Monday, 16 September 2024

ഗ്യാസ്, ഇലക്ട്രിസിറ്റി, ഫ്യൂവൽ വില വർദ്ധനയുടെ പശ്ചാത്തലത്തിൽ, ഇവയുടെ ഉപയോഗം നിയന്ത്രിച്ച് ചെലവു കുറയ്ക്കാനുള്ള മാർഗങ്ങൾ പങ്കുവച്ച് അജിത്ത് പാലിയത്ത്.

ഗ്യാസ്, വൈദ്യുതി, ഇന്ധനം ലാഭിക്കാനുള്ള മാര്‍ഗ്ഗം ഒന്നേയുള്ളൂ, ഇതിന്  വഴികള്‍ നമ്മള്‍ പരിശീലിക്കുക എന്നതുതന്നെ. 

ഇന്ധന ചെലവ്  എങ്ങനെ ലാഭിക്കാം.?
വാഹനങ്ങളുടെ അമിത വേഗതയാണ് ഏറ്റവും വലിയ ഇന്ധന ഉപയോഗത്തിന്‍റെ  ഘടകം, അതിനാൽ ആക്സിലറേഷന്‍ സൗമ്യമാക്കുന്നത് ഇന്ധനക്ഷമത (Fuel efficiency) വര്‍ധിപ്പിക്കും. വാഹനത്തിന് ഉയർന്ന mpg ലഭിക്കുന്നതിന് വാഹനത്തിന്‍റെ എഞ്ചിന്‍ stall ചെയ്യാത്ത രീതിയില്‍ സാധ്യമായ ഏറ്റവും ഉയർന്ന ഗിയറിൽ ഡ്രൈവ് ചെയ്യുക എന്നതാണ്. ടാക്കോമീറ്ററില്‍ ( tachometer) കാണിക്കുന്ന 2000-rpm-ന് ഉള്ളില്‍ തന്നെ ( RPM- revolutions per minute ) ഗിയറുകള്‍ മാറ്റുക.  ഓർക്കുക, കൂടുതല്‍ rpm-ൽ എഞ്ചിൻ കറങ്ങുന്നുവോ അത്രയും കൂടുതല്‍ ഇന്ധനം കത്തിതീരുകയാണ്.  സ്റ്റിയറിംഗ്, ആക്സിലറേറ്റർ, ബ്രേക്കുകൾ എന്നിവ കൃത്യമായി ഉപയോഗിച്ച് കഴിയുന്നത്ര സുഗമമായി ഡ്രൈവ് ചെയ്യുക.

ഇനി മറ്റൊന്ന് സ്ഥിരമായ വേഗതയിൽ വാഹനമോടിക്കുക എന്നതാണ്.  ക്രൂയിസ് കണ്ട്രോള്‍ ഉള്ള വാഹനങ്ങള്‍ ഉള്ളവര്‍ക്ക് Motorway പോലുള്ള നിരപ്പായ റോഡുകളില്‍ ഇത് ഫലപ്രദമായി ചെയ്യാൻ കഴിയും. 

വാഹനങ്ങളില്‍ ഉപയോഗിക്കാത്ത സമയങ്ങളില്‍  റൂഫ് ബാറുകളും റൂഫ് ബോക്സും നീക്കം ചെയ്യുക. ഇവ കാറ്റിന്റെ പ്രതിരോധം സൃഷ്ടിക്കുകയും 'ഡ്രാഗ്' ഇഫക്റ്റിലൂടെ നിങ്ങളുടെ വാഹനത്തിന് കൂടുതൽ ഇന്ധനം ഉപയോഗിക്കേണ്ട സാഹചര്യം ഉടലെടുക്കുകയും ചെയ്യും. എനർജി സേവിംഗ് ട്രസ്റ്റ്  നടത്തിയ പഠനമനുസരിച്ച് 70 മൈൽ വേഗതയിൽ വാഹനമോടിക്കുമ്പോൾ റൂഫ്  ബോക്സ്‌ ഇല്ലത്ര്‍ roof rack മാത്രമുള്ള വാഹനം 16% ഡ്രാഗ് ചെയ്തപ്പോള്‍ . അതേ വേഗതയിൽ, ഒരു റൂഫ് ബോക്‌സ് ഉള്ളത്  39% ഡ്രാഗ് ചെയ്ത് ഇന്ധനക്ഷമത കുറച്ചു. ഇതുപോലെ തുറന്ന വിൻഡോ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുന്നതും സമാനമായ ഫലം നൽകുന്നു. 

ആവശ്യമില്ലെങ്കിൽ വാഹനത്തിലെ എയർ കണ്ടീഷനിംഗ് ഉപയോഗിക്കരുത്. 

നിരവധി ചെറിയ യാത്രകളേക്കാൾ ഒരു നീണ്ട യാത്രയാണ് പരിഗണിക്കേണ്ടത്. അനാവശ്യമായ ഭാരമുള്ള വസ്തുക്കള്‍ നിങ്ങളുടെ വാഹനത്തിന്‍റെ ബൂട്ടിൽ സൂക്ഷിക്കരുത്. വാഹനത്തിന് ഭാരം കൂട്ടുന്നതിനനുസരിച്ച് ഇന്ധനക്ഷമത കുറയും. 

