മോർട്ട്ഗേജ് അഫോർഡബിലിറ്റി ടെസ്റ്റ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒഴിവാക്കി. ലോൺ അപ്രൂവൽ ഇനി എളുപ്പമാകും. സെൽഫ് എംപ്ളോയിഡിനും ഫ്രീലാൻസ് വർക്കേഴ്സിനും നേട്ടം.
മോർട്ട്ഗേജ് അഫോർഡബിലിറ്റി ടെസ്റ്റ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒഴിവാക്കി. ഇന്ന് മുതൽ ഇളവ് നിലവിൽ വന്നു. ഇതു മൂലം മോർട്ട്ഗേജ് ലോൺ അപ്രൂവൽ ഇനി എളുപ്പമാകും. നിരവധി കടമ്പകൾ കടന്നുള്ള മോർട്ട്ഗേജ് അപ്രൂവലിൻ്റെ ഒരു ടെസ്റ്റാണ് ഒഴിവാക്കിയിരിക്കുന്നത്. സെൽഫ് എംപ്ളോയിഡിനും ഫ്രീലാൻസ് വർക്കേഴ്സിനുമായിരിക്കും ഇതുമൂലം ഏറെ മെച്ചം ലഭിക്കുന്നത്.
മോർട്ട്ഗേജ് ആപ്ളിക്കേഷൻ സമയത്ത് ലോണിന് അപേക്ഷിക്കുന്നവരുടെ മേൽ നടത്തുന്ന 2014ൽ നിലവിൽ വന്ന ഒരു സ്ട്രെസ് ടെസ്റ്റാണ് ഇന്നു മുതൽ നീക്കിയത്. ലോൺ കൃത്യമായി തിരിച്ചടയ്ക്കാൻ അപേക്ഷകന് കഴിവുണ്ടോയെന്ന് കണ്ടെത്തുന്ന ചെക്കുകൾ നടത്തിയതിനു ശേഷമാണ് മോർട്ട്ഗേജ് ലെൻഡർമാർ ലോൺ നൽകുന്നത്. എന്നാൽ നിലവിൽ ലോൺ നൽകുന്ന പലിശ നിരക്ക്, 3% കൂടി ഉയരുന്ന സാഹചര്യമുണ്ടായാൽ അപേക്ഷകന് തിരിച്ചടവ് സാധ്യമാക്കാനുള്ള വരുമാന സ്രോതസ് ഉണ്ടോയെന്ന മറ്റൊരു ടെസ്റ്റും നടത്താറുണ്ട്. ഈ ടെസ്റ്റിൽ നിരവധി അപേക്ഷകർ പരാജയപ്പെടുകയും ലോൺ ആപ്ളിക്കേഷൻ തിരസ്കരിക്കപ്പെടുകയും ചെയ്യാറുണ്ട്. ഈ ടെസ്റ്റാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മാറ്റിയിരിക്കുന്നത്.
എന്നാൽ ലോൺ ടു ഇൻകം ടെസ്റ്റ് കർശനമായി തന്നെ തുടരും. യോഗ്യതയില്ലാത്തവർക്ക് മോർട്ട്ഗേജുകൾ നൽകിയതിനെ തുടർന്ന് തിരിച്ചടവ് മുടങ്ങിയ നിരവധി കേസുകൾ 2008 ൽ വിവിധ ബാങ്കുകളെ സാമ്പത്തിക പ്രതിസന്ധിയിൽ എത്തിച്ചതിനെ തുടർന്നാണ് മോർട്ട്ഗേജ് വ്യവസ്ഥകൾ കർശനമാക്കിയത്.