Wednesday, 22 January 2025

മീറ്റർ റീഡിംഗ് അപ് ലോഡ് ചെയ്യാൻ വൻതിരക്ക്. ബ്രിട്ടീഷ് ഗ്യാസ്, ഇഡിഎഫ് അടക്കമുള്ള എനർജി വെബ് സൈറ്റുകൾ ക്രാഷായി.

മീറ്റർ റീഡിംഗ് അപ് ലോഡ് ചെയ്യാൻ നിരവധി കസ്റ്റമേഴ്സ് സൈറ്റിൽ ഒരേ സമയം ലോഗിൻ ചെയ്യാൻ ശ്രമിച്ചതു മൂലം മിക്ക എനർജി വെബ് സൈറ്റുകൾ ക്രാഷായി. നാളെ മുതൽ ഗ്യാസ്, ഇലക്ട്രിസിറ്റി നിരക്കുകൾ വർദ്ധിക്കുന്നതിനാൽ ഇന്നുവരെയുള്ള മീറ്റർ റീഡിംഗ് നല്കാനാണ് വിവിധ കമ്പനികൾ നിർദ്ദേശിച്ചത്. സ്മാർട്ട് മീറ്ററുകൾ ഇല്ലാത്ത കസ്റ്റമേഴ്സാണ് ഓൺലൈനിൽ റീഡിംഗ് അപ്ഡേറ്റ് ചെയ്യേണ്ടത്. 54 ശതമാനം നിരക്ക് വർദ്ധിപ്പിക്കാനാണ് എനർജി റെഗുലേറ്ററായ ഓഫ്ജെം എനർജി പ്രൊവൈഡേഴ്സിന് അനുമതി നല്കിയിരിക്കുന്നത്. ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലും വെയിൽസിലും എനർജി നിരക്കു വർദ്ധന നാളെ മുതൽ പ്രാബല്യത്തിൽ വരും.

മീറ്റർ റീഡിംഗ് സമയത്ത് നല്കാതിരുന്നാൽ എനർജി സപ്ളയർ എസ്റ്റിമേറ്റഡ് റീഡിംഗ് അനുസരിച്ച് ബിൽ ഈടാക്കുകയും ചിലപ്പോൾ കൂടിയ ബിൽ നൽകാൻ കസ്റ്റമേഴ്സ് നിർബന്ധിക്കപ്പെടുകയും ചെയ്യും. ഇതൊഴിവാക്കാനാണ് നിരക്ക് വർദ്ധനയ്ക്ക് മുൻപ് റീഡിംഗ് നല്കാൻ എനർജി അഡ് വൈസർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് ഗ്യാസ്, ഇഡിഎഫ്, ഷെൽ എനർജി, ഇ ഓൺ, എസ് എസ് ഇ, സ്കോട്ടിഷ് പവർ, സോ എനർജി, ഒക്ടോപസ് എനർജി എന്നിവയുടെ വെബ്സൈറ്റുകളിൽ ലോഗിൻ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. മണിക്കൂറിൽ 40,000 മീറ്റർ റീഡിംഗുകളാണ് ഇന്ന് സൈറ്റിൽ അപ് ലോഡ് ചെയ്യപ്പെടുന്നതെന്ന് ഒക്ടോപസ് എനർജി പറഞ്ഞു. സാധാരണ നിലയിൽ രണ്ടായിരത്തോളം റീഡിംഗ് മാത്രം ലഭിച്ചിരുന്ന സ്ഥാനത്താണിത്. 

Other News