ഗ്യാസ്, വൈദ്യുതി ബില്ലിൽ എങ്ങനെ ലാഭിക്കാം? 

ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഈ വർഷം അവരുടെ ഒരു ഊർജ്ജ ബില്ലിൽ £700 വരെ വർദ്ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതായത് ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന കുടുംബങ്ങൾ പ്രതിവർഷം ഏതാണ്ട്  രണ്ടായിരത്തിനടുത്ത്  പൗണ്ട് നൽകുമെന്നർത്ഥം. കുതിച്ചുകയറുന്ന ഗ്യാസ്, വൈദ്യുതിവില ബാധിക്കാന്‍ പോകുന്നത് പൊതുവില്‍ എല്ലാവരെയും എന്നാല്‍ കൂടുതലായി പുതിയതായി ഇവിടെ വന്ന് ജീവിതം കെട്ടിപ്പെടുക്കുന്ന  വിദ്യാര്‍ത്ഥികളേയും ആരോഗ്യമേഖലയില്‍ ഉള്ളവരെയും ആയിരിക്കും. വീടുവാടകയും മറ്റ് ചെലവുകളും നമ്മുക്ക് കുറക്കാന്‍ സാധിക്കുകയില്ല. എന്നാല്‍  ഗ്യാസ്, വൈദ്യുതി, ഇന്ധനം എന്നിവയുടെ മിതവും കാര്യക്ഷമവുമായ ഉപയോഗത്തിലൂടെ നല്ലൊരു ശതമാനം പൌണ്ട് ലാഭിക്കാന്‍ സാധിക്കും. 

സാധാരണയായി നിങ്ങളുടെ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളിൽ പണം ലാഭിക്കുന്നതിനുള്ള പ്രധാന ടിപ്പ് ഒരു നിശ്ചിത ഊർജ്ജ ഇടപാടിലേക്ക് മാറുക എന്നതാണ്. നിലവിലെ സാഹചര്യത്തില്‍ മേല്‍പറഞ്ഞ fixed energy deal എന്നത് അത്രയ്ക്ക് ശുഭകരമായ വാര്‍ത്തയല്ല നല്‍കുന്നത്. ചിലപ്പോള്‍ അത് നിലവിൽ ഉള്ളതിനേക്കാൾ വളരെ ചെലവേറിയതായിരിക്കുമെന്നും നിരീക്ഷകര്‍ സമ്മതിക്കുന്നു. 

വൈദ്യുതി ചെലവ് കുറയ്ക്കാന്‍ വീട്ടിലെ അനാവശ്യമായ അലങ്കാര ദീപങ്ങളും വീട്ടുപകരണങ്ങളും ഓഫ് ചെയ്യുക. LED ബള്‍ബുകള്‍ ട്യൂബുകള്‍  ഉപയോഗിക്കുകയാണെങ്കില്‍ ബില്ലില്‍ വലിയ മാറ്റം തന്നെയുണ്ടാവും.

നിങ്ങൾ ഉപയോഗിക്കാതെ കുത്തിയിട്ടിരിക്കുന്ന വീട്ടുപകരണങ്ങൾ അല്ലെങ്കിൽ ചാർജിംഗ് കേബിളുകൾ പോലും അൺപ്ലഗ് ചെയ്യുക, അനാവശ്യമായി വൈദ്യുതി പാഴാക്കുന്നതില്‍  ഇവര്‍ മിടുക്കരാണ്. ടീവി പോലുള്ള ഇലക്ട്രോണിക്  ഉപകരണങ്ങള്‍ പോലും Standby ആയി ഇടുന്നതും വൈദ്യതി പാഴാക്കുന്നുതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

വസ്ത്രങ്ങൾ അലക്കിയെടുക്കാന്‍ വാഷിംഗ് മെഷീനിലെ താപനില 30 ഡിഗ്രി സെൽഷ്യസിലേക്ക് കുറച്ച് പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ നിങ്ങളുടെ വൈദ്യുതി ബില്ലുകളില്‍ വലിയ വ്യത്യാസം ഉണ്ടാവും. 
Tumble dryer മറ്റൊരു വൈദ്യുതി കുടിയനാണ്‌. പറ്റുന്ന സമയങ്ങളില്‍ വസ്ത്രങ്ങള്‍ വെയിലത്തോ തണലിലോ Airer ഇട്ടോ ഉണക്കാന്‍ ശ്രമിക്കുക. ചിലര്‍ Radiator-ല്‍ തുണികള്‍ ഉണക്കാന്‍ ഇടാറുണ്ട്.  എല്ലാ Radiator-ഉം തുണികള്‍ ഉണക്കാന്‍ പറ്റുന്നതല്ല എന്നോര്‍ക്കുക. 

