Monday, 23 December 2024

യുകെയിൽ താപനില 30 ഡിഗ്രി സെൽഷ്യസിലേയ്ക്ക്... ലെവൽ 3 ഹീറ്റ് ഹെൽത്ത് അലർട്ട്  പുറപ്പെടുവിച്ചു. കുട്ടികൾക്ക് കടുത്ത ചൂടിൽ നിന്ന് സംരക്ഷണം നൽകണമെന്ന് മാതാപിതാക്കൾക്ക് നിർദ്ദേശം.

യുകെയുടെ വിവിധ ഭാഗങ്ങളിൽ താപനില 30 ഡിഗ്രി സെൽഷ്യസിലേയ്ക്ക് എത്തുമെന്ന് മെറ്റ് ഓഫീസ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ലെവൽ 3 ഹീറ്റ് ഹെൽത്ത് അലർട്ട്  പുറപ്പെടുവിച്ചു. ഈ വീക്കെൻഡിൽ ഉയരുന്ന താപനില അടുത്തയാഴ്ചയിലും തുടരുമെന്നാണ് സൂചന. ലണ്ടനിലെ സെൻ്റ് ജെയിംസ് പാർക്കിൽ 28.5 ഡിഗ്രി താപനില ഇന്നലെ രേഖപ്പെടുത്തി. ഇംഗ്ലണ്ടിൻ്റെ ഈസ്റ്റ്, സൗത്ത് ഭാഗങ്ങളിൽ ലെവൽ 3 ഹീറ്റ് ഹെൽത്ത് അലർട്ടും മറ്റു പ്രദേശങ്ങളിൽ ലെവൽ 2 അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 11 തിങ്കൾ മുതൽ ജൂലൈ 15 വെള്ളിയാഴ്ച വരെ അലർട്ട് നിലവിലുണ്ടാകും. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ അൾട്രാവയലറ്റ് രശ്മികളുടെ കൂടിയ പ്രസരണം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

കുട്ടികൾക്ക് കടുത്ത ചൂടിൽ നിന്ന് സംരക്ഷണം നൽകണമെന്ന് വിവിധ ഹെൽത്ത് ഏജൻസികൾ മാതാപിതാക്കൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. കൂടുതൽ സമയം  നേരിട്ട് സൂര്യരശ്മികൾ ദേഹത്ത് പതിക്കുന്നത് ഒഴിവാക്കണം. തണലിൽ വിശ്രമിക്കുകയും ധാരാളം പാനീയങ്ങൾ കുടിക്കുകയും വേണം. ലൈറ്റ് കളറിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും സൺസ് സ്ക്രീൻ ഉപയോഗിക്കുകയും ചെയ്യണം. ആരോഗ്യ പ്രശ്നങ്ങളുള്ള മുതിർന്നവരും മുൻകരുതലുകൾ എടുക്കണം.

കടുത്ത ചൂടിനെത്തുടർന്ന് ജലത്തിൻ്റെ ഉപയോഗത്തിൽ വൻ വർദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ പലയിടങ്ങളിലും വാട്ടർ പ്രെഷർ താഴാനിടയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
 

Other News