Thursday, 21 November 2024

യൂണിവേഴ്സിറ്റി കോഴ്സുകൾ സംബന്ധമായ വിദ്യാർഥികളുടെ പരാതികൾ റെക്കോർഡ് നിരക്കിൽ

കോഴ്സുകളെ കുറിച്ചുള്ള ഇംഗ്ലണ്ടിലെയും വെയിൽസിലെയും യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ പരാതികൾ കഴിഞ്ഞ വർഷം റെക്കോർഡ്  നിരക്കിലെത്തി. ഓഫീസ് ഓഫ് ഇൻഡിപെൻഡന്റ് അഡ്‌ജുഡിക്കേറ്റർ (ഒ ഐ എ)യ്‌ക്ക് ലഭിച്ച 2,763 പരാതികളിൽ മൂന്നിലൊന്നും പാൻഡെമിക്ക് സമയത്ത് സൃഷ്ടിക്കപ്പെട്ട പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. കഴിഞ്ഞ വർഷത്തെ പരാതികളിന്മേൽ വിദ്യാർത്ഥികൾക്ക് നൽകിയ നഷ്ടപരിഹാര തുക ഇതുവരെ 1.3 മില്യൺ പൗണ്ട് കവിഞ്ഞു.

ജീവനക്കാരുടെ നിയമനത്തിലുണ്ടായ പ്രശ്‌നങ്ങൾ, ഇൻഡസ്ട്രിയൽ നടപടികൾ, 2020 മുതൽ പരാതികൾ സമർപ്പിക്കുന്നതിലുണ്ടായ കാലതാമസം എന്നിവയും കഴിഞ്ഞ വർഷത്തെ ഉയർന്ന കണക്കുകൾക്ക് കാരണമായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോവിഡ് പാൻഡെമിക്കിന്റെ ഫലമായി പല വിദ്യാർത്ഥികൾക്കും അവർ പ്രതീക്ഷിച്ച പഠനാനുഭവങ്ങൾ ലഭിക്കുന്നില്ലെന്ന് ഒ ഐ എ പറഞ്ഞു. 2021-ൽ ലഭിച്ച ആകെ പരാതികളുടെ എണ്ണം മുൻവർഷത്തേക്കാൾ 6% കൂടുതലാകാനുള്ള കാരണവും ഇത് തന്നെയാണെന്ന് ഒ ഐ എ പ്രസ്താവിച്ചു.

വലിയ ഒരു വിഭാഗം വിദ്യാർഥികളും ക്ലാസ്സുകളിലെ പോരായ്മകളെ കുറിച്ചാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ലബോറട്ടറികൾ പോലുള്ള വ്യക്തിഗത സൗകര്യങ്ങൾ ആക്സസ് ചെയ്യാൻ കഴിയുന്നില്ലെന്നും ഫോറിൻ എക്സ്ചേഞ്ച് സ്റ്റഡി ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ലെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു. സ്റ്റാഫുമായി ബന്ധപ്പെട്ടും പരാതികളുയർന്നു. വിദഗ്ധരായ അധ്യാപകർ യൂണിവേഴ്സിറ്റി വിടുന്നതും പകരക്കാരായി വരുന്നവർക്ക് ഫീൽഡിൽ വേണ്ടത്ര പ്രാഗത്ഭ്യം ഇല്ലാത്തതും വിദ്യാർഥികളിൽ അതൃപ്തി സൃഷ്ടിച്ചു. സാങ്കേതിക തകരാറുകൾ റിമോട്ട് ലേണിങ്ങിനെ ആശ്രയിക്കുന്നവരുടെ പഠനത്തെ സാരമായി ബാധിച്ചു.

സമയബന്ധിതമായ ഓൺലൈൻ പരീക്ഷകൾ, ടൈപ്പിംഗ് സ്പീഡ് കുറഞ്ഞവരുടെ പ്രകടനം മോശമാക്കി. എന്നാൽ, അംഗവൈകല്യമുള്ള  വിദ്യാർത്ഥികൾക്ക് റിമോട്ട് ലേണിംഗ് പ്രയോജനം ചെയ്തു എന്നും പഠനം എളുപ്പമാക്കിയെന്നും മറ്റു ചില വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ്, വെൽഷ് വിദ്യാർത്ഥിസംഖ്യയുടെ 27% വരുന്ന പിഎച്ച്ഡി, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ്, പരാതിക്കാരിൽ ഏറിയ വിഭാഗവും.

പരാതികളുടെ എണ്ണം വളരെ കൂടുതൽ ആണെങ്കിലും മൊത്തം വിദ്യാർഥികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ വിഭാഗം മാത്രമേ പരാതികൾ ഉന്നയിച്ചിട്ടുള്ളൂ എന്ന് യുകെയിലെ യൂണിവേഴ്സിറ്റികൾ റിപ്പോർട്ടിനോട് പ്രതികരിച്ചു.

Other News