Thursday, 07 November 2024

സൂപ്പർബഗുകളെ ചെറുക്കാൻ രണ്ട് പുതിയ മരുന്നുകൾ NHS-ൽ ഉടൻ ലഭ്യമാക്കും

മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള സൂപ്പർബഗുകളെ ചെറുക്കുന്ന രണ്ട് പുതിയ മരുന്നുകൾ ഇംഗ്ലണ്ടിലെ NHS രോഗികൾക്ക് ഉടൻ ലഭ്യമാകും. അവിബാക്ടം അടങ്ങിയ സെഫിഡെറോകോൾ, സെഫ്‌റ്റാസിഡൈം എന്നിവ ചിലവഴിക്കുന്ന പണത്തിനുള്ള മൂല്യം നൽകുന്നതും ജീവൻ രക്ഷിക്കാൻ സഹായകമാകുമെന്നും ഡ്രഗ്‌സ് നിരീക്ഷകരായ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് (എൻ ഐ സി ഇ) പറയുന്നു.

പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലുള്ള ഈ മരുന്നുകൾ മറ്റ് ചികിത്സകൾ വിഫലമായ ഗുരുതരമായ അണുബാധകളെ പോലും നേരിടും. ഓരോ ഡോസിനും വ്യക്തിഗത പേയ്‌മെന്റുകൾക്ക് പകരം നിർമ്മാതാക്കൾക്ക് അവരുടെ വികസന ചെലവുകൾ വഹിക്കുന്നതിന് ഒരു നിശ്ചിത വാർഷിക ഫീസായിരിക്കും നൽകുന്നത്. അവശ്യ മരുന്നുകൾ നിർമ്മിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് സബ്‌സ്‌ക്രിപ്‌ഷൻ രീതിയിലുള്ള പേയ്‌മെന്റ് മോഡൽ ഗവൺമെൻ്റ് നടപ്പാക്കിയിരിക്കുന്നത്.

ആധുനിക വൈദ്യശാസ്ത്രം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ആന്റിമൈക്രോബയൽ പ്രതിരോധം. സൂപ്പർബഗുകളെ നേരിടാൻ ഫലപ്രദമായ മരുന്നുകളില്ലെങ്കിൽ, ഇടുപ്പ് മാറ്റിസ്ഥാപിക്കൽ പോലുള്ള ശസ്ത്രക്രിയകൾ നടത്തുന്നത് വളരെ അപകടകരമാണ്. ക്ഷയവും ഗൊണോറിയയും ഉൾപ്പെടെയുള്ള ചികിത്സ ലഭ്യമായ ചില രോഗങ്ങൾക്ക് കാരണമായിട്ടുള്ള ബാക്ടീരിയകളും മറ്റ് സൂക്ഷ്മാണുക്കളും മരുന്നുകളെ അതിജീവിക്കാനുള്ള കഴിവ് നേടിയിട്ടുണ്ട്.  ചികിത്സയ്ക്ക് അതീതമായ ഇത്തരം അണുബാധകൾ, ആഗോളതലത്തിൽ പ്രതിവർഷം ഒരു ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിന് കാരണമാകുന്നു.

എൻ ഐ സി ഇ - യുടെ കരട് മാർഗ്ഗനിർദ്ദേശങ്ങളിൽ അംഗീകരിച്ച പുതിയ രണ്ട് മരുന്നുകൾ, അപകടകരമായ മൂത്രനാളത്തിലെ അണുബാധ, ന്യുമോണിയ, സെപ്സിസ് എന്നിവയുള്ള രോഗികൾക്ക് ഗുണകരമാകും. മറ്റ് മരുന്നുകളോട് കടുത്ത പ്രതിരോധം കണ്ടു വരുന്ന എൻഎച്ച്എസ് രോഗികൾക്ക് ഉടൻ തന്നെ ഈ മരുന്നുകൾ ആക്സസ് ചെയ്യാൻ കഴിയും. 

പുതിയ ആൻറിബയോട്ടിക്കുകളുടെ വികസനത്തിൽ അന്താരാഷ്ട്ര രാജ്യങ്ങൾ താൽപ്പര്യം പ്രകടിപ്പിച്ചു. ഇത് ആൻറിബയോട്ടിക്ക് വികസനത്തിനുള്ള നിക്ഷേപം വർദ്ധിപ്പിക്കാൻ ഗുണം ചെയ്യുമെന്ന് എൻഎച്ച്എസ് കൊമേഴ്‌സ്യൽ മെഡിസിൻ ഡയറക്ടർ ബ്ലേക്ക് ഡാർക്ക് പറഞ്ഞു.

Other News