ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് വീണ്ടും ഉയർത്തി. പണപ്പെരുപ്പം 10 ശതമാനത്തിലേയ്ക്കെന്ന് മുന്നറിയിപ്പ്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് വീണ്ടും ഉയർത്തി. 0.75 ശതമാനമായിരുന്ന നിരക്ക് 1 ശതമാനമായിട്ടാണ് വർദ്ധിപ്പിച്ചത്. 2009 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡിസംബറിനു ശേഷം പലിശ നിരക്കിലുണ്ടാകുന്ന നാലാമത്തെ വർദ്ധനയാണിത്. ഇന്ന് നടന്ന ബാങ്ക് പോളിസി മോണിട്ടറിംഗ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കമ്മിറ്റിയിലെ മൂന്ന് അംഗങ്ങൾ ഇതിലും ഉയർന്ന നിരക്ക് വർദ്ധനയ്ക്കാണ് വോട്ട് ചെയ്തത്.
ബ്രിട്ടൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതിയും മാർക്കറ്റ് വിശകലനവും പരിഗണിച്ചാണ് മോണിറ്ററി പോളിസി പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനമെടുത്തത്. പണപ്പെരുപ്പം ഈ വർഷത്തിൻ്റെ അവസാനത്തോടെ 10 ശതമാനത്തിലേയ്ക്ക് എത്തുമെന്ന മുന്നറിയിപ്പാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്കുന്നത്. 30 വർഷത്തിലെ ഏറ്റവും മോശമായ പണപ്പെരുപ്പ നിരക്കിലേയ്ക്കാണ് ബ്രിട്ടൺ നീങ്ങുന്നത്. സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതയും കമ്മിറ്റി തള്ളിക്കളഞ്ഞിട്ടില്ല.