നിങ്ങളുടെ വാഷിംഗ് മെഷീനും ഡിഷ്‌ വാഷറും നിറയുമ്പോൾ മാത്രം പ്രവർത്തിപ്പിക്കുക. അതുപോലെ സമയ ദൈര്‍ഘ്യം  അല്പം കൂടുമെങ്കിലും ‘eco’ സെറ്റിംഗ് വൈദ്യുതി ലാഭിക്കും. 

മൈക്രോവേവ് ഓവനാണ് സാധാരണ ഇലക്ട്രിക്‌ ഓവനേക്കാള്‍  വൈദ്യുതി കുറച്ച് ഉപയോഗിക്കുന്നത്.  കെറ്റിലിൽ നിങ്ങൾക്ക് ആവശ്യമുള്ളത്ര വെള്ളം മാത്രം തിളപ്പിക്കുക. വീട്ടുപകരണങ്ങള്‍ Energy efficiency ഉള്ളവ വാങ്ങാന്‍ ശ്രമിക്കുക.

വീട് ചൂടാക്കുന്നത് വളരെ ചെലവേറിയതാണ്. പ്രത്യേകിച്ച് ഇലക്ട്രിക്‌ ഹീറ്റര്‍ ആണെങ്കില്‍. ബോയിലറിന്റെ  തെർമോസ്റ്റാറ്റ് വെറും 1°C കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ പ്രതിവര്‍ഷ ഹീറ്റിംഗ് ബില്ലിൽ £80 വരെ ലാഭിക്കാന്‍ സാധിക്കും എന്ന് Energy Saving Trust പറയുന്നു.  തണുപ്പ് അധികമായി തോന്നുകയാണെങ്കില്‍ ധരിക്കുന്ന വസ്ത്രത്തില്‍ ഒരു ലെയര്‍ കൂടി ചേര്‍ക്കുക. ഇത് നിങ്ങളുടെ ഊർജ്ജ ചെലവിൽ കാര്യമായ വ്യത്യാസമുണ്ടാക്കും.

നിങ്ങളുടെ വീട് നന്നായി ഇൻസുലേറ്റ് ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. 
വീട് ചൂടാക്കുവാനായി ഹീറ്റിംഗ് ഉത്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന്‍റെ 25%-ഉം വീടിന്‍റെ മേൽക്കൂരയിൽ കൂടി നഷ്ട്ടപ്പെടുന്നുണ്ട്. അതായത് വീടിന്‍റെ തട്ട് ശരിയായ  രീതിയില്‍ ഇൻസുലേറ്റ് ചെയ്യുകയും ജനലുകള്‍  ഡബിള്‍ ഗ്ലേസ്സിംഗ് ആക്കുകയും Cavity walls insulation ചെയ്യുകയുമാണെങ്കില്‍ ചൂട് നഷ്ട്ടപ്പെടുന്നത് തടയാന്‍ സാധിക്കും. അങ്ങനെയായാല്‍ വീട് നിങ്ങൾ ഇടയ്ക്കിടെ ചൂടാക്കാനായി ഹീറ്റിംഗ് ഓണാക്കേണ്ടതില്ല. 

ചൂട് വെള്ളത്തിലുള്ള കുളി 4 മിനിറ്റില്‍ ഒതുക്കുന്നത്‌ പണം ലാഭിക്കുന്ന മറ്റൊരു മാര്‍ഗ്ഗമാണ്. 

സ്‌മാർട്ട് മീറ്റർ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങൾ എത്ര ഊര്‍ജ്ജം ഉപയോഗിക്കുന്നുവെന്നും അതിന്റെ വില എത്രയാണെന്നും എവിടെയെല്ലാം വെട്ടിക്കുറയ്ക്കാമെന്നും കൃത്യമായി അറിയുവാന്‍ സാധിക്കും.ഇതിലൂടെ നിങ്ങൾക്ക് പണവും  വൈദ്യുതിയും ലാഭിക്കാന്‍ കഴിയും. 

Energy-Efficient ആയ ബോയിലര്‍ സ്ഥാപിക്കുനതും മറ്റൊരു രീതിയില്‍ പണം ലഭിക്കാവുന്ന സംഗതിയാണ്. 

പതിവായി മീറ്റർ റീഡിംഗുകൾ ഫോട്ടോകളിലൂടെ എടുക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്. കൂടുതല്‍ പണം ഈടക്കുന്നതുമായി ബന്ധപ്പെട്ട്  നിങ്ങളുടെ വിതരണക്കാരനുമായി എന്തെങ്കിലും clarification കൊടുക്കേണ്ടി വരുകയാണെങ്കില്‍ ഇത് തെളിവുകളായി ഉപയോഗപ്പെടുത്താം.  

തെല്ലാം ഉപകാരപ്രദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. എങ്ങനെയെല്ലാം പണം ലഭിക്കാം എന്നതിന്റെ അവസാന തീരുമാനം നിങ്ങളുടേത് മാത്രമാണ്....

സസ്നേഹം
അജിത്‌ പാലിയത്ത് 

Other News