Monday, 23 December 2024

ഇംഗ്ലണ്ടിലെ എൻഎച്ച്എസ് പ്രിസ്ക്രിപ്ഷൻ നിരക്കുകൾ മരവിപ്പിക്കും

ഇംഗ്ലണ്ടിലെ എൻഎച്ച്എസ് പ്രിസ്ക്രിപ്ഷൻ നിരക്കുകൾ മരവിപ്പിക്കുമെന്ന് ഗവൺമെൻ്റ് അറിയിച്ചു. 12 വർഷത്തിനിടെ ആദ്യമായിട്ടാണ് പ്രിസ്ക്രിപ്ഷൻ നിരക്കുകൾ മരവിപ്പിക്കാനുള്ള നീക്കം. പണപ്പെരുപ്പത്തിന് അനുസൃതമായി ഉയർത്തുമെന്ന്  ആരോഗ്യവകുപ്പ് പറഞ്ഞ സിംഗിൾ പ്രിസ്ക്രിപ്ഷൻ നിരക്കുകൾ അടുത്ത വർഷം വരെ £9.35 ആയിത്തന്നെ തുടരും.

ഇത്തരത്തിൽ ചെലവുകൾ മരവിപ്പിക്കുന്നത് നിലവിലെ ജീവിതച്ചെലവ് പ്രതിസന്ധിയെ  നേരിടാൻ ജനങ്ങളെ സഹായിക്കുമെന്ന് ആരോഗ്യ സെക്രട്ടറി സജിദ് ജാവിദ് പറഞ്ഞു. കാമ്പയിനർമാർ ഈ നീക്കത്തെ സ്വാഗതം ചെയ്തു.
സ്റ്റേറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നവർ, ഗർഭിണികൾ, പുതിയ അമ്മമാർ, നിർദ്ദിഷ്ട മെഡിക്കൽ അവസ്ഥകളോ വൈകല്യങ്ങളോ ഉള്ളവർ, 60 വയസ്സിന് മുകളിലുള്ളവർ, 16 വയസ്സിന് താഴെയുള്ളവർ എന്നിവർക്കാണ് ഇംഗ്ലണ്ടിൽ സൗജന്യ പ്രിസ്ക്രിപ്ഷന് അർഹത ഉള്ളത്. സ്കോട്ട്ലൻഡ്, വെയിൽസ്, നോർതേൺ അയർലൻഡ് എന്നിവിടങ്ങളിൽ എല്ലാവർക്കും പ്രിസ്ക്രിപ്ഷൻ സൗജന്യമാണ്.

ഇംഗ്ലണ്ടിലെ സിംഗിൾ പ്രിസ്ക്രിപ്ഷൻ നിരക്ക്  2012-13 ലെ 7.65 പൗണ്ടിൽ നിന്ന് 2021-22 ആയപ്പോൾ 9.35 പൗണ്ടായി ഉയർന്നു. എന്നിരുന്നാലും വർഷം തോറും അവലോകനം ചെയ്യുന്ന ഇംഗ്ലണ്ടിലെ പ്രിസ്‌ക്രിപ്ഷൻ നിരക്കുകൾ ഈ വർഷം വർദ്ധിപ്പിക്കില്ലെന്ന് സർക്കാർ മാർച്ചിൽ സൂചിപ്പിച്ചിരുന്നു. ഞായറാഴ്ചത്തെ പ്രഖ്യാപനം ഈ നീക്കം സ്ഥിരീകരിക്കുന്നതാണ്.

കുറഞ്ഞത് 2023 ഏപ്രിൽ വരെ പ്രിസ്‌ക്രിപ്ഷൻ നിരക്കുകൾ വർദ്ധിക്കില്ലെന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നതെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ (ഡിഎച്ച്എസ്‌സി) പറഞ്ഞു. 17 മില്യൺ പൗണ്ട് പ്രിസ്‌ക്രിപ്ഷൻ ചാർജുകൾ അടയ്ക്കുന്ന രോഗികൾക്ക് ലാഭിക്കാനാകും എന്ന് ഡിഎച്ച്എസ്‌സി കൂട്ടിച്ചേർത്തു. മൂന്ന് മാസത്തെ പ്രിസ്‌ക്രിപ്ഷൻ പ്രീപേയ്‌മെന്റ് സർട്ടിഫിക്കറ്റിന് (പിപിസി) 30.25 പൗണ്ടിനും ഈ ഫ്രീസ് ബാധകമാണ്. എന്നാൽ, തവണകളായി അടയ്‌ക്കാവുന്ന 12 മാസത്തെ ചാർജ് 108.10 പൗണ്ടായി തുടരും.

