Thursday, 21 November 2024

റിട്ടയർമെൻ്റ് വൈകിപ്പിക്കാൻ സീനിയർ ഡോക്ടർമാരോട് അഭ്യർത്ഥിച്ച് എൻഎച്ച്എസ്

കോവിഡ് കാരണം റെക്കോർഡ് നിലയിൽ എത്തിയ ട്രീറ്റ്മെൻ്റ്  ബാക്ക്‌ലോഗുകൾ പരിഹരിക്കാൻ സഹായിക്കുന്നതിന് റിട്ടയർമെൻ്റ് വൈകിപ്പിക്കാൻ എൻഎച്ച്എസ് മേധാവികൾ സീനിയർ ഡോക്ടർമാരോട്  അഭ്യർത്ഥിച്ചു. ബുധനാഴ്ച ഹോസ്പിറ്റൽ ട്രസ്റ്റുകൾക്ക് അയച്ച ഒരു കത്തിൽ, എൻഎച്ച്എസ് ഇംഗ്ലണ്ട് സീനിയർ ഡോക്ടർമാരോടും അടുത്ത കാലങ്ങളിൽ റിട്ടയറായവരായ മെഡിക്കുകളോടും പാർട്ട് ടൈമായോ വീടുകളിൽ നിന്ന് നിയന്ത്രിക്കാൻ പറ്റുന്ന 'വെർച്വൽ വാർഡുകൾ' വഴിയോ ജോലിയിൽ തുടരാൻ അപേക്ഷിച്ചു. സീനിയർ ഡോക്ടർമാർ ഒഴിവുസമയങ്ങളിൽ ഓപ്പറേഷൻ ചെയ്യാൻ തിരഞ്ഞെടുക്കുകയോ  ജൂനിയർ ഡോക്ടർമാർക്ക് പരിശീലനം നൽകാൻ സഹായിക്കുകയോ ചെയ്യണമെന്ന് കത്തിൽ നിർദ്ദേശിക്കുന്നു.

ഏകദേശം 1,10,000 സ്റ്റാഫ് ഒഴിവുകളുള്ളപ്പോൾ തന്നെ 6.2 ദശലക്ഷം രോഗികളുടെ ഇലക്‌റ്റീവ് കെയർ ബാക്ക്‌ലോഗാണ് ഹെൽത്ത് സർവീസ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. 21,000 ഡോക്ടർമാർ ഈ സെപ്റ്റംബറിൽ വിരമിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്റ്റാഫുകളുടെ ക്ഷാമം വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരുടെ എണ്ണം വർദ്ധിപ്പിക്കുകയും ഭാവിയിൽ പരിഹരിക്കാനാവാത്ത കുരുക്കായി മാറുകയും ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മേധാവികൾ പറഞ്ഞു.

എന്നാൽ, എൻ‌എച്ച്‌എസിന്റെ പാൻഡെമിക് റിക്കവറി പ്ലാനിനായി തുക സമാഹരിക്കുന്നതിന് നാഷണൽ ഇൻഷുറൻസ് 1.25% വർദ്ധിപ്പിച്ചത് ബാക്ക്‌ലോഗ് കുറയ്ക്കാൻ കാരണമാകുമെന്നാണ് ബ്രിട്ടീഷുകാർ പ്രതീക്ഷിക്കുന്നത്. മെച്ചപ്പെടുത്തിയ പ്രൊസീജർ റൂമുകളിൽ ചെറുതും റിസ്ക് കുറഞ്ഞതുമായ പ്രൊസീജറുകൾ ചെയ്യാൻ ആവശ്യപ്പെടുന്നതുൾപ്പെടെ കാര്യനിർവഹണ ശേഷി കൂട്ടാൻ എൻഎച്ച്എസ് പുതിയ സംരംഭങ്ങൾ കൊണ്ടുവരും. ഓവർടൈം ജോലി ചെയ്യാൻ സ്റ്റാഫുകളെ പ്രോത്സാഹിപ്പിക്കുക, ശസ്ത്രക്രിയാ വിദഗ്ധരുടെ ആഴ്ചതോറുമുള്ള സമയ പരിധികൾ നീക്കം ചെയ്യുക, ഒഴിവുള്ള റോളുകൾ ഏറ്റെടുക്കാൻ മെഡിക്കൽ വിദ്യാർത്ഥികളെയും വാക്‌സിൻ റോളൗട്ട് വോളന്റിയർമാരെയും ഉപയോഗിക്കുക എന്നിവയാണ് മറ്റ് ഘട്ടങ്ങൾ.

റിട്ടയർ ചെയ്യുന്ന ജീവനക്കാർക്ക് ഒരു സ്റ്റാഫ് ബാങ്കിൽ ചേരാനും അവർക്ക് അനുയോജ്യമായ സമയത്തും അത്യാവശ്യ സന്ദർഭങ്ങളുടെ അടിസ്ഥാനത്തിലും ഇലക്ടീവായ ചില മെഡിക്കൽ പ്രൊസീജറിൻ്റെ ഭാഗമായി പ്രവർത്തിക്കാൻ സാധിക്കും.  സീനിയർ മെഡിക്കുകൾക്ക് വീട്ടിൽ നിന്ന് വെർച്വൽ ഔട്ട്‌പേഷ്യന്റ് കൂടിക്കാഴ്‌ചകൾ നടത്താനാകും, ഇത് ബാക്ക്ലോഗുകൾ നിയന്ത്രിക്കാൻ ഒരു പരിധിവരെ സഹായിക്കുമെന്ന് ആരോഗ്യ വകുപ്പ് മേധാവികൾ അഭിപ്രായപ്പെട്ടു.

കൺസൾട്ടന്റുമാർക്ക് അവരുടെ ജോലി സമയത്തിൽ കൂടുതൽ സ്വാതന്ത്യം നൽകണമെന്ന് ഹെൽത്ത് സർവീസ് ആവശ്യപ്പെട്ടു. ചില ട്രസ്റ്റുകൾ കൺസൾട്ടന്റുമാരുടെ ജോലി സമയം ആഴ്ചയിൽ 40 ആയി കണക്കാക്കുന്നു. എന്നാൽ ബാക്ക്‌ലോഗ് ഇല്ലാതാക്കാൻ സഹായിക്കുന്നതിന് കൂടുതൽ സമയം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണമെന്ന് എൻഎച്ച്എസ് ആശുപത്രികളോട് ആവശ്യപ്പെട്ടു.  ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഫെബ്രുവരിയിൽ എൻ എച്ച് എസ് വെയിറ്റിംഗ് ലിസ്റ്റ് 6.18 മില്യൺ എന്ന പുതിയ റെക്കോർഡിലേക്ക് ഉയർന്നു.
 

Other News