Sunday, 06 October 2024

ബ്രിട്ടൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കിലേയ്ക്ക് റെയിൽ യൂണിയൻ

തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചതിനെ തുടർന്ന് ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്ക് ആസൂത്രണം ചെയ്ത് റെയിൽ യൂണിയൻ. ദേശീയ റെയിൽ പണിമുടക്കിനുള്ള തീരുമാനവുമായി യൂണിയൻ മുന്നോട്ട് പോയാൽ വരുന്ന വേനൽക്കാലത്തെ യാത്രാ പദ്ധതികളെ അതു സാരമായി ബാധിച്ചേക്കാം. ജോലിയും വേതനവും സംബന്ധിച്ച തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റെയിൽ പണിമുടക്കിന് ആഹ്വാനം ചെയ്യാൻ റെയിൽ, മാരിടൈം ആൻഡ് ട്രാൻസ്‌പോർട്ട് (ആർഎംടി) യൂണിയൻ തീരുമാനിച്ചത്. 40,000-ലധികം റെയിൽവേ തൊഴിലാളികൾ പങ്കെടുക്കുന്ന വോട്ടിങ്ങിനെ ആശ്രയിച്ചായിരിക്കും പണിമുടക്ക് നടപടി സ്വീകരിക്കണമോ എന്നതിനെ കുറിച്ച് അന്തിമ തീരുമാനം എടുക്കുക. വോട്ടെടുപ്പ് ഏപ്രിൽ 26 ന് ആരംഭിച്ച് മെയ് 24 ന് അവസാനിക്കും.

നെറ്റ്‌വർക്കിലുടനീളം 2 ബില്യൺ പൗണ്ടിൻ്റെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കുറഞ്ഞത് 2,500 മെയിന്റനൻസ് ജോലികൾ വെട്ടിക്കുറയ്ക്കാൻ നെറ്റ്‌വർക്ക് റെയിൽ ഉദ്ദേശിക്കുന്നതായി യൂണിയൻ പറഞ്ഞു. ശമ്പളം മരവിപ്പിക്കൽ, ജോലിക്ക് നേരെയുള്ള ഭീഷണികൾ, അവരുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും മേലുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങൾ എന്നിവയും ജീവനക്കാരെ ബാധിച്ചതായും യൂണിയൻ അഭിപ്രായപ്പെട്ടു.

നെറ്റ്‌വർക്ക് റെയിലിൽ നിന്ന് 2,500 സുരക്ഷാ നിർണായക ജോലികൾ നീക്കം ചെയ്യുന്നത് പൊതുജനങ്ങൾക്ക് ദുരിതം സൃഷ്ടിക്കാനും, അപകടങ്ങൾ വർദ്ധിപ്പിക്കാനും, ട്രെയിനുകൾ ട്രാക്കിൽ നിന്ന് തെന്നി മാറുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കാനും കാരണമാകുമെന്ന് ആർ എം റ്റി ജനറൽ സെക്രട്ടറി മിക്ക് ലിഞ്ച് പറഞ്ഞു. പകർച്ചവ്യാധിയുടെ സമയത്ത് റെയിൽവേ ജീവനക്കാരെ ട്രെയിൻ ഓപ്പറേറ്റിംഗ് കമ്പനികൾ പ്രശംസിച്ചു, എന്നാൽ പണപ്പെരുപ്പത്തിനും കുതിച്ചുയരുന്ന ജീവിതച്ചെലവിനും അനുസൃതമായി ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ ഒരുക്കമല്ല. തന്മൂലം, ആയിരക്കണക്കിന് റെയിൽവേ തൊഴിലാളികളുടെ ജീവിത നിലവാരം താഴാൻ ഇത് കാരണമായി. ജോലിസ്ഥലത്ത് യൂണിയൻ അംഗങ്ങൾക്ക് വേണ്ടി നിലകൊണ്ട് തൊഴിലുടമകൾക്ക് മുന്നിൽ ന്യായമായ നിർദ്ദേശങ്ങൾ മുന്നോട്ടു വെയ്ക്കുക എന്നതും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത പക്ഷം ഇൻഡസ്ട്രിയൽ നടപടി സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ജീവിതച്ചെലവ് പ്രതിസന്ധിയെ ഫലപ്രദമായി നേരിടാനുള്ള ട്രേഡ് യൂണിയനുകളുടെ മാർഗം എന്നും അദ്ദേഹം സൂചിപ്പിച്ചു. ദേശീയ റെയിൽ പണിമുടക്ക് രാജ്യത്തെ സ്തംഭിപ്പിക്കും, പക്ഷേ യൂണിയൻ അംഗങ്ങളുടെ ഉപജീവനവും യാത്രക്കാരുടെ സുരക്ഷയുമാണ് തങ്ങളുടെ മുൻഗണന എന്നും മിക്ക് ലിഞ്ച് പറഞ്ഞു.

