Thursday, 21 November 2024

ബ്രിട്ടൻ പലിശയായി നൽകേണ്ടത് 70 ബില്യൺ പൗണ്ട്. ദേശീയ കടത്തിന്റെ പലിശ പേയ്‌മെൻ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

യുകെയുടെ ദേശീയ കടത്തിന്റെ പലിശ പേയ്‌മെന്റുകൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 70 ബില്യൺ പൗണ്ടിൽ എത്തി. കഴിഞ്ഞ വർഷം പബ്ലിക് ഫിനാൻസ് മെച്ചപ്പെട്ടെങ്കിലും, 2021 ഏറ്റവും ഉയർന്ന ഗവൺമെന്റ് വായ്പയുള്ള മൂന്നാമത്തെ വർഷമാണ്. പാൻഡെമിക്കിന്റെ ഫലമായുണ്ടായ ഭീമമായ ചിലവ് യുകെയുടെ പബ്ലിക് ഫിനാൻസിനെ ബാധിക്കുകയും ദേശീയ കടത്തിന്റെ പലിശ പേയ്‌മെന്റുകൾ എക്കാലത്തെയും ഉയർന്ന നിലയിലേക്ക് കഴിഞ്ഞ വർഷം ഉയരുകയും ചെയ്തു.

ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ (ONS) കണക്കനുസരിച്ച്, പലിശ പേയ്‌മെന്റുകൾ ഏകദേശം 70 ബില്യൺ പൗണ്ടായി ഉയർന്നതോടെ കടം കഴിഞ്ഞ മാസം 2.3 ട്രില്യൺ പൗണ്ടായിരുന്നുവെന്ന് (ഗവൺമെന്റിന്റെ സ്ഥിതിവിവരക്കണക്ക് വകുപ്പ്) (ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ്) ഒ എൻ എസ് അറിയിച്ചു.

COVID-19 ന്റെ വ്യാപനം നിയന്ത്രിക്കാൻ നിരവധി തൊഴിലാളികൾക്ക് വീടുകളിൽ  കഴിയാൻ സ്റ്റേറ്റ് പണം നൽകിയ 2020-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഗവൺമെൻ്റിൻ്റെ വായ്പ  പകുതിയായി കുറഞ്ഞു. എന്നിട്ടും 2021 യുകെയുടെ ചരിത്രത്തിൽ പൊതുവായ്പ ഏറ്റവും ഉയർന്ന മൂന്നാമത്തെ വർഷമാണ്. 2022 മാർച്ച് വരെയുള്ള 12 മാസങ്ങളിൽ സ്റ്റേറ്റ് കമ്മി മുൻവർഷത്തെ 317.6 ബില്യൺ പൗണ്ടിനെ അപേക്ഷിച്ച്, 151.8 ബില്യൺ പൗണ്ടിൽ എത്തി. കഴിഞ്ഞ വർഷം വായ്‌പയുടെ തോത് കുറച്ചെങ്കിലും,   24 ബില്യൺ പൗണ്ട് പ്രതീക്ഷിച്ചതിലും അധികമായി സർക്കാർ കടമെടുത്തു.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനു ശേഷം സ്റ്റേറ്റിൻ്റെ ധനസ്ഥിതി മെച്ചപ്പെട്ട് വരുന്നുണ്ടെങ്കിലും, പണ്ടെമിക്കിനെ നേരിടാൻ നടത്തിയ കനത്ത കടമെടുപ്പ് ഗവൺമെൻ്റിനെ കടക്കെണിയിലാക്കിയെന്ന് ചാൻസലർ ഋഷി സുനക് പറഞ്ഞു. പൊതു കടം 1960 കൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ എത്തി. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം വായ്പയുടെ പലിശ ചെലവുകൾ വർദ്ധിപ്പിക്കുന്നു. അതിനാൽ, ഭാവി തലമുറയെ കൂടുതൽ കടക്കെണിയിൽ അകപ്പെടുത്തുന്നത് ഒഴിവാക്കാൻ പബ്ലിക് ഫിനാൻസ് സുസ്ഥിരമായി കൈകാര്യം ചെയ്യണം എന്നും സുനക് ഓർമ്മിപ്പിച്ചു.

COVID-19 നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി എടുത്തുകളഞ്ഞത് കഴിഞ്ഞ വർഷം ഗവൺമെന്റിന്റെ ഖജനാവിനെ ഉയർത്തിയതായി ONS പറയുന്നു. സർക്കാരിന്റെ നികുതി വരുമാനം കഴിഞ്ഞ വർഷം 619.9 ബില്യൺ പൗണ്ട് ആയിരുന്നു, അത് 2020-നെ അപേക്ഷിച്ച് 94.3 ബില്യൺ പൗണ്ടിൻെറ വർദ്ധന ആണ്.

രാജ്യം ഇപ്പോൾ ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്നുവെന്നും, അത് ബ്രിട്ടന്റെ പൊതു ധനസ്ഥിതിയെ കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ടെന്നും എജെ ബെൽ ഫിനാൻഷ്യൽ അനലിസ്റ്റ് ഡാനി ഹ്യൂസൺ പറഞ്ഞു.  ബ്രിട്ടനിലെ നിരവധി ആളുകൾ എനർജി ബില്ലുകൾ, കൗൺസിൽ ടാക്സ്, നാഷണൽ ഇൻഷുറൻസ് ടാക്സ് എന്നിവ വർദ്ധിച്ചതിൻ്റെ പ്രത്യാഘാതങ്ങൾ  അഭിമുഖീകരിക്കുന്നു എന്നും കൂടാതെ ഈ മാസം ആദ്യം പണപ്പെരുപ്പം 30 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7% എത്തി എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Other News