Monday, 23 December 2024

എനർജി കമ്പനികൾ കസ്റ്റമേഴ്സിൻ്റെ ഡയറക്ട് ഡെബിറ്റ് തുക അമിതമായി വർദ്ധിപ്പിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ചു.

ഏപ്രിൽ മുതൽ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളുടെ ഡയറക്ട് ഡെബിറ്റ് തുക എനർജി കമ്പനികൾ അമിതമായി വർദ്ധിപ്പിച്ചതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. എനർജി പ്രൈസ് ക്യാപ്പ് ഉയർത്താൻ എനർജി റെഗുലേറ്ററായ ഓഫ് ജെം അനുമതി നല്കിയതിനെ തുടർന്നാണ് വിവിധ കമ്പനികൾ വിലയുയർത്തിയത്. 54 ശതമാനം വരെയുള്ള നിരക്കു വർദ്ധനയാണ് ഇതേത്തുടർന്ന് കസ്റ്റമേഴ്സിന് നേരിടേണ്ടി വന്നത്.

എനർജി കമ്പനികൾ മാസം തോറും ഡയറക്ട് ഡെബിറ്റായി എടുക്കുന്ന തുക ആവശ്യത്തിൽ കൂടുതൽ വർദ്ധിപ്പിച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഓഫ് ജെം ഇടപെട്ടത്. കസ്റ്റമേഴ്സിനെ അവർക്ക് ഗുണകരമല്ലാത്ത ഡീലുകളിലേയ്ക്ക് മാറാൻ നിർബന്ധിക്കുന്നതിനുള്ള തന്ത്രമാണോ ഇതെന്നാണ് പരിശോധിക്കുന്നത്. ഡയറക്ട് ഡെബിറ്റിൽ വരുത്തിയ വൻവർദ്ധന ആശാസ്യമല്ലെന്നും ആശങ്കയുളവാക്കുന്നതാണെന്നും ഓഫ് ജെം ഡയറക്ടർ ജൊനാതൻ ബ്രിയർലി പറഞ്ഞു. ഇതു സംബന്ധിച്ച ഒഫീഷ്യൽ റിവ്യൂവിന് അദ്ദേഹം നിർദ്ദേശം നല്കി.

ഡയറക്ട് ഡെബിറ്റ് അമിതമായി വർദ്ധിപ്പിച്ചത് സംബന്ധിച്ച് ബിസിനസ് സെക്രട്ടറി ഖ്വാസി ക്വാർട്ടെംഗ് ട്വീറ്റ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഓഫ് ജെം അടിയന്തിരമായി ഇക്കാര്യത്തിൽ പ്രതികരിച്ചത്. നിയമാനുസൃതമല്ലാതെ കസ്റ്റമേഴ്സിൻ്റെ മേൽ അമിതഭാരം ചുമത്തുന്ന കമ്പനികൾ കടുത്ത ഫൈനുകൾ നേരിടേണ്ടി വരുമെന്ന് ബിസിനസ് സെക്രട്ടറി ട്വിറ്ററിൽ കുറിച്ചിരുന്നു.

ഏപ്രിലിൽ ഉണ്ടായ നിരക്കു വർദ്ധന 18 മില്യൺ വീടുകളെ ബാധിച്ചിട്ടുണ്ട്. ശരാശരി 693 പൗണ്ടിൻ്റെ വർദ്ധനയാണ് ഉണ്ടായത്. പ്രീ പേയ്മെൻ്റ് കസ്റ്റമേഴ്സിന് 708 പൗണ്ടോളം അധിക ബില്ലായി നല്കേണ്ടി വരും. 

Other News