മെഡിക്കൽ അനാസ്ഥ സംബന്ധമായ എൻ എച്ച് എസ് നഷ്ടപരിഹാര സ്കീം ഉദ്ദേശത്തെ സാധൂകരിക്കുന്നില്ല; ക്ലെയിം സിസ്റ്റം പരിഷ്കരിക്കണമെന്ന നിർദ്ദേശവുമായി എംപിമാർ.
എൻ എച്ച് എസ് നഷ്ടപരിഹാര സ്കീം ഉദ്ദേശത്തെ സാധൂകരിക്കുന്നില്ലെന്നും, ക്ലെയിമുകൾ മാത്രമല്ല സിസ്റ്റം തന്നെ സമൂലമായി പരിഷ്കരിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു. ക്ലെയിമുകളിൽ തീരുമാനമാകുന്നതിന് നിലവിൽ വളരെ സമയം എടുക്കുന്ന പ്രക്രിയ ആണെന്നും വളരെ സമ്മർദ്ദം നൽകുന്നതാണെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചു. ക്ലിനിക്കൽ അശ്രദ്ധ തെളിയിക്കേണ്ടതിന്റെ ആവശ്യകത ഒഴിവാക്കാൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. പകരം കേസുകളുടെ അന്വേഷണ ഉത്തരവാദിത്വം നിർവഹിക്കാൻ ഒരു അഡ്മിനിസ്ട്രേറ്റീവ് ബോഡിയെ നിയമിക്കാനും നിർദ്ദേശിച്ചു.
അശ്രദ്ധമൂലം ഉണ്ടാകുന്ന പേഔട്ടുകൾ എൻ എച്ച് എസ് സേവനങ്ങളെ ദോഷകരമായി ബാധിക്കുന്നു. വലിയ ക്ലിനിക്കൽ നെഗ്‌ലിജൻസ് ലീഗൽ ഫീസ് ബില്ലിനെയാണ് ഇതുമൂലം എൻ എച്ച് എസ് അഭിമുഖീകരിക്കേണ്ടി വരുന്നത്. കുട്ടികൾ നഷ്‌ടപ്പെട്ടവരും ജനനസമയത്ത് വരുത്തിയ പിഴവുകളാൽ മസ്തിഷ്‌കാഘാതം സംഭവിച്ച കുട്ടികളുടെ കുടുംബാംഗങ്ങളും തങ്ങൾ നേരിട്ട ക്ലിനിക്കൽ അനാസ്ഥ എൻ എച്ച് എസ് അംഗീകരിക്കുന്നതിന് തന്നെ വർഷങ്ങളോളം പോരാടേണ്ടി വന്നുവെന്ന് സമിതിയെ അറിയിച്ചു. ഈ സെറ്റിൽമെന്റുകളുടെ ശരാശരി ദൈർഘ്യം 11 വർഷത്തിലേറെയാണെന്ന് അവർ പറഞ്ഞു.
അടുത്ത ദശാബ്ദത്തിനുള്ളിൽ മെഡിക്കൽ അനാസ്ഥമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കും ജീവഹാനിക്കുമുള്ള നഷ്ടപരിഹാരത്തുക 4.6 ബില്യൺ പൗണ്ടായി ഉയരുമെന്നാണ് കണക്കാക്കുന്നത്. നിലവിലെ തുകയുടെ ഇരട്ടിയാണിത്. ഇതിൻ്റെ നാലിലൊന്ന് അഭിഭാഷകരുടെ ചെലവാണ്. വളരെ ചെലവേറിയതും സുദീർഘവുമായ ഇപ്പോഴത്തെ നിയമ സംവിധാനം ക്ലിനിക്കൽ പരാജയങ്ങളോട് എൻ എച്ച് എസ് എങ്ങനെ പ്രതികരിക്കണം എന്ന കാഴ്ചപ്പാടുകൾക്ക് എതിരാണ്. കൂടാതെ, ക്ലിനിക്കൽ പരാജയങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ഏറ്റവും അധികം മുൻഗണന നൽകുന്ന ഒരു സിസ്റ്റം ഉണ്ടാക്കേണ്ടത് വളരെ ആവശ്യമാണെന്നും ഹെൽത്ത് ആന്റ് സോഷ്യൽ കെയർ കമ്മറ്റി റിപ്പോർട്ടിൽ പറയുന്നു.
എൻഎച്ച്എസിലെ അശ്രദ്ധമൂലമുണ്ടാകുന്ന ദുരന്തങ്ങളുടെ എണ്ണവും എൻഎച്ച്എസിനുള്ള കുതിച്ചുയരുന്ന ചെലവുകളും കുറയ്ക്കുന്നതിന് തങ്ങളുടെ ശുപാർശകൾ സ്വീകരിക്കാൻ ഗവൺമെൻ്റ് തയ്യാറാകണമെന്ന് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ കമ്മിറ്റി ചെയർ ജെറമി ഹണ്ട് പറഞ്ഞു. ന്യൂസിലാൻഡ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളുടെ മാതൃകയിൽ, തെറ്റുകളിൽ നിന്ന് പാഠം ഉൾകൊള്ളുന്ന ഒരു മികച്ച സംവിധാനം വരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഉന്നയിക്കപ്പെടുന്ന ക്ലെയിമുകളുടെ എണ്ണം വർദ്ധിക്കാൻ ഇതു കാരണമാകുമെന്ന് അസ്സോസിയേഷൻ ഓഫ് പേഴ്‌സണൽ ഇഞ്ചുറി ലോയേഴ്‌സിൽ (എപിഎൽ) നിന്നുള്ള ഗൈ ഫോർസ്റ്റർ അഭിപ്രായപ്പെട്ടു.
ചികിത്സാ പിഴവുമൂലം ഉണ്ടാകുന്ന ചെലവ് താങ്ങാനാകാത്തതാണെന്നും, അതിനാൽ തന്നെ ഈ പ്രശ്നം പരിഹരിക്കുന്നതിന് ഗവൺമെൻ്റ് സംവിധാനങ്ങൾ ശ്രമിക്കും എന്ന് ഗവൺമെന്റ് വക്താവ് ഇതിനോട് പ്രതികരിച്ചു. രോഗികളുടെ സുരക്ഷയ്ക്ക് തന്നെയാണ് മുൻഗണന എന്നും പ്രസ്താവിച്ചു. നിയമ സമ്പ്രദായത്തിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നുണ്ടെന്നും ശുപാർശകൾ പരിഗണിക്കുമെന്നും ഗവൺമെൻ്റ് അറിയിച്ചു.