Wednesday, 22 January 2025

സൗജന്യ ലാറ്ററൽ ഫ്ളോ ടെസ്റ്റ് സൗകര്യം വെള്ളിയാഴ്ച അവസാനിക്കും. ഫ്രണ്ട് ലൈൻ എൻഎച്ച്എസ്, കെയർ ഹോം സ്റ്റാഫുകൾക്ക് ഫ്രീ ടെസ്റ്റ് തുടരും.

സൗജന്യ ലാറ്ററൽ ഫ്ളോ ടെസ്റ്റ് സൗകര്യം വെള്ളിയാഴ്ച അവസാനിക്കും. എന്നാൽ ഫ്രണ്ട് ലൈൻ എൻഎച്ച്എസ്, കെയർ ഹോം സ്റ്റാഫുകൾക്ക് ഫ്രീ ടെസ്റ്റ് തുടരും. എന്നാൽ പുതിയ കോവിഡ് വേരിയൻ്റിൻ്റെ വ്യാപനമുണ്ടായാൽ ഫ്രീ ടെസ്റ്റിംഗ് വീണ്ടും നടപ്പാക്കുമെന്ന് ഗവൺമെൻ്റ് സൂചിപ്പിച്ചു. ഇനി മുതൽ കോവിഡിനെ റെസ്പിറേറ്ററി ഇൻഫെക്ഷൻ എന്ന നിലയിലായിരിക്കും കണക്കാക്കുകയെന്ന് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദ് അറിയിച്ചു.

പേഷ്യൻ്റുമായി സമ്പർക്കത്തിൽ വരുന്ന ജോലികൾ ചെയ്യുന്ന എൻഎച്ച്എസിലെയും എൻഎച്ച്എസ് കമ്മീഷൻഡ് ഇൻഡിപെൻഡൻ്റ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സിലെയും സ്റ്റാഫുകൾ എന്നിവർക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ഫ്രീ ലാറ്ററൽ ഫ്ളോ ടെസ്റ്റ് ലഭ്യമാക്കും. കെയർ ഹോം, ഹോം കെയർ, ഹോസ്പീസസ് എന്നിവിടങ്ങളിലെ സ്റ്റാഫുകൾക്കും ഇതിന് യോഗ്യത ഉണ്ടാവും. പേഴ്സണൽ കെയർ നല്കുന്ന കെയർ ഹോം വിസിറ്റർമാരുടെ പ്രത്യേക ഗ്രൂപ്പുകൾ, ചില പ്രിസൺ സ്റ്റാഫുകൾ, ഹൈ റിസ്കിലുള്ള ഗാർഹിക പീഡന, ഭവന രഹിതരുടെ പുനരധിവാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ സ്റ്റാഫുകൾ എന്നിവർക്കും സൗജന്യ ടെസ്റ്റിന് അർഹതയുണ്ട്.

കോവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ സ്പെഷ്യൽ, ഡിസേബിലിറ്റി സ്കൂളുകൾ, കെയർ ഹോം സ്റ്റാഫ്, റെസിഡൻ്റ്സ് എന്നിവർക്ക് രോഗലക്ഷണമില്ലെങ്കിലും സൗജന്യ ടെസ്റ്റ് ലഭിക്കും. കോവിഡ് ലക്ഷണങ്ങളുള്ളവരും റെസ്പിറേറ്ററി ഇൻഫെക്ഷനുള്ളവരും വീടുകളിൽ കഴിയണമെന്ന നിർദ്ദേശമാണ് വെള്ളിയാഴ്ച മുതൽ നൽകാൻ ഗവൺമെൻ്റ് ഉദ്ദേശിക്കുന്നത്. പനി കുറയുന്നതു വരെ മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കണം. സ്കൂൾ കുട്ടികൾക്കും ഇത് ബാധകമാണ്.
 

Other News