Monday, 23 December 2024

ഇംഗ്ലണ്ടിലുടനീളം മൊബൈൽ ട്രക്കുകളിൽ ശ്വാസകോശ കാൻസർ പരിശോധനാ സൗകര്യവുമായി എൻ എച്ച് എസ്.

ഇംഗ്ലണ്ടിലുടനീളം ലഭ്യമാക്കിയ മൊബൈൽ ട്രക്കുകളിലെ ശ്വാസകോശ കാൻസർ പരിശോധനാ സൗകര്യം ആളുകൾ പരമാവധി ഉപയോഗപ്പെടുത്തണം എന്ന് എൻ എച്ച് എസ് അഭ്യർത്ഥിച്ചു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ മരണനിരക്ക് ഉള്ള പ്രദേശങ്ങളിലെ രോഗനിർണയം നടത്താത്ത ആളുകളെ ഉദ്ദേശിച്ചാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. എന്നാൽ, മൂന്നിലൊന്ന് ആളുകൾ മാത്രമാണ് പരിശോധനാ സൗകര്യം പ്രയോജനപ്പെടുത്താൻ ഇതുവരെ മുന്നോട്ട് വന്നത്.  55 നും 74 നും ഇടയിൽ പ്രായമുള്ള പുകവലി ശീലമാക്കിയവരും, മുൻപ് പുകവലി ശീലം ഉണ്ടായിരുന്നവരും ഈ പദ്ധതി ഉപയോഗപ്പെടുത്തി ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെടണം എന്നും, ആവശ്യമെങ്കിൽ അവർക്ക് സ്കാനിംഗ് നടത്താനുള്ള സാഹചര്യവും ഇതോടൊപ്പം നൽകുമെന്നും എൻ എച്ച് എസ് വക്താക്കൾ അറിയിച്ചു.

ശ്വാസ കോശാർബുദത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ രോഗനിർണയം നടത്തുന്ന ആളുകൾക്ക്, മറ്റുള്ളവരെ അപേക്ഷിച്ച് അഞ്ച് വർഷം കൂടുതൽ ജീവിക്കാനുള്ള സാധ്യത ഏകദേശം 20 മടങ്ങ് കൂടുതലാണ്. ആളുകൾക്ക് ചെക്ക്-അപ്പുകൾ ആക്‌സസ് ചെയ്യുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ്  യുകെയിലുടനീളമുള്ള സൂപ്പർമാർക്കറ്റുകൾ, സ്‌പോർട്‌സ് സെന്ററുകൾ തുടങ്ങിയ സൗകര്യപ്രദമായ കമ്മ്യൂണിറ്റി സൈറ്റുകളിൽ മൊബൈൽ ട്രക്കുകളിൽ പരിശോധനാ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനോടകം 600 പേർക്ക് രോഗനിണ്ണയം നടത്തി. ഇതുവരെ രോഗനിർണ്ണയം നടത്താതിരുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളോ ഹൃദയ സംബന്ധമായ രോഗങ്ങളോ ഉള്ള ആയിരക്കണക്കിന് ആളുകളെ ഈ പദ്ധതി ഉപയോഗിച്ച് എൻ എച്ച് എസ് കണ്ടെത്തി അവർക്ക് പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ ലഭ്യമാകാൻ ഇതു വഴി സാധിക്കും.

സംശയാസ്പദമായ എന്തെങ്കിലും ഒരു രോഗലക്ഷണമുണ്ടെങ്കിലോ മൂന്നാഴ്ചയോ അതിൽ കൂടുതലോ ആയ ചുമയുണ്ടെങ്കിലോ, ഉടൻ തന്നെ ഡോക്ടറെ സന്ദർശിക്കണമെന്നും പരിശോധനകൾക്ക് വിധേയമാകണമെന്നും എൻ എച്ച് എസ് നിർദേശിച്ചു.
 

Other News