Thursday, 21 November 2024

മാഞ്ചസ്റ്റർ എയർപോർട്ട് സെക്യൂരിറ്റി ക്യൂ പ്രശ്നം തുടരുന്നു. യാത്രക്കാർക്ക് ഫ്ളൈറ്റുകൾ നഷ്ടമാകുന്നു. പോലീസും ഫയർ സ്റ്റാഫും സഹായത്തിനായി രംഗത്ത്. എയർപോർട്ട് മാനേജർ രാജിവച്ചു.

മാഞ്ചസ്റ്റർ എയർപോർട്ട് സെക്യൂരിറ്റി ക്യൂ പ്രശ്നം തുടരുന്നു. നിരവധി യാത്രക്കാർക്ക് വീക്കെൻഡിൽ ഫ്ളൈറ്റുകൾ നഷ്ടമായി. ആശങ്കാജനകമായ സ്ഥിതിവിശേഷം ചർച്ച ചെയ്യാൻ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേണാം എയർപോർട്ട് അധികൃതരുമായി ചർച്ച നടത്തി. പോലീസിനെയും ഫയർ സ്റ്റാഫിനെയും സഹായത്തിനായി രംഗത്തിറക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് മേയർ പറഞ്ഞു. ചെക്ക്ഇന്നും സെക്യൂരിറ്റി ചെക്കുകൾക്കുമായി വൻ ക്യൂവാണ് എയർപോർട്ടിൽ ദൃശ്യമാകുന്നത്. ഈസ്റ്റർ സ്കൂൾ ഹോളിഡേയ്സ് ആരംഭിച്ചതിനാൽ എയർപോർട്ടിലും തിരക്ക് കൂടിയിട്ടുണ്ട്.

മിക്ക എയർപോർട്ടുകളിലും സ്റ്റാഫ് ഷോർട്ടേജ് അനുഭവപ്പെടുന്നുണ്ട്. റിക്രൂട്ടുമെൻ്റുകളും ത്വരിതഗതിയിൽ നടത്തുന്നതിൽ ബുദ്ധിമുട്ട് നേരിടുകയാണ് എന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു. കോവിഡ് കാലത്ത് മിക്ക എയർപോർട്ടുകളും പ്രവർത്തനം കുറച്ചിരുന്നതിനാൽ സ്റ്റാഫുകളെ പിരിച്ചുവിടേണ്ട സ്ഥിതി സംജാതമായിരുന്നു. നിരവധിപ്പേർ മറ്റു ജോലികളിലേയ്ക്ക് മാറി. എന്നാൽ യാത്രക്കാരുടെ നിരക്ക് പഴയ നിലയിലേയ്ക്ക് ഉയർന്നെങ്കിലും സ്റ്റാഫുകൾ ആവശ്യത്തിനില്ലാത്തത് എയർപോർട്ടുകളുടെ പ്രവർത്തനം താളം തെറ്റുന്നതിന് കാരണമാവുകയാണ്.

ഇതിനിടെ മാഞ്ചസ്റ്റർ എയർപോർട്ട് മാനേജർ രാജിവച്ചു. എട്ട് വർഷത്തെ സേവനത്തിനു ശേഷം കാരൻ സ്മാർട്ട് പദവി ഒഴിയുകയാണെന്ന് മാഞ്ചസ്റ്റർ എയർപോർട്ട് ഗ്രൂപ്പ് അറിയിച്ചു.

Other News