Tuesday, 24 December 2024

അപൂർവമായ മങ്കിപോക്സ് യുകെയിൽ സ്ഥിരീകരിച്ചു. പൊതു ജനങ്ങളിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവ്.

അപൂർവമായ മങ്കിപോക്സ് യുകെയിൽ ഒരാൾക്ക് സ്ഥിരീകരിച്ചതായി ഹെൽത്ത് സെക്യൂരിറ്റി ഏജൻസി റിപ്പോർട്ട് ചെയ്തു. യുകെയിൽ നിന്ന് നൈജീരിയയിലേക്ക് അടുത്തയിടെ യാത്ര നടത്തിയ വ്യക്തിയിൽ ആണ് മങ്കിപോക്സ് അണുബാധയുള്ളതായി കണ്ടെത്തിയത്. അണുബാധ സ്ഥിരീകരിക്കപ്പെട്ട വ്യക്തി ലണ്ടനിൽ  ചികിത്സയിലാണ്. അടുത്ത സമ്പർക്കത്തിലൂടെ മങ്കിപനി പകരുമെങ്കിലും, അത് പൊതുജനങ്ങളിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണ്. ലണ്ടനിലെ ഗൈസ് ആൻഡ് സെന്റ് തോമസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ വിദഗ്ധ പകർച്ചവ്യാധി വിഭാഗത്തിൻ്റെ കീഴിലാണ് ചികിത്സ.

സാധാരണയായി ഈ വൈറൽ അണുബാധ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാറില്ല; എന്നിരുന്നാലും, ചിലരിൽ ഗുരുതരമായ രോഗം ഉണ്ടാക്കാം. മിക്ക രോഗികളും ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ സുഖം പ്രാപിക്കാറാണ് പതിവ്. വസൂരിക്ക് സമാനമായ ഒരു അസുഖമാണിത്. പനി, തലവേദന, പേശിവേദന, നടുവേദന, ക്ഷീണം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗബാധിതനായ വ്യക്തിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ മാത്രമേ അണുബാധ പകരൂ.

മങ്കിപോക്സ് പ്രധാനമായും പടിഞ്ഞാറൻ അല്ലെങ്കിൽ മധ്യ ആഫ്രിക്കയുടെ ഭാഗങ്ങളിലുള്ള വന്യമൃഗങ്ങളിൽ നിന്നാണ് പടരുന്നത്, യുകെയിൽ ഇത് പിടിക്കാനുള്ള സാധ്യത വളരെ കുറവാണ്.

1958-ൽ ഗവേഷണത്തിനായി സൂക്ഷിച്ചിരിക്കുന്ന കുരങ്ങുകളിൽ പോക്‌സ് പോലുള്ള രോഗം പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് മങ്കിപോക്സ് ആദ്യമായി കണ്ടെത്തിയത്. 1970 ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് മനുഷ്യരിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2019 ഡിസംബർ 3 ന്, ഇംഗ്ലണ്ടിൽ ഒരു രോഗിക്ക് മങ്കിപോക്സ് ഉണ്ടെന്ന് കണ്ടെത്തി. 2018 ൽ ഇസ്രായേലിലും 2019 ൽ സിംഗപ്പൂരിലും യാത്രികരിലായി മറ്റ് രണ്ട് കേസുകൾ കൂടി കണ്ടെത്തി.

ഇൻ്റർനാഷണൽ യാത്രികർ വഴിയുള്ള പകർച്ചവ്യാധികളുടെ വ്യാപനം തടയാൻ യുകെഎച്ച്എസ്എയും എൻഎച്ച്എസും വളരെ സുശക്തായ രീതിയിൽ അണുബാധ നിയന്ത്രണ നടപടിക്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ ക്ലിനിക്കൽ, എമർജിംഗ് ഇൻഫെക്ഷനുകളുടെ ഡയറക്ടർ ഡോ കോളിൻ ബ്രൗൺ പറഞ്ഞു.

Other News