ചിൽട്ടേൺ റെയിൽവേ, ക്രോസ് കൺട്രി ട്രെയിനുകൾ, ഗ്രേറ്റർ ആംഗ്ലിയ, LNER, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽവേ, c2c, ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ, നോർത്തേൺ ട്രെയിനുകൾ, സൗത്ത് ഈസ്റ്റേൺ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ, ഐലൻഡ് ലൈൻ, GTR (ഉൾപ്പെടെ ഗാറ്റ്വിക്ക് എക്സ്പ്രസ്), ട്രാൻസ്പെനൈൻ എക്സ്പ്രസ്, അവന്തി വെസ്റ്റ് കോസ്റ്റ്, വെസ്റ്റ് മിഡ്ലാൻഡ്സ് ട്രെയിൻ എന്നിവയാണ് ബാലറ്റ് ചെയ്യുന്ന 15 ട്രെയിൻ ഓപ്പറേറ്റിംഗ് കമ്പനികൾ.

നിർദ്ദേശങ്ങളൊന്നും ഇതുവരെ അവതരിപ്പിക്കുകയോ ഔപചാരിക കൺസൾട്ടേഷൻ പേപ്പറുകൾ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് നെറ്റ്‌വർക്ക് റെയിൽ പറഞ്ഞു. സർക്കാരിന്റെ ധനസഹായത്തെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്നും ട്രെയിൻ ഓപ്പറേറ്റർമാരും ട്രേഡ് യൂണിയനുകളും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ദശലക്ഷക്കണക്കിന് പൗണ്ട് ലാഭിക്കാനും കൂടുതൽ കാര്യക്ഷമമായ രീതിയിൽ റെയിൽവേ മുന്നോട്ടു നയിക്കാനും സാധിക്കുകയുള്ളൂ എന്നും നെറ്റ്‌വർക്ക് റെയിലിന്റെ റീജിയണൽ ഡയറക്ടർ ടിം ഷോവെല്ലർ പറഞ്ഞു. റെയിൽവേയുടെ  സുരക്ഷയെ ബാധിക്കുന്ന ഒരു മാറ്റവും തങ്ങൾ പരിഗണിക്കില്ല. ആർ‌ എം‌ റ്റി യുടെ ഈ തീരുമാനം നിരാശാജനകമാണെന്നും  തങ്ങൾക്കെതിരെയല്ല, തങ്ങളോടൊപ്പം പ്രവർത്തിക്കാനാണ് അവർ തയ്യാറാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനികവൽക്കരണ പദ്ധതിയുടെ ഭാഗമായി ജീവനക്കാർക്ക് മികച്ചതും സുരക്ഷിതവുമായ ജോലികൾ സൃഷ്ടിച്ച് അതുവഴി സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുക എന്നതാണ് തങ്ങൾ ലക്ഷ്യം വെയ്ക്കുന്നതെന്നും ഷോവെല്ലർ പറഞ്ഞു.
 

Other News