Monday, 23 December 2024

എൻഎച്ച്എസിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന ഓവർസീസ് നഴ്സുമാരുടെയും ഡോക്ടർമാരുടെയും എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിൽ മുന്നറിയിപ്പുമായി യൂണിയനുകൾ

എൻഎച്ച്എസിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന വിദേശ മെഡിക്സിൻ്റെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടാകുന്നത് ആശങ്കാജനകമാണെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നല്കി. എൻഎച്ച്എസ് ഇംഗ്ലണ്ടിലേയ്ക്ക് പുതിയതായി റിക്രൂട്ട് ചെയ്യപ്പെടുന്ന യുകെ, ഇയു ഇതര  നഴ്സുമാരുടെയും ഡോക്ടർമാരുടെയും സംഖ്യ യുകെയിൽ നിന്നുള്ള റിക്രൂട്ടുകളെ അപേക്ഷിച്ച് കൂടുതലാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഹെൽത്ത് സർവീസിൽ ചേർന്ന 34% ഡോക്ടർമാരും വിദേശത്ത് നിന്നായിരുന്നു. 2014 ൽ ഇത് 18% മാത്രമായിരുന്നു. ഇത് ആരോഗ്യകരമായ ഒരു നയമല്ലെന്നാണ് യൂണിയനുകൾ ആശങ്ക പ്രകടിപ്പിക്കുന്നത്.

യുകെയിൽ ട്രെയിനിംഗ് പൂർത്തിയാക്കിയ 39,558 ഡോക്ടർമാരും നഴ്സുമാരും 2020-21 ൽ എൻഎച്ച്എസിൽ ചേർന്നു. 2014-15 നേക്കാളും 3,200 പേർ അധികം. എൻഎച്ച്എസിലെ 1.3 മില്യൺ വർക്ക് ഫോഴ്സിൽ യുകെ മെഡിക്സ് ഇപ്പോഴും എണ്ണത്തിൽ ന്യൂനപക്ഷമാണ്. ഹെൽത്ത് സർവീസിൽ ചേരുന്ന യുകെ ഡോക്ടർമാരുടെ എണ്ണത്തിൽ 2015 ൽ 69% കുറവ് വന്നത് കഴിഞ്ഞ വർഷം 58% ആയി. യുകെ നഴ്സുമാരുടെ എണ്ണം ഇക്കാലയളവിൽ 74% ത്തിൽ നിന്ന് 61% ആയി. യുകെയ്ക്കും ഇയുവിനും പുറത്തു നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന ഡോക്ടർമാരുടെ സംഖ്യ 18% ത്തിൽ നിന്ന് 34% ആയി ഉയർന്നു. ഇക്കാലയളവിൽ റിക്രൂട്ട് ചെയ്യപ്പെടുന്ന നഴ്സുമാരുടെ എണ്ണം 7% ത്തിൽ നിന്ന് 34% മായി കൂടുകയും ചെയ്തു.

ഇൻ്റർനാഷണൽ റിക്രൂട്ടുമെൻ്റിനെ ആനുപാതികമല്ലാതെ എൻഎച്ച്എസ് ആശ്രയിക്കുന്നതിൽ മാറ്റം വരുത്താൻ മന്ത്രിമാർ നടപടി സ്വീകരിക്കണമെന്നാണ് റോയൽ കോളജ് ഓഫ് നഴ്സിംഗിൻ്റെ ഡയറക്ടർ ഓഫ് ഇംഗ്ലണ്ട് പട്രീഷ്യ മാർക്വിസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ എൻഎച്ച്എസിൽ നിലവിൽ 110,000 ലധികം വേക്കൻസിൽ നികത്താതെ കിടക്കുന്നത് പേഷ്യൻ്റ് സേഫ്റ്റിയിൽ വീഴ്ചയ്ക്ക് കാരണമാകുന്നതായി എം.പിമാർ ഈയിടെ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

എൻഎച്ച്എസിലേയ്ക്ക് കൂടുതൽ ഓവർസീസ് റിക്രൂട്ടുകൾ എത്തുന്നുണ്ടെങ്കിലും കൊഴിഞ്ഞു പോകുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ടായിട്ടുണ്ട്. എൻഎച്ച്എസ് വിടുന്ന വിദേശ ഡോക്ടർമാരുടെ ശതമാനം 2015 ൽ 15 ആയിരുന്നത് 2021 ൽ 25 ആയി ഉയർന്നു. ബ്രിട്ടണിലെ കൂടിയ വിസ ഫീസും ഇമിഗ്രേഷൻ നിയമങ്ങളും ഓവർസീസ് മെഡിക്‌സിനെ മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്നതായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ചൂണ്ടിക്കാട്ടി.
 

Other News