Monday, 13 January 2025

യുകെയിൽ കോവിഡ് ബാധിതരുടെ എണ്ണം 2.7 മില്യണായി. ഒമിക്രോൺ സബ് വേരിയൻറുകളായ  BA.4, BA.5 വും വ്യാപന നിരക്കുയർത്തുന്നു.

യുകെയിൽ കോവിഡ് ബാധിതരുടെ എണ്ണം 2.7 മില്യണായി ഉയർന്നെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ONS) ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കി. രാജ്യത്തുടനീളം കോവിഡ് ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിൽ ഏകദേശം 30-ൽ ഒരാൾക്കാണ് വൈറസ് ബാധ കണക്കാക്കിയിരുന്നതെങ്കിൽ ഇപ്പോൾ 25-ൽ ഒരാൾക്ക് എന്ന നിലയിലേക്കാണ്  ഉയർന്നിരിക്കുന്നത്.

ഒമിക്‌റോണിന്റെ അതിവേഗം വ്യാപിക്കുന്ന ഉപ-വകഭേദങ്ങളായ  BA.4, BA.5 വൈറസുകളാണ് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരാനുള്ള കാരണം. മുമ്പ് കോവിഡ്  ബാധിച്ചവർക്കും വീണ്ടും രോഗം വരാനുള്ള സാധ്യത ഉണ്ട്.

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) ഏറ്റവും പുതിയ പഠനം പറയുന്നത്,  കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഗുരുതരമായ രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ്. കഴിഞ്ഞ ആറ് മാസമായി വാക്സിനോ ബൂസ്റ്ററോ എടുത്തിട്ടില്ലാത്ത 75 വയസ്സിന് മുകളിലുള്ളവർ, ഗുരുതരമായ രോഗങ്ങൾ പിടിപെടാൻ കൂടുതൽ സാധ്യതയുള്ള ആളുകൾ എന്നിവരോട് വാക്സിനോ ബൂസ്റ്ററോ എടുക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

എല്ലാ യുകെ രാജ്യങ്ങളിലും ഇംഗ്ലീഷ് റീജിയണലുകളിലും വിവിധ പ്രായ വിഭാഗങ്ങളിലും കോവിഡ് പ്രസരണത്തിൻ്റെ തുടർച്ചയായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന്, ഒഎൻഎസിൻ്റെ കോവിഡ് -19 അണുബാധ സർവേയിൽ പ്രവർത്തിക്കുന്ന സാറാ ക്രോഫ്റ്റ്സ് പറഞ്ഞു,

യുകെഎച്ച്എസ്എയിൽ നിന്നുള്ള പ്രത്യേക ഡാറ്റ പ്രകാരം, കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം എല്ലാ പ്രായത്തിലുമുള്ള ആളുകളിൽ വർധിച്ചിട്ടുണ്ട്. 75 വയസും അതിൽ കൂടുതലുമുള്ളവരിലാണ് ഏറ്റവും വലിയ വർദ്ധനവ്. യുകെയിലെ വീടുകളിൽ നിന്നുള്ള രോഗലക്ഷണങ്ങൾ ഉള്ളവരും ഇല്ലാത്തവരുമായ  ആയിരക്കണക്കിന് ആളുകളെ പരിശോധിച്ചാണ് സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നത്.    

75 വയസ്സിനു മുകളിലുള്ള ഏകദേശം 16% ആളുകൾക്ക് ഗുരുതരമായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന സ്പ്രിംഗ് ബൂസ്റ്റർ വാക്സിനുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന്, യുകെഎച്ച്എസ്എയിൽ നിന്നുള്ള ഡോ. മേരി റാംസെ പറഞ്ഞു. ബൂസ്റ്റർ വാക്സിൻ എടുക്കാത്ത പ്രായമായ ആളുകളിൽ 'പ്രതിരോധശേഷി ഗണ്യമായി കുറയാൻ' സാധ്യതയുണ്ടെന്നും അവർ അറിയിച്ചു.

കൊറോണ വൈറസിന്റെ ആൽഫ വേരിയൻ്റ് തരംഗത്തിൽ, 2021 ജനുവരിയിലെ റെക്കോർഡ് വർദ്ധനയായ 34,000-ത്തേക്കാൾ താഴെയാണ് ആശുപത്രിയിലെ കോവിഡ് രോഗികളുടെ നിലവിലുള്ള എണ്ണം.

ഇംഗ്ലണ്ടിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള കോവിഡ് രോഗികളുടെ എണ്ണം 217 ആയി ഉയർന്നു, ഇത് ജൂൺ തുടക്കത്തിൽ 111 ആയിരുന്നു. 2021 ജനുവരിയിൽ, 3,700-ലധികം ആളുകൾക്ക് തീവ്രപരിചരണം ആവശ്യമായിരുന്നു.

Other News