കുട്ടികളിൽ സ്മാർട്ട് ഫോണിന് അഡിക്ഷൻ കൂടുന്നു. മാനസിക ആരോഗ്യത്തെയും പഠനത്തെയും ബാധിക്കുന്നു.
Premier News Desk
യുവത്വത്തിന്റെ അഡിക്ഷനായി സ്മാർട്ട് ഫോൺ മാറുന്നു. നാലിൽ ഒന്ന് സ്കൂൾ കുട്ടികളും യുവതി യുവാക്കളും സ്മാർട്ട് ഫോണിന് അടിമയായിക്കഴിഞ്ഞു. ഫോൺ സ്ഥിരമായി ഉപയോഗിക്കാൻ അവസരം ലഭിക്കാതെ വരുന്നത് ഇവരിൽ പരിഭ്രാന്തിയും അസ്വസ്ഥതയും വരെ സൃഷ്ടിക്കുന്നു. ഫോണിൽ ചിലവഴിക്കുന്ന സമയം നിയന്ത്രിക്കാൻ ഇവർക്ക് കഴിയാത്ത അവസ്ഥയാണ്. മാനസിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തിയെന്ന് ലണ്ടൻ കിംഗ്സ് കോളജിലെ പഠനങ്ങൾ വെളിപ്പെടുത്തുന്നു.
കുട്ടികളും യുവതീയുവാക്കളുമടങ്ങുന്ന 42,000 പേരിൽ നടത്തിയ പഠനങ്ങളുടെ വിശകലനത്തിലൂടെയാണ് പുതിയ കണ്ടെത്തൽ നടത്തിയത്. ഫോൺ ലഭിക്കാതെ വന്നാൽ ഉത്കണ്ഠയുണ്ടാവുക, ഉപയോഗിക്കുന്ന സമയം നിയന്ത്രിക്കാനാവാതെ വരിക, ഫോൺ ഉപയോഗം മൂലം മറ്റു കാര്യങ്ങളിൽ വീഴ്ചയുണ്ടാവുക എന്നിവ സംഭവിക്കുന്നു. കുട്ടികളിലെ സമ്മർദ്ദം, മൂഡ് വ്യത്യാസം, ഉറക്കമില്ലായ്മ, പഠന നിലവാരത്തിലെ കുറവ് എന്നിവയും ഇവയുമായി ബന്ധമുള്ളതായി കാണുന്നു.
സ്മാർട്ട് ഫോണുകളാണോ അതോ അവയിലെ വിവിധ ആപ്പുകളാണോ കുട്ടികളെ സ്വാധീനിക്കുന്ന പ്രധാന ഘടകമെന്ന് കണ്ടു പിടിക്കേണ്ടിയിരിക്കുന്നുവെന്ന് സൈക്ക്യാട്രിസ്റ്റുകൾ പറയുന്നു. കുട്ടികൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിനെക്കുറിച്ച് മാതാപിതാക്കൾ അവബോധം ഉള്ളവരായിരിക്കണമെന്നും ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ഇവർ നിർദ്ദേശിക്കുന്നു.