Wednesday, 22 January 2025

ജിസിഎസ്ഇ, എ-ലെവൽ എക്സാം ഇൻവിജിലേറ്റർമാരുടെ എണ്ണത്തിൽ കുറവ്. രക്ഷിതാക്കളോടും മേൽനോട്ടം വഹിക്കാൻ ആവശ്യപ്പെടും.

കോവിഡ്  ഭീതി  മൂലം 'ജിസിഎസ്ഇ, എ-ലെവൽ പരീക്ഷാ ഇൻവിജിലേറ്റർമാരുടെ എണ്ണത്തിൽ വൻകുറവ് ഉണ്ടെന്നും സമ്മർ സ്കൂൾ പരീക്ഷകൾ ഇതു മൂലം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും  പ്രധാന അധ്യാപകർ മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ മറ്റു ജീവനക്കാരെ ഇൻവിജിലേറ്റർമാരായി  നിയമിക്കുകയാണ് ചെയ്യുന്നതെന്ന് അസോസിയേഷൻ ഓഫ് സ്കൂൾ ആൻഡ് കോളേജ് ലീഡേഴ്‌സ് (എ എസ് സി എൽ) പറഞ്ഞു. ചില സ്‌കൂളുകളിൽ രക്ഷിതാക്കളോടും പരീക്ഷകൾക്ക് മേൽനോട്ടം വഹിക്കാൻ ആവശ്യപ്പെടുന്നുണ്ട്.

എന്നാൽ, സ്കൂളുകളോടും പരീക്ഷ കേന്ദ്രങ്ങളോടും അപ്രതീക്ഷിതമായ സംഭവ വികാസങ്ങളെ മറികടക്കാനുള്ള മറ്റു മാർഗങ്ങൾ  ഏർപ്പെടുത്തണമെന്ന അറിയിപ്പ് നേരത്തെ തന്നെ കൊടുത്തിട്ടുള്ളതുകൊണ്ട് പരീക്ഷകളെ ബാധിക്കുന്ന വലിയ തടസ്സങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് എഡ്യൂക്കേഷൻ വക്താവ് അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷത്തെ മൂല്യനിർണ്ണയങ്ങൾ പാൻഡെമിക് കാരണം റദ്ദാക്കിയതു മൂലം ഈ ആഴ്ച ആദ്യമായി വ്യക്തിഗത എ-ലെവലുകളിലും ജിസിഎസ്ഇകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികൾ പതിവിലും കൂടുതലാണ്. കോവിഡിനെക്കുറിച്ച് ആശങ്കാകുലരായതിനാലോ മറ്റ് ജോലികളിലേക്ക് മാറിയതിനാലോ കുറെയധികം ഇൻവിജിലേറ്റർമാർക്ക് പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കാൻ താല്പര്യമില്ല എന്ന് യൂണിയനുകൾ അറിയിച്ചു.

കടുത്ത ഉത്കണ്ഠയുള്ള വലിയ ശതമാനം വിദ്യാർത്ഥികൾ പ്രത്യേക മുറികളിൽ പരീക്ഷ എഴുതാൻ ആവശ്യപ്പെടുന്നതിനാലും ഇൻവിജിലേറ്റർമാർക്ക് ഉയർന്ന ഡിമാൻഡാണ് നിലവിലുള്ളത്. ചില സ്കൂളുകൾ രക്ഷിതാക്കളോട് ഇൻവിജിലേറ്റർമാരായി വരാൻ ആവശ്യപ്പെടുന്നുണ്ട്. അതേസമയം എ എസ് സി എൽ പറയുന്നത് മറ്റു സ്കൂളുകൾക്ക് അവരുടെ മറ്റ് സ്റ്റാഫ് അംഗങ്ങളെ പരിശീലിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലെന്നാണ്. ചില സ്കൂളുകളിൽ ലൈബ്രറേറിയൻമാരെയും അവരുടെ ജോലിയേയും ജോലി സമയത്തെയും ബാധിക്കാത്ത വിധത്തിൽ സമയം ക്രമീകരിച്ച് ഇൻവിജിലേറ്ററായി നിയമിച്ചിട്ടുണ്ട്.

ഇൻവിജിലേറ്റർമാരുടെ കുറവ് കാരണം, സ്കൂളുകൾക്ക് അവരുടെ സ്വന്തം സ്റ്റാഫിനെ പരിശീലിപ്പിക്കുകയും സാധാരണ ജോലികളിൽ നിന്ന് അവരെ പുനർവിന്യസിക്കുകയും ചെയ്യുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് എ സി എസ് എൽ- ന്റെ ജനറൽ സെക്രട്ടറി ജെഫ് ബാർട്ടൺ പറഞ്ഞു. സാധാരണയായി, ഓരോ 30 വിദ്യാർത്ഥികൾക്കും ഒരു ഇൻവിജിലേറ്റർ എഴുത്തുപരീക്ഷയിൽ ഹാജരാകണം, എന്നാൽ ഇൻവിജിലേറ്റർമാർ കുറവുള്ളതിനാൽ ഈ നിബന്ധന 40-ന് ഒരാൾക്ക് എന്ന നിലയിൽ ഇളവ് ചെയ്തിട്ടുണ്ട്.

മതിയായ ഇൻവിജിലേറ്റർമാരെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ പരീക്ഷകൾ വൈകിപ്പിക്കുകയോ വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തിരിക്കുകയോ ചെയ്യാമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം ഉണ്ട്. 2020-ലും 2021-ലെയും വേനൽക്കാല പരീക്ഷകൾ റദ്ദാക്കിയതിനെത്തുടർന്ന് പല അംഗങ്ങളും മുമ്പ് പരീക്ഷാ സീസൺ എക്സ്പീരിയൻസ് ചെയ്തിട്ടില്ലെന്ന് നാഷണൽ അസോസിയേഷൻ ഓഫ് എക്സാംസ് ഓഫീസേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജുഗ്ജിത് ചിമ പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇൻവിജിലേറ്റർമാരെ പരിശീലിപ്പിച്ചാൽ, വ്യക്തമായ ധാരണയില്ലാത്തതിനാൽ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയം ഉണ്ടാകാമെന്ന സന്ദേഹവും അദ്ദേഹം പങ്കുവെച്ചു.

കോവിഡ് സാഹചര്യം കാരണം പലരും ഇൻവിജിലേറ്റർ ഡ്യൂട്ടിക്ക് വരാൻ ഭയക്കുകയാണ്. എന്നാൽ, ഇൻവിജിലേറ്റർമാരെ സുരക്ഷിതമാക്കുന്നതിൽ ചില സ്കൂളുകളും കോളേജുകളും എടുത്ത പരിശ്രമങ്ങളെ പരീക്ഷാ ബോർഡുകൾ പൂർണ്ണമായി അഭിനന്ദിക്കുന്നതായി ജോയിന്റ് കൗൺസിൽ ഫോർ ക്വാളിഫിക്കേഷന്റെ വക്താവ് പറഞ്ഞു. ഒഴിവുകൾ നികത്താൻ സോഷ്യൽ മീഡിയ, പേരന്റ് ന്യൂസ് ലെറ്ററുകൾ, ഇൻവിജിലേറ്റർ ഒഴിവുകളും റിക്രൂട്ട്‌മെന്റ് മാപ്പും ഉപയോഗിക്കാനും സ്‌കൂളുകൾ താത്പര്യം കാണിച്ചു.

Other News