പ്രിയപ്പെട്ട സതി ചേച്ചിയ്ക്ക് ലിങ്കൺ ഷയർ ഗെയിൻസ്ബറോയിലെ മലയാളി സമൂഹം വേദനയോടെ വിട നല്കി. മൃതദേഹം ഞായറാഴ്ച ചെങ്ങന്നൂരിൽ സംസ്കരിക്കും.
വേദനയോടെ പ്രിയപ്പെട്ട സതി ചേച്ചിയ്ക്ക് ഗെയിൻസ്ബറോയിലെ മലയാളി സമൂഹം ഇന്ന് വിട നല്കി. 25 ൽ താഴെ മാത്രം മലയാളി കുടുംബങ്ങൾ താമസിക്കുന്ന ഗെയിൻസ് ബറോയിലെ കൊച്ചു സമൂഹത്തിലെ ഏറ്റവും മുതിർന്ന അംഗമായിരുന്നു ഏവരും ബഹുമാനിച്ചിരുന്ന സതി ചേച്ചി. 17 വർഷക്കാലത്തോളം ഒന്നിച്ച് ജീവിച്ച ഒരു വലിയ കുടുംബത്തിൽ ഉണ്ടായ വിയോഗത്തിൻ്റെ ദുഃഖത്തിലാണ് ഇവിടുത്തെ മലയാളികൾ. ഗെയിൻസ്ബറോയിലേയ്ക്ക് ആദ്യമായി എത്തിയ മലയാളി നഴ്സുമാരിൽ ഒരാളായിരുന്നു സതി ചേച്ചി. ക്യാൻസർ ബാധിതയായെങ്കിലും ചികിത്സയിലൂടെ ജീവിതത്തിലേയ്ക്ക് വീണ്ടും മടങ്ങി വരാൻ ശ്രമിക്കവേയാണ് സതി ചേച്ചിയുടെ ആകസ്മികമായ അന്ത്യമുണ്ടായത്.
ഇന്ന് ഗെയിൻസ്ബറോയിലെ മാർഷൽ സ്പോർട്സ് ക്ളബ് ഹാളിൽ സതി ചേച്ചിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചു. സതി ചേച്ചിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനും അവസാനയാത്ര അയയ്ക്കാനും മലയാളി കുടുംബങ്ങൾക്കൊപ്പം സതി ചേച്ചി ജോലി ചെയ്ത സ്ഥലങ്ങളിൽ നിന്നുള്ള നിരവധി സ്റ്റാഫുകളും എത്തിയിരുന്നു. സതി ചേച്ചിയുടെ മരണവാർത്ത അറിഞ്ഞപ്പോൾ മുതൽ തന്നെ കുടുംബത്തെ ആശ്വസിപ്പിക്കാനും മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യാനുമായി ഗെയിൻസ്ബറോയിലെ മലയാളി സമൂഹം ഒരുമയോടെ പ്രവർത്തിച്ചു. ഗെയിൻസ്ബറോ മലയാളി സമൂഹത്തിൽ നിന്നുള്ള നിരവധി പേർ സതി ചേച്ചിയെ അനുസ്മരിച്ച് സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. സ്വന്തം അമ്മയുടെ ഓർമ്മകൾ മകൻ വിപിൻ കുമാറും പങ്കുവച്ചു.
റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനായ ചെങ്ങന്നൂർ മുളക്കുഴ കോട്ട ശ്രീശൈലം വീട്ടിൽ വേണുഗോപാലാണ് ഭർത്താവ്. മെയ് 18 ബുധനാഴ്ച ഹൾ കാസിൽ ഹിൽ ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. 63 വയസായിരുന്നു. മകൻ വിപിൻ കുമാറിനും ഭാര്യ പാർവ്വതി വിപിനും കൊച്ചുമകൻ അവതീഷിനുമൊപ്പം ഗെയിൻസ്ബറോയിൽ ആണ് താമസിച്ചിരുന്നത്.
ശനിയാഴ്ച ബിർമ്മിങ്ങാം എയർപോർട്ടിൽ നിന്ന് മൃതദേഹം ഫ്ളൈറ്റിൽ നാട്ടിലേയ്ക്ക് കൊണ്ടു പോകും. കുടുംബാംഗങ്ങൾ മൃതദേഹത്തെ അനുഗമിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ചെങ്ങന്നൂരിൽ മൃതസംസ്കാരം നടക്കും.