ആഗോള വെല്ലുവിളികൾ രാജ്യം അഭിമുഖീകരിക്കുന്നതിനാൽ ജീവിതച്ചെലവിലെ വർദ്ധനവ് ഒഴിവാക്കാനാവില്ലെന്ന്, ജാവിദ് സൂചിപ്പിച്ചു. പണപ്പെരുപ്പത്തെ പൂർണ്ണമായും തടയാൻ കഴിയില്ലെങ്കിലും, സഹായിക്കാൻ കഴിയുന്നവിധത്തിലുള്ള എല്ലാ കാര്യങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഗാർഹിക ബജറ്റുകളിലെ സമ്മർദ്ദം ലഘൂകരിക്കാനുള്ള നടപടികൾ കൊണ്ടുവരാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മന്ത്രിമാരോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രഖ്യാപനം. വരുമാനം, പ്രായം, അല്ലെങ്കിൽ മരുന്നുകളുടെ തരം എന്നിവ കാരണം സൗജന്യ പ്രിസ്ക്രിപ്ഷൻ യോഗ്യത നേടാത്ത ആളുകൾക്ക്, ഏതൊക്കെ മരുന്നുകളാണ് നിർബന്ധമായും വാങ്ങേണ്ടത് എന്ന് ജീവിതച്ചെലവ് വർദ്ധിച്ച ഈ സാഹചര്യത്തിൽ തീരുമാനിക്കേണ്ടി വരുമെന്ന്, റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റിയിലെ ക്ലെയർ ആൻഡേഴ്സൺ അഭിപ്രായപ്പെട്ടു. ചികിത്സ ആവശ്യമായതുകൊണ്ടാണ് ആ മരുന്നുകൾ നിർദ്ദേശിക്കപ്പെട്ടത്, പക്ഷേ, ഈ സാഹചര്യത്തിൽ ആളുകൾ ശരിയായ ചികിത്സ എടുക്കാൻ പ്രാപ്തരാകണമെന്നില്ല എന്നും അവർ സൂചിപ്പിച്ചു.

സൗജന്യ പ്രിസ്ക്രിപ്ഷനുകൾക്ക് യോഗ്യത നേടിയവരുടെ പട്ടിക സർക്കാർ അവലോകനം ചെയ്യണമെന്ന്, ഫ്രീസിംഗ് സ്വാഗതം ചെയ്ത പ്രിസ്‌ക്രിപ്ഷൻ ചാർജസ് കോയലിഷൻ ചെയർവുമൺ ലോറ കോക്രം പറഞ്ഞു. 50 വർഷങ്ങൾക്ക് മുമ്പ് എച്ച്ഐവി പോലുള്ള അവസ്ഥകൾ നിലവിലില്ലായിരുന്നുവെന്നും ഒരു സമയത്ത് ആസ്ത്മ, പാർക്കിൻസൺസ്, എംഎസ് എന്നിവയ്ക്ക് ജീവൻ രക്ഷാ ചികിത്സകൾ ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു.

സ്റ്റേജ് പെൻഷൻ പ്രായത്തിന് അനുസൃതമായി, പുരുഷന്മാർക്കും സ്ത്രീകൾക്കും സൗജന്യ പ്രിസ്ക്രിപ്ഷന് പ്രായം 60 ൽ നിന്ന് 66 ആയി വർദ്ധിപ്പിക്കാൻ ഗവൺമെൻ്റ് അടുത്തിടെ നിർദ്ദേശിച്ചെങ്കിലും ഇക്കാര്യത്തിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് ഡിഎച്ച്എസ്‌സി പറഞ്ഞു. ഭൂരിപക്ഷം മരുന്നുകളും നിർദ്ദേശിക്കപ്പെടുന്നത് പ്രായമായ ആളുകൾക്കാണ്, ഒന്നിലധികം മെഡിക്കൽ അവസ്ഥകൾ ഉണ്ടാകാൻ സാധ്യതയുള്ളവരും അവരാണ്. അതിനാൽ, ചെലവുകൾ കൂടുന്നത് ജീവിത പ്രതിസന്ധി കൂടുതൽ ബുദ്ധിമുട്ടാക്കുമെന്ന് ജിപി ഡോ. സാറാ ജാർവിസ് പറഞ്ഞു.
 

Other News