Saturday, 11 January 2025

വാഹനങ്ങളുടെ എം.ഒ.ടി ടെസ്റ്റിംഗ് രണ്ടു വർഷത്തിലൊരിക്കലാക്കാനുള്ള നിർദ്ദേശം പരിഗണനയിൽ

വാഹനങ്ങളുടെ എം.ഒ.ടി ടെസ്റ്റിംഗ് രണ്ടു വർഷത്തിലൊരിക്കലാക്കാനുള്ള നിർദ്ദേശം ഗവൺമെൻ്റ് പരിഗണിക്കുന്നു. രാജ്യത്തെ ഗാർഹിക ജീവിതച്ചെലവ് ലഘൂകരിക്കാനുള്ള ഗവൺമെൻ്റ് പദ്ധതിയുടെ ഭാഗമായിട്ടാണിത്. ചൊവ്വാഴ്ച ബോറിസ് ജോൺസൺ നടത്തിയ കാബിനറ്റ് മീറ്റിങ്ങിൽ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സാണ് ഈ നിർദേശം മുന്നോട്ട് വെച്ചത്. വാഹനയുടമകൾക്ക് പ്രതിവർഷം 55 പൗണ്ട് വരെ ലാഭിക്കാൻ എം ഓ ടി ചെക്ക് രണ്ട് വർഷത്തിലൊരിക്കലാക്കുന്നതുവഴി സാധിക്കും. ഗവൺമെൻ്റിന് അധിക ബാധ്യത ഉണ്ടാകാത്ത വിധത്തിൽ ജനങ്ങളുടെ ജീവിതച്ചെലവ് സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള പുതിയ ആശയങ്ങൾ മീറ്റിങ്ങിൽ ചർച്ച ചെയ്തു.  

എന്നാൽ, കാര്യക്ഷമതയില്ലാത്ത കാറുകൾ ഇന്ധന ചെലവ് കൂട്ടും എന്ന്  കാബിനെറ്റിൽ വിമർശനം ഉയർന്നു. വാഹനങ്ങളുടെ തകരാറുകൾ നേരത്തെ കണ്ടെത്തി പരിഹരിക്കാൻ ഇത്തരത്തിലുള്ള മാറ്റം മൂലം കഴിയാതെ വരും. അത് ഉയർന്ന റിപ്പയറിങ് ബില്ലുകൾക്ക് കാരണമാകുമെന്ന് മോട്ടോറിങ് ബോഡി എഎ ഉൾപ്പെടെയുള്ള ചില വ്യവസായ വിദഗ്ധരും അഭിപ്രായപ്പെട്ടു.

ചൊവ്വാഴ്ചത്തെ പ്രധാനമന്ത്രിയുടെ കാബിനറ്റ് യോഗത്തിന് ശേഷം, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അധ്യക്ഷനായുള്ള ഒരു കമ്മറ്റി നമ്പർ 10 രൂപികരിക്കും. ഡോമെസ്‌റ്റിക് ആൻഡ് ഇക്കണോമിക് സ്ട്രാറ്റെജിക് കമ്മറ്റിയിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ചാൻസലർ ഋഷി സുനക്, കാബിനറ്റ് ഓഫീസ് മന്ത്രി സ്റ്റീവ് ബാർക്ലേ എന്നിവരാണ് ഉൾപ്പെടുന്നത്. വർദ്ധിച്ച ജീവിതച്ചെലവ് ഉണ്ടാക്കുന്ന പ്രതിസന്ധികൾ നേരിടാൻ മന്ത്രിമാർ നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചതായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു.

ഈ മാസം ആദ്യവാരത്തിൽ തന്നെ പണപ്പെരുപ്പം 30 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7% ആയി. അതോടൊപ്പം തന്നെ ബ്രിട്ടനിലെ ദശലക്ഷക്കണക്കിന് ആളുകളാണ് എനർജി ബില്ലുകൾ, കൗൺസിൽ ടാക്സ്, നാഷണൽ ഇൻഷുറൻസ് ടാക്സ്  എന്നിവയുടെ വർദ്ധന മൂലം കടുത്ത ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്നത്.
 

Other News