Thursday, 21 November 2024

യുകെയിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന യുവാക്കളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കണമെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ


ഉന്നത വിദ്യാഭ്യാസം നേടുന്ന യുവാക്കളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിച്ച് ജപ്പാൻ, കാനഡ തുടങ്ങിയ നൂതന സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളുടെ മുൻനിര പട്ടികയിലേക്ക് ബ്രിട്ടനെ കൊണ്ടു വരണമെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ ആവശ്യപ്പെട്ടു. ഉൽപ്പാദന മേഖലയിൽ രാജ്യം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാൻ അടുത്ത രണ്ട് ദശകങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന യുവാക്കളുടെ അനുപാതത്തിൽ ഗണ്യമായ വർദ്ധനവ് വേണമെന്ന് അദ്ദേഹം പറഞ്ഞു. 2040-ഓടെ 70% യുവാക്കളും ഉന്നത വിദ്യാഭ്യാസം നേടുന്ന അവസ്ഥ ഉണ്ടാകണമെന്നും അത് ഏകദേശം 5% സാമ്പത്തിക വളർച്ച അടുത്ത തലമുറയ്ക്ക് നേടി കൊടുക്കുമെന്നും ഈ ആഴ്ച അവസാനം പ്രസിദ്ധീകരിക്കാനിരിക്കുന്ന ഒരു റിപ്പോർട്ടിൽ അദ്ദേഹം നിർദ്ദേശിച്ചു.

ഉന്നത വിദ്യാഭ്യാസം നേടിയ പ്രാപ്തരായ നിരവധി ഉദ്യോഗാർഥികളെ തൊഴിൽ മേഖലയ്ക്ക് ആവശ്യമുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതിനാൽ അടുത്ത 20 - 30 വർഷത്തെ ആവശ്യം കണക്കിലെടുത്ത് വിദഗ്ദരായ ഉദ്യോഗാർഥികളെ സൃഷ്ടിക്കാൻ ഉതകുന്ന രീതിയിൽ ഉന്നത വിദ്യാഭ്യാസ നിരക്ക് ഉയർത്തുന്നതിന് ഒരു മൾട്ടി-പാർലമെന്റ് ഡ്രൈവ് ആരംഭിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകമെമ്പാടുമുള്ള മറ്റ് ഇന്നൊവേഷൻ സമ്പദ്‌വ്യവസ്ഥകൾക്ക് അനുസൃതമായി 2030-ഓടെ 60% ആയും 2040-ഓടെ 70% ആയും ഉന്നത വിദ്യാഭ്യാസം നേടുന്ന യുവാക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടണം എന്ന് ബ്ലെയർ നിർദ്ദേശിച്ചു.

ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ ബ്രിട്ടൺ പക്വത പ്രാപിക്കുമ്പോൾ നിലവിലെ സ്ഥിതിയിൽ ബിരുദധാരികളുടെ എണ്ണത്തേക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ദക്ഷിണ കൊറിയ, ജപ്പാൻ, കാനഡ തുടങ്ങിയ ഉയർന്ന ഇന്നൊവേഷൻ സമ്പദ്‌വ്യവസ്ഥകൾ ഇത് മനസ്സിലാക്കുകയും ഉന്നത വിദ്യാഭ്യാസ നിരക്ക് ഉയർത്തുകയും ചെയ്തു. ഈ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കളുടെ നിരക്ക് ഇതിനകം 60% മുതൽ 70% വരെയാണ്. അതുകൊണ്ട് രാജ്യം നേരിടുന്ന മറ്റു വെല്ലുവിളികളോടൊപ്പം തന്നെ ഉയർന്ന ഇന്നൊവേഷൻ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന് ബ്ലെയറിൻ്റെ പദ്ധതികളെ പിന്തുണച്ചുകൊണ്ട് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രധാനമന്ത്രിയുടെ സഹോദരനുമായ ജോ ജോൺസൺ അഭിപ്രായപ്പെട്ടു. 

മുൻ പ്രധാനമന്ത്രിയുടെ ഇടപെടലിനെ ഹയർ എജ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ നിക്ക് ഹിൽമാൻ സ്വാഗതം ചെയ്തു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഉന്നത വിദ്യാഭ്യാസം നേടുന്ന യുവാക്കളുടെ എണ്ണത്തിൽ ബ്രിട്ടൺ പിന്നിലാണെന്നും  ഉയർന്ന വൈദഗ്ധ്യമുള്ള ഉദ്യോഗാത്ഥികളുടെ ഒഴിവുകൾ നിരവധിയാണെന്നും അതിനാൽ വ്യക്തമായ ഒരു പദ്ധതി വിഭാവനം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും വിദ്യാഭ്യാസ വകുപ്പ് വക്താവ് പറഞ്ഞു.

തൊഴിൽ ദാതാക്കളുടെയും സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയ്ക്കും വേണ്ടി
നല്ല വൈദഗ്ധ്യമുള്ള ഉദ്യോഗാർഥികളെ വാർത്തെടുക്കേണ്ടതിൻ്റെ ആവശ്യം വിദ്യാഭ്യാസ സെക്രട്ടറിക്ക് ഇതിനോടകം വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക് റൂട്ടുകൾ പോലെ തന്നെ ഉയർന്ന നിലവാരമുള്ള തൊഴിലധിഷ്ഠിത സാങ്കേതിക ഓപ്ഷനുകളുമുണ്ടെന്നും,   സർവ്വകലാശാലകൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും അക്കാദമിക് റൂട്ട് എല്ലായ്പ്പോഴും വ്യക്തിയുടെയോ രാജ്യത്തിന്റെയോ താൽപ്പര്യങ്ങൾക്കനുസരിച്ചല്ല രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Other News