കാണുന്നതിന് മുൻകൂട്ടി അവധി ബുക്ക് ചെയ്ത് വള്ളംകളിക്ക് എത്തിച്ചേരുവാൻ ഏവരേയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു. 

യുക്മ കേരളപൂരം - 2022 വള്ളംകളി സ്‌പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്:-

മനോജ് കുമാർ പിള്ള:  07960357679,  

അലക്സ്  വര്‍ഗ്ഗീസ്        : 07985641921 

എബി സെബാസ്റ്റ്യന്‍  : 07702862186 

വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-

MANVERS LAKE,

STATION ROAD,

WATH - UPON - DEARNE,

S63 7DG.

 

 